| Wednesday, 4th January 2023, 10:11 pm

സഞ്ജുവിന് എട്ടിന്റെ പണി; അടുത്ത ടീം പ്രഖ്യാപിക്കും മുമ്പേ പുറത്തേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയിലെ ശേഷിക്കുന്ന മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിക്കാന്‍ സാധ്യതയില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആദ്യ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ നേരിട്ട പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ശ്രീലങ്കന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ സഞ്ജു ഒരു ആക്രോബാക്ടിക് ക്യാച്ചിന് ശ്രമിച്ചിരുന്നു. ഓവറില്‍ ശ്രീലങ്കന്‍ ബാറ്റര്‍ ഹര്‍ദിക് പാണ്ഡ്യയെ ഫ്‌ളിക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഉയര്‍ന്നുപങ്ങിയ പന്ത് കൈപ്പിടിയിലതുക്കാന്‍ സഞ്ജു ചാടിയെങ്കിലും ക്യാച്ച് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

സഞ്ജു ക്യാച്ച് കൈപ്പിടിയിലൊതുക്കിയെങ്കിലും താഴെ വീണതോടെ പന്ത് താരത്തിന്റെ കയ്യില്‍ നിന്നും തെറിച്ചുപോവുകയായിരുന്നു. അതിന് ശേഷവും താരം ഫീല്‍ഡിങ് തുടര്‍ന്നിരുന്നു.

ഇതിന് പുറമെ ഒരു ബൗണ്ടറി സേവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ താരം റഫായി സ്ലൈഡ് ചെയ്ത് വീഴുകയും ചെയ്തിരുന്നു. താഴെ വീണതിന് ശേഷം കാല്‍മുട്ടില്‍ വേദന കൊണ്ട് തടവുന്നതും കാണാമായിരുന്നു.

മത്സരം പൂര്‍ത്തിയാക്കിയെങ്കിലും മത്സരശേഷം കാല്‍മുട്ടിന് വീക്കം അനുഭവപ്പെട്ടതോടെ താരം മെഡിക്കല്‍ അഡൈ്വസ് സ്വീകരിക്കുകയായിരുന്നു.

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മത്സരത്തിനായി സഞ്ജു ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ല. സ്‌കാനിങ്ങിനായി സഞ്ജു മുംബൈയില്‍ തന്നെ തുടരുകയാണെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാറ്റിങ്ങില്‍ താരം മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ആറ് പന്തില്‍ നിന്നും കേവലം അഞ്ച് റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. അനാവശ്യ ഷോട്ട് കളിച്ചായിരുന്നു താരത്തിന്റെ മടക്കം.

ഗില്ലും സൂര്യകുമാര്‍ യാദവും ഒറ്റയക്കത്തിന് പുറത്തായതിന് പിന്നാലെയാണ് സഞ്ജു കളത്തിലിറങ്ങിയത്. എന്നാല്‍ ഇരുവരെയും പോലെ സഞ്ജുവും ഒറ്റയക്കത്തിന് മടങ്ങുകയായിരുന്നു.

സ്ഥിരമായി ബെഞ്ചിലിരിക്കേണ്ടി വന്നതിന് ശേഷം ലഭിച്ച അവസരം മുതലാക്കാന്‍ സാധിക്കാതെ പോയ സഞ്ജുവിനെ അടുത്ത മത്സരത്തില്‍ ബെഞ്ചിലിരുത്താനുള്ള സാധ്യതയാണുള്ളത്. ഇതുവരെ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാധിക്കാതെ പോയ രാഹുല്‍ ത്രിപാഠിയെ ചിലപ്പോള്‍ ടീം സഞ്ജുവന് പകരം പരിഗണിച്ചേക്കും.

അതേസമയം, അവസാന ഓവര്‍ വരെ ആവേശം നിറച്ച മത്സരമായിരുന്നു വാംഖഡെയില്‍ പിറന്നത്. മത്സരത്തിലെ അവസാന പന്തിലായിരുന്നു ഇന്ത്യയുടെ വിജയം. അവസാന ഓവറില്‍ 13 റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ പന്ത് അക്‌സര്‍ പട്ടേലിനെ ഏല്‍പിക്കുകയായിരുന്നു.

ഇരുപതാം ഓവറിലെ ആദ്യ പന്ത് വൈഡും രണ്ടാം പന്തില്‍ സിംഗിളും പിറന്നപ്പോള്‍ ആരാധകര്‍ അല്‍പം ഭയന്നു. എന്നാല്‍ തൊട്ടടുത്ത പന്ത് ഡോട്ട് ആക്കിക്കൊണ്ട് അക്‌സര്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കി. എന്നാല്‍ അവരുടെ നെഞ്ചിടിപ്പേറ്റിക്കൊണ്ട് അടുത്ത പന്ത് ഗ്യാലറിയിലെത്തി.

മൂന്ന് പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ തൊട്ടടുത്ത പന്ത് ഡോട്ട് ആക്കുകയും അഞ്ച്, ആറ് പന്തുകളില്‍ രണ്ട് റണ്ണൗട്ടുകളും പിറന്നതോടെ ഇന്ത്യ രണ്ട് റണ്‍സിന് വിജയിക്കുകയായിരുന്നു.

ഫൈനല്‍ സ്‌കോര്‍

ഇന്ത്യ: 162/5 (20)
ശ്രീലങ്ക: 160 (20)

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്ക് സാധിച്ചു.

Content Highlight: Injury, Sanju Samson may be ruled out for the second match

We use cookies to give you the best possible experience. Learn more