| Sunday, 9th July 2023, 10:21 pm

വിജയിച്ച ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടി! ക്യാപ്റ്റന്‍ തന്നെ പുറത്തേക്ക്? കാര്യങ്ങള്‍ പന്തിയല്ലെന്ന് സഹതാരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ വിജയിച്ച് ഇംഗ്ലണ്ട് ആഷസ് മോഹങ്ങള്‍ കൈവിടാതെ കാത്തിരിക്കുകയാണ്. ഹെഡിങ്‌ലി ഓവലില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചുകയറിയത്. ഓസീസ് ഉയര്‍ത്തിയ 251 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് 50ാം ഓവറില്‍ മറികടക്കുകയായിരുന്നു.

മത്സരം വിജയിച്ചെങ്കിലും അത്ര ശുഭകരമായ വാര്‍ത്തകളല്ല ഇംഗ്ലണ്ട് ക്യാമ്പില്‍ നിന്നും പുറത്തുവരുന്നത്. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ പരിക്കാണ് ഇംഗ്ലീഷ് പടയെ വലയ്ക്കുന്നത്. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം മുതല്‍ അദ്ദേഹം പരിക്കുമായാണ് കളത്തിലിറങ്ങിയത്.

താരത്തിന്റെ പരിക്കിനെ കുറിച്ച് സൂപ്പര്‍ താരം മോയിന്‍ അലി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്‌റ്റോക്‌സിന് പരിക്കേറ്റിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം മടങ്ങി വരുമെന്നുമാണ് മോയിന്‍ അലി പറഞ്ഞത്.

‘അദ്ദേഹത്തിന് കാര്യങ്ങള്‍ അത്രകണ്ട് സുഖകരമല്ല. ചെറിയ തോതിലുള്ള വിഷമം അദ്ദേഹം അനുഭവിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം അല്‍പം ടഫ് ക്യാരക്ടറാണ്. അദ്ദേഹം സുഖമായിരിക്കും,’ അലി പറഞ്ഞു.

മത്സരത്തില്‍ സ്റ്റോക്‌സ് മുടന്തി നടക്കുന്നതായി കാണപ്പെട്ടിരുന്നു. മൂന്നാം ടെസ്റ്റില്‍ ഒറ്റ ഓവര്‍ പോലും അദ്ദേഹം പന്തെറിയുകയും ചെയ്തിരുന്നില്ല.

സ്‌റ്റോക്‌സിന് പരിക്കേറ്റിട്ടുണ്ടെന്ന് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ ആതര്‍ട്ടണും വ്യക്തമാക്കിയിരുന്നു.

‘കഴിഞ്ഞ ദിവസം കാര്‍ പാര്‍ക്കിങ്ങിലേക്ക് നടക്കുമ്പോള്‍ അവന്‍ വളരെയധികം ക്ഷീണിതനായാണ് കാണപ്പെട്ടത്. മുടന്തി മുടന്തിയാണ് അവന്‍ നടന്നത്. അവന്‍ നൂറ് ശതമാനവും ഫിറ്റല്ല എന്ന കാര്യം ഉറപ്പാണ്.

എന്നാല്‍ നിങ്ങള്‍ മടങ്ങുമ്പോള്‍ 20,000ലധികം ആരാധകരുടെ ആര്‍പ്പുവിളികള്‍ കേള്‍ക്കുമ്പോളുള്ള അഡ്രിനാലിന്‍ റഷില്‍ പരിക്കിനെ കുറിച്ച് മറക്കുന്നു. മറ്റുള്ളവരേക്കാള്‍ സ്റ്റോക്‌സ് അത് മികച്ചതായി ചെയ്യുന്നവനാണ്. എന്നാല്‍ അവന്‍ പന്തെറിയുമെന്ന് എനിക്ക് തോന്നുന്നില്ല,’ എന്നാണ് ടെസ്റ്റിന്റെ മൂന്നാം ദിവസത്തിന് മുമ്പായി സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആതര്‍ട്ടണ്‍ പറഞ്ഞിരുന്നത്.

സ്റ്റോക്‌സിന്റെ പരിക്കിനെ കുറിച്ച് ഇ.സി.ബി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്റ്റോക്‌സിന്റെ ഫിറ്റ്‌നെസ് ആഷസിന്റെ വിധി തന്നെ മാറ്റിമറിക്കുമെന്നതിനാല്‍ ആരാധകരും വളരെയധികം ആശങ്കയിലാണ്. എന്നാല്‍ നാലാം ടെസ്റ്റിന് ഇനിയും ദിവസങ്ങള്‍ ഉണ്ട് എന്നതിനാല്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി തന്നെ ഗ്രൗണ്ടില്‍ മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ജൂലൈ 19നാണ് പരമ്പരയിലെ നാലാം മത്സരം. ഓള്‍ഡ് ട്രാഫോര്‍ഡാണ് വേദി.

മൂന്നാം മത്സരം വിജയിച്ച് പരമ്പര സജീവമാക്കിയ ഇംഗ്ലണ്ടിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയം കണ്ടെത്താനായാല്‍ ആഷസ് സ്വന്തമാക്കാം. എന്നാല്‍ ഇനിയുള്ള രണ്ട് മത്സരവും വിജയിക്കുകയോ, ഒരു മത്സരം മാത്രം വിജയിക്കുകയോ, രണ്ട് മത്സരം സമനിലയില്‍ കലാശിക്കുകയോ ചെയ്താല്‍ ഓസീസ് ആഷസ് സ്വന്തമാക്കും.

Content Highlight: Injury concerns of Ben Stokes

We use cookies to give you the best possible experience. Learn more