| Tuesday, 19th November 2019, 6:34 pm

'എന്നെ ബാരിക്കേഡുകളിലേക്ക് എടുത്തെറിഞ്ഞു'; സമരത്തിനിടെ പൊലീസില്‍ നിന്നു നേരിട്ട ക്രൂരതയെപ്പറ്റി സംസാരിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സമരത്തിനിടെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് ജെ.എന്‍.യു വിദ്യാര്‍ഥികള്‍. ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മാധ്യമങ്ങള്‍ വിദ്യാര്‍ഥികളെയല്ല, പൊലീസിനെയാണു ചോദ്യം ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.

ഒരു വിദ്യാര്‍ഥി പറഞ്ഞതിങ്ങനെ: ‘എന്നെ പൊലീസ് ബാരിക്കേഡുകളിലേക്ക് എടുത്തെറിയുകയായിരുന്നു. ലൈറ്റുകള്‍ ഓഫാക്കിയതിനു ശേഷമാണു വിദ്യാര്‍ഥികളെ അവര്‍ തല്ലിച്ചതച്ചത്. എന്റെ അരക്കെട്ടിലും കൈയിലും വിരലുകളിലും സാരമായി പരിക്കേറ്റിട്ടുണ്ട്.’

കാഴ്ചപരിമിതിയുള്ള ഒരു വിദ്യാര്‍ഥി പറഞ്ഞതിങ്ങനെ- ‘ലൈറ്റുകള്‍ ഓഫാക്കിയപ്പോള്‍ എന്നെ എന്റെ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, എന്നെ ഉപദ്രവിക്കില്ലെന്നും അവരോടു പോയിക്കോളാനും പൊലീസ് പറഞ്ഞതിനെത്തുടര്‍ന്ന് അവര്‍ പോയി. പക്ഷേ അവര്‍ പോയിക്കഴിഞ്ഞയുടന്‍ തന്നെ, എന്നെ വളരെ ക്രൂരമായി പൊലീസ് മര്‍ദ്ദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാധ്യമങ്ങള്‍ വിദ്യാര്‍ഥികളെയല്ല, പൊലീസിനെയാണു ചോദ്യം ചെയ്യേണ്ടത്. മോദി സര്‍ക്കാരിന് അധികാരത്തിലിരിക്കാന്‍ അര്‍ഹതയില്ല.’ ഫീസ് വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ എനിക്കെന്റെ ഡിഗ്രി പൂര്‍ത്തീകരിക്കാനാവില്ലെന്നായിരുന്നു മറ്റൊരു വിദ്യാര്‍ഥി പറഞ്ഞത്.

വിദ്യാര്‍ഥികളെ പിന്തുണച്ച് ജെ.എന്‍.യുവിലെ അധ്യാപകര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. കാഴ്ചയില്ലാത്തവരും ഭിന്നശേഷിക്കാരുമായ വിദ്യാര്‍ത്ഥികളെ പോലും പൊലീസ് മര്‍ദ്ദനത്തില്‍ നിന്നും ഒഴിവാക്കിയില്ലെന്നും വിദ്യാര്‍ഥികള്‍ക്കെതിരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്നും അധ്യാപകര്‍ പറഞ്ഞു.

സമാധാനം ഉറപ്പുവരുത്തുന്നതിനായി ജെ.എന്‍.യു.ടിഎയുടെ ഭാഗമായി പോയ അധ്യാപകരെപ്പോലും പൊലീസ് വെറുതെ വിട്ടില്ലെന്നും അധ്യാപകര്‍ ആണെന്ന് പൂര്‍ണബോധ്യമുണ്ടായിട്ടും പൊലീസ് ആക്രമിക്കുകയായിരുന്നെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും വൈദ്യചികിത്സ നല്‍കുന്നതില്‍ കാലതാമസമുണ്ടായി. ചില വിദ്യാര്‍ത്ഥികള്‍ ഗുരുതരമായ പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിലാണ്. ജെ.എന്‍.യു വൈസ് ചാന്‍സലറെ ആദ്യം നീക്കം ചെയ്യണമെന്നും ജെ.എന്‍.യു.ടി.എ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more