ഇനിയേസ്റ്റ മികച്ച താരം, ടോറസിന് ഗോള്‍ഡന്‍ ബൂട്ട്
DSport
ഇനിയേസ്റ്റ മികച്ച താരം, ടോറസിന് ഗോള്‍ഡന്‍ ബൂട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd July 2012, 9:13 am

കീവ് (യുക്രെയ്ന്‍):  സ്‌പെയിനിനെ യൂറോ ജേതാക്കളാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച ആന്ദ്രേ ഇനിയേസ്റ്റയെ യൂറോ 2012ലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ഫൈനല്‍ വരെ മികച്ച പ്രകടനം കാഴ്ചവെച്ച ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രി പിര്‍ലോയെ മറികടന്നാണ് 28 കാരനായ താരം ഈ നേട്ടത്തിലെത്തിയത്. സ്‌പെയിനിന്റെ തന്റെ ചാവി, സാബി അലോന്‍സോ എന്നിവരും അവസാന പട്ടികയിലുണ്ടായിരുന്നു.

രണ്ടു യൂറോ ഫൈനലുകളില്‍ ഗോള്‍ നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡിനുകൂടി ഉടമയായ ഫെര്‍ണാണ്ടോ ടോറസിനാണ് ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട്. ജര്‍മനിയുടെ മാരിയോ ഗോമസിനെയാണു ടോറസ് പിന്തള്ളിയത്. ഗോമസ് 280 മിനിറ്റ് കളിച്ചപ്പോള്‍, ടോറസ് 189 മിനിറ്റേ കളത്തിലുണ്ടായുള്ളൂ.

സാബി അലോന്‍സോ, സാവി ഹെര്‍ണാണ്ടസ്, ഇനിയേസ്റ്റ എന്നിവരും മികച്ച രീതിയിലാണ് കളിച്ചത്. സാവി കഴിഞ്ഞ തവണത്തെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടിയിരുന്നു. “ഇത്തവണയും സാവി എളുപ്പം അവാര്‍ഡിന് അര്‍ഹനാകുമായിരുന്നു. എന്നാല്‍, ഇനിയേസ്റ്റ അവാര്‍ഡ് അര്‍ഹിക്കുന്നുവെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. അത്ര മികച്ചതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം””.  യുവേഫ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആന്‍ഡി റോക്‌സ്ബര്‍ഗ് വിലയിരുത്തി.

2012 യൂറോയിലെ മികച്ച താരങ്ങളെ അണിനിരത്തിയുള്ള യുവേഫ ടീമിനെയും പ്രഖ്യാപിച്ചു. സ്‌പെയിന്‍ നിരയിലെ പത്തുപേര്‍  ടീമിലുണ്ട്.