ചെന്നൈ: സിനിമയുടെ ഓഡിയോ ലോഞ്ചിംഗിന് വരാതെ മാറി നിന്ന്തിന് മലയാളി നായിക ഇനിയക്കെതിരെ പൊട്ടിത്തെറിച്ച് മുതിര്‍ന്ന നടനും സംവിധായകനുമായ ഭാഗ്യരാജ്. സതുര അടി 3500 എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങില്‍ നിന്നുമാണ് കാരണം വ്യക്തമാക്കാതെ ഇനിയ മാറി നിന്നത്.
നവാഗതരായ ജോയിസണും നിഖില്‍ മോഹനും സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇനിയയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റഹ്മാനും ചിത്രത്തിലൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പരിപാടിയില്‍ പരസ്യമായിട്ടായിരുന്നു ഭാഗ്യരാജിന്റെ പ്രതികരണം.
” ചിത്രത്തില്‍ ഒരു പാട്ട് മാത്രം ചെയ്തിട്ടുള്ള മേഘ്‌ന മുകേഷ് അടക്കം ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ചിത്രത്തിലെ നായിക യാതൊരു കാരണവുമില്ലാതെ മാറി നില്‍ക്കുകയാണ്. നഷ്ടം അവര്‍ക്കുമാത്രമാണ് ക്രൂവിനല്ല. പ്രൊമോഷണല്‍ ഇവന്റുകളില്‍ പങ്കെടുക്കുക എന്നത് ഓരോ ആര്‍ട്ടിസ്റ്റിന്റേയും ഉത്തരവാദിത്വമാണ്.” എന്നായിരുന്നു ഭാഗ്യരാജിന്റെ പ്രതികരണം.
സംവിധായകനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ രാഹുലും ഇനിയക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. “ഫീമെയില്‍ സെന്റ്രിക്കായ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ നിന്നും നായിക മാറി നില്‍ക്കുന്നത് ശരിയല്ല. ഫോണ്‍ ചെയ്തപ്പോള്‍ എടുത്തതുമില്ല. ഈ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല. ചിത്രത്തിന്റെ നിര്‍മ്മാതാവിനോട് മറുപടി പറയാന്‍ ഇനിയ ബാധ്യസ്ഥയാണ്.” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാല്‍ തന്റെ അസാന്നിധ്യത്തെ കുറിച്ച് ഇനിയ ഇതുവരേയും പ്രതികരിച്ചിട്ടില്ല.