| Friday, 11th May 2018, 12:37 pm

'നെയ്മര്‍ ബാഴ്‌സിലേക്ക് തിരിച്ചുവരുമോ?'; വിചിത്രമായ കാര്യമെന്ന് ഇനിയേസ്റ്റ

സ്പോര്‍ട്സ് ഡെസ്‌ക്

നൗകാമ്പ്: ബ്രസീല്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ഇനി ബാഴ്‌സലോണയിലേക്ക് തിരിച്ചുവരുമെന്നത് വിചിത്രമായ കാര്യമായിരിക്കുമെന്ന് ഇനിയെസ്റ്റ. നെയ്മറുടെ തിരിച്ചുവരവ് അപൂര്‍വമായി മാത്രമെ സംഭവിക്കാന്‍ സാധ്യതയുള്ളൂവെന്നും ഇനിയെസ്റ്റ പറഞ്ഞു.

” നെയ്മര്‍ തിരിച്ചുവരുന്നതുകൊണ്ട് ഡ്രെസിംഗ് റൂമില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമെന്ന് കരുതുന്നില്ല. എന്നാല്‍ എന്നെ സംബന്ധിച്ച് അത് വിചിത്രമായാണ് തോന്നുന്നത്.”

ഈ സീസണോടെ കളി അവസാനിപ്പിക്കാനാണ് ഇനിയെസ്റ്റയുടെ തീരുമാനം. ഇനിയെസ്റ്റയ്ക്കു പകരം അത്‌ലറ്റികോ മാഡ്രിഡിന്റെ താരം അന്റോണിയെ ഗ്രീസ്മാനെയാണ് ബാഴ്‌സ നോട്ടമിട്ടിരിക്കുന്നത്.

അന്റോണിയെ ഗ്രീസ്മാന്‍

ഗ്രീസ്മാന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും ഇനിയേസ്റ്റ പറഞ്ഞു.

അതേസമയം നെയ്മര്‍ വീണ്ടും ക്ലബ് മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റയലിലേക്കാണ് നെയ്മര്‍ പോകാന്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

റയല്‍ മാഡ്രിഡ് കളിക്കാരനായിരുന്ന ജര്‍മ്മനിയുടെ മുന്‍ പ്രതിരോധ താരം പോള്‍ ബ്രെയ്റ്റ്നറുടെ ഒരു ചാനല്‍ അഭിമുഖത്തിലെ പരാമര്‍ശമാണ് നെയ്മറുടെ ക്ലബ്മാറ്റ വാര്‍ത്ത വീണ്ടും ചൂടുപിടിക്കാന്‍ കാരണം.

ALSO READ:  മിസ്റ്റര്‍ പന്ത്…ഇതെന്ത് തരം ഷോട്ടാണ്..?; ഭുവിക്കെതിരെ വ്യത്യസ്തമായ ഷോട്ടിലൂടെ ബൗണ്ടറി നേടി ഋഷഭ് പന്ത്, ചിരിയടക്കാനാകാതെ സഹതാരങ്ങള്‍, വീഡിയോ

അടുത്ത സീസണില്‍ നെയ്മര്‍ റയലിന്റെ അവിഭാജ്യഘടകമായേക്കാം എന്നായിരുന്നു ബ്രെയ്റ്റനറുടെ പരാമര്‍ശം. സിദാന്റെ റയലുമായി നെയ്മര്‍ ബന്ധപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റിലാണ് റെക്കോര്‍ഡ് തുകയ്ക്ക് നെയ്മര്‍ പി.എസ്.ജിയിലെത്തിയത്. കാല്‍പ്പാദത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ നെയ്മര്‍ കഴിഞ്ഞ ആഴ്ചയാണ് പാരീസിലേക്ക് മടങ്ങിയത്.

പി.എസ്.ജിയില്‍ നെയ്മര്‍ സന്തുഷ്ടനല്ലെന്ന തരത്തില്‍ നേരത്തെ വാര്‍ത്ത വന്നിരുന്നു. 222 മില്യണ്‍ ഡോളറിനായിരുന്നു പി.എസ്.ജി ബാഴ്സലോണയില്‍ നിന്ന് നെയ്മറെ സ്വന്തമാക്കിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more