കവിത: വഹീദ് സമാന്‍ | വര: മജ്‌നി
അഭയാര്‍ത്ഥികളെയുമായി
ഹംഗറിയില്‍നിന്ന് ഓസ്ട്രിയയിലേക്കുള്ള
അവസാന ബസും പോയ്ക്കഴിഞ്ഞിട്ടുണ്ടാകും..
ബുഡാപെസ്റ്റില്‍നിന്ന് മ്യൂണികിലേക്കുള്ള
തീവണ്ടിയിയിലിപ്പോള്‍ അഭയം തേടിയുള്ള
യാത്രക്കാരുണ്ടാകില്ല….
ഹംഗറിയിലെ അതിര്‍ത്തി വേലികളിലെ
മുള്ളുകള്‍ക്കിപ്പോള്‍ നോവുന്നുണ്ടാകില്ല…
കുഞ്ഞുങ്ങളുടെ ദേഹമുരഞ്ഞ്
മുള്ളുകള്‍ കരയുന്നുണ്ടാകില്ല…
മുള്‍കമ്പികളില്‍നിന്ന്
ചോര പൊടിയുന്നുണ്ടാകില്ല..
ഇതുവഴി നൂണ്ടുകയറാനിപ്പോള്‍
അഭയാര്‍ത്ഥികള്‍ വരുന്നില്ലല്ലോ…
മാലാഖക്ക് മനുഷ്യനാകാം…
ഇപ്പോള്‍
മനുഷ്യന്‍ മാലാഖയായിരിക്കുന്നു.
കൊബാനിയിലെ ഖബറിടത്തില്‍
മനുഷ്യന്‍ മാലാഖമാര്‍ക്ക് കാവലിരിക്കുന്നു…
ഉറങ്ങുകയായിയിരുന്ന ലോകത്തിന്റെ
കണ്ണു തുറപ്പിച്ച മൂന്നു മാലാഖമാര്‍ക്ക്..
ഐലനും ഗാലിപും ഉമ്മ റൈഹാനയും..
ഖബറിലേക്ക് വെക്കുമ്പോള്‍
അവര്‍ പറയുന്നുണ്ടായിരുന്നു…
എന്തൊരു ഭാരമെന്ന്..
അല്ലെങ്കിലും ചെറിയ
മയ്യിത്ത് കട്ടിലിനാണ് ഭാരം കൂടുതല്‍…
അതില്‍ ഒരായുസിന്റെ
സ്വപ്നങ്ങള്‍ കൂടിയുണ്ടല്ലോ…