| Friday, 27th September 2024, 10:56 pm

വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ സംയുക്തമായി വികസിപ്പിക്കും; ചര്‍ച്ച നടത്തി ഇന്ത്യയും ഭൂട്ടാനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിങ്ഫു: രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി ഇന്ത്യയും ഭൂട്ടാനും. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ചര്‍ച്ചയുടെ വിവരങ്ങള്‍ പങ്കുവെച്ചത്.

ഇന്ത്യന്‍ വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്വാളും ഭൂട്ടാനിലെ വ്യവസായ, വാണിജ്യ, തൊഴില്‍ മന്ത്രാലയ സെക്രട്ടറി ദാഷോ താഷി വാങ്‌മോയും തിങ്ഫുവില്‍വെച്ച് നടത്തിയ യോഗത്തിലാണ് വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം.

കോക്രജാര്‍-ഗെലഫു, ബാനാര്‍ഹത്-സമത്സെ എന്നിവിടങ്ങളിലൂടെയുള്ള റെയില്‍ ലിങ്കുകളും ജയ്‌ഗോണ്‍ ഫ്യൂന്‍ഷോളിംങില്‍ സംയോജിത ചെക്‌പോസ്റ്റും സ്ഥാപിക്കുമെന്നും ചര്‍ച്ചയില്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

ചെക്‌പോസ്റ്റ് കൂടാതെ അതിര്‍ത്തി കടന്നുള്ള കണക്റ്റിവിറ്റി ഇന്‍ഫ്രാസ്ട്രക്ചറിന്റെ വികസനം പെട്ടന്നാക്കാനും തീരുമാനിച്ചതായും വിദേശമന്ത്രാലയത്തിന്റെ പ്രസാതാവനയില്‍ പറയുന്നു.

ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് സ്‌ക്രാപ്പുകള്‍ ഇറക്കുമതി ചെയ്യുന്നതിനായുള്ള ലാന്റ് കസ്റ്റംസ് സ്റ്റേഷന്റെ വിജ്ഞാപനത്തിനെ കുറിച്ചും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ബോര്‍ഡര്‍ ഹാറ്റ്‌സ് സ്ഥാപിക്കുക, വ്യാപാരികളുടെ സഞ്ചാരം സുഗമമാക്കുക, ഭൂട്ടാനില്‍ നിന്നും ഇന്ത്യയിലേക്കുളള ഇറക്കുമതികള്‍ പരിഗണിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളും പ്രസ്താവനയില്‍ വ്യക്തമാക്കി.

ഭൂട്ടാനില്‍ നിന്നുമുള്ള ഇറക്കുമതികളില്‍ തടികളുടെ ഇറക്കുമതി ഉള്‍പ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളുടെയും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റികള്‍ തമ്മിലുള്ള കരാറിന്റെ അംഗീകാരത്തെ കുറിച്ചും ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

Content Highlight: infrastructure will be jointly developed to promote trade ties; INDIA AND BHUTAN held talks

Latest Stories

We use cookies to give you the best possible experience. Learn more