ന്യൂദല്‍ഹി: എയര്‍ ഇന്ത്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍. സീറ്റ് ക്രമീകരണത്തില്‍ പിഴവുണ്ടായതിനെ തുടര്‍ന്നാണ് കേന്ദ്ര കൃഷി മന്ത്രി എയര്‍ ഇന്ത്യക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
എയര്‍ ഇന്ത്യ യാത്രക്കാരെ വഞ്ചിക്കുകയാണോയെന്നും തനിക്കനുവദിച്ചിരുന്ന സീറ്റ് പൊട്ടിയിരുന്നെന്നും ഇരിക്കാന്‍ അസ്വസ്ഥതയുണ്ടായിരുന്നുവെന്നും മന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.
തനിക്കിന്ന് ഭോപ്പാലില്‍ നിന്നും ദല്‍ഹി വരെ പോവേണ്ടിവന്നപ്പോഴാണ് അനുഭവമെന്നും അദ്ദേഹം പറഞ്ഞു. താന്‍ സീറ്റിന്റെ അവസ്ഥയെ കുറിച്ച് എയര്‍ ഇന്ത്യ അധികൃതരോട് ചോദിച്ചുവെന്നും സീറ്റ് ബുക്ക് ചെയ്യാനായി വയ്ക്കരുതായിരുന്നുവെന്നും സീറ്റിന്റെ ശോചനീയാവസ്ഥ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
സഹയാത്രികര്‍ സീറ്റുകള്‍ മാറാന്‍ തന്നോട് സന്നദ്ധത അറിയിച്ചുവെന്നും മറ്റുള്ളവരെ ബുദ്ധിമുട്ടിപ്പിക്കാതെ അതേ സീറ്റില്‍ തന്നെ തുടരാന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ശിവരാജ് ചൗഹാന്‍ പറഞ്ഞു.
അതേസമയം ഇരിക്കുമ്പോള്‍ ഉണ്ടായ അസ്വസ്ഥതകള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും എന്നാല്‍ മുഴുവന്‍ തുകയും ഈടാക്കി ഇത്തരത്തില്‍ യാത്രക്കാരെ മോശം സീറ്റുകളില്‍ ഇരുത്തുന്നത് വഞ്ചനയല്ലേയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യ മെച്ചപ്പെടുമെന്ന് കരുതിയിരുന്നുവെന്നും എന്നാല്‍ മറിച്ചാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ ഒരു യാത്രക്കാരനും ഇത്തരത്തില്‍ സംഭവിക്കരുതെന്നും അസൗകര്യങ്ങള്‍ നേരിടേണ്ടി വരരുതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഉറപ്പാക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കണമെന്നും നടപടികള്‍ സ്വീകരിക്കുമോ അതോ യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്തെത്തണമെന്ന നിര്‍ബന്ധം മുതലെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
സംഭവത്തില്‍ എയര്‍ ഇന്ത്യ വിശദീകരണം നല്‍കിയിട്ടുണ്ട്. ഖേദിക്കുന്നതായും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഇല്ലാതിരിക്കാനും വിഷയം ശ്രദ്ധാപൂര്‍വം പരിശോധിക്കാന്‍ ശ്രമിക്കുമെന്നും എയര്‍ ഇന്ത്യ പറഞ്ഞു.
Content Highlight: Infrastructure not ensured; Union Minister Shivraj Chauhan against Air India