ബെംഗളൂരു: സോഷ്യല്‍മീഡിയയിലൂടെ കൊവിഡ് 19 പരത്തണമെന്ന് ആവശ്യപ്പെട്ട ഐ.ടി ജീവനക്കാരനെ ബെംഗളൂരു ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. ലോക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങി കൊവിഡ് 19 പരത്തണമെന്നായിരുന്നു ഇയാളുടെ ആഹ്വാനം.
‘പുറത്തിറങ്ങി വായും മൂക്കും തുറന്ന് വൈറസ് പരത്താന്‍ നമുക്ക് കൈകോര്‍ക്കാം’ എന്ന വിചിത്ര സന്ദേശമാണ് 25കാരനായ മുജീബ് മുഹമ്മദിന്റെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസെടുത്തിട്ടുണ്ടെന്നും ബെംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പട്ടീല്‍ അറിയിച്ചു.
ഇന്‍ഫോസിസ് ജീവനക്കാരനായ മുജീബ് മുഹമ്മദിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര അന്വേഷണത്തിനൊടുവില്‍ തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തിയാണ് ഇയാള്‍ നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും ഇന്‍ഫോസിസ് അറിയിച്ചു.
മുജീബിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് ഇന്‍ഫോസിസിന്റെ പെരുമാറ്റച്ചട്ടത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും എതിരാണ്. ഇന്‍ഫോസിസ് അത്തരം പ്രവൃത്തികളോട് സഹിഷ്ണുതയില്ലാത്ത നയമാണ് സ്വീകരിക്കുന്നത്. അതനുസരിച്ച് മുജീബിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു.
ഈ മാസം ആദ്യം ഒരു ജീവനക്കാരന് രോഗം ബാധിച്ചതായുള്ള സംശയത്തെ തുടര്‍ന്ന് ഇന്‍ഫോസിസ് ഒരു കെട്ടിടത്തിലെ തങ്ങളുടെ മുഴുവന്‍ ജീവനക്കാരേയും ഒഴിപ്പിച്ചിരുന്നു.
WATCH THIS VIDEO: