മൊബൈല്‍ നമ്പറും വിലാസവും അടക്കം ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു; ഡി.എം.ഒയോട് റിപ്പോര്‍ട്ട് തേടി കളക്ടര്‍
COVID-19
മൊബൈല്‍ നമ്പറും വിലാസവും അടക്കം ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു; ഡി.എം.ഒയോട് റിപ്പോര്‍ട്ട് തേടി കളക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th July 2020, 5:40 pm

ഇടുക്കി: ജില്ലയില്‍ കൊവിഡ് രോഗികളുടെ വിവരം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച. 51 രോഗികളുടെ വിവരങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ചോര്‍ന്നത്.

രോഗികളുടെ പേര്, പ്രായം, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ ഉള്‍പ്പെട്ട പട്ടികയാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറോട് കലക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയോടെയാണ് കൊവിഡ് രോഗികളുടെ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. ആരോഗ്യവകുപ്പില്‍നിന്നാണ് പട്ടിക ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായേക്കാമെന്ന് ഇന്ന് നടന്ന മന്ത്രിസഭായോഗത്തില്‍ വിലയിരുത്തി. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന യോഗത്തിലാണ് വിലയിരുത്തല്‍.

നിലവില്‍ ഓരോ ജില്ലകളിലും 5000 രോഗികള്‍ വരെ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇപ്പോഴുള്ള പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കണമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ആഗസ്റ്റ് മാസം ആകുമ്പോഴേക്കും കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 70,000 കടക്കുമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍.

നിലവില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഈ വിലയിരുത്തല്‍. ഓരോ ജില്ലയിലും രോഗികളുടെ എണ്ണം 5000 കടക്കാനുള്ള സാധ്യതയേറേയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ