ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടണമെന്ന ഉത്തരവിനു പിന്നാലെ ഇതുസംബന്ധിച്ച അപ്പീല്‍ പരിഗണിക്കുന്ന ചുമതലയില്‍ നിന്നും വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവിനെ നീക്കി. ഫെബ്രുവരി 10നാണ് ഇതുസംബന്ധിച്ച അപ്പീല്‍ പരിഗണിക്കാനിരുന്നത്.
എന്നാല്‍ വെള്ളിയാഴ്ച മുതല്‍ മാനവവിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും ഇടപെടരുതെന്ന് ആചാര്യലുവിന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദരേഖകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടതിനു പിന്നാല എച്ച്.ആര്‍.ഡി മന്ത്രാലയവുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്നും ശ്രീധര്‍ ആചാര്യലുവിനെ മാറ്റി മഞ്ജുള പരാശറിനെ ആ സ്ഥാനത്തേക്ക് നിയമിച്ചിരുന്നു. എന്നാല്‍ ആചാര്യലുവിനു മുമ്പാകെ ലിസ്റ്റു ചെയ്ത കേസുകളില്‍ അദ്ദേഹം തന്നെ തീര്‍പ്പാക്കണം എന്നായിരുന്നു നിശ്ചയിച്ചിരുന്നു. ഇതനുസരിച്ചാണ് സ്മൃതി ഇറാനിയുടെ കേസ് അദ്ദേഹം പരിഗണിച്ചത്.
കേസ് പരിഗണിച്ച അദ്ദേഹം സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടാന്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിക്ക് നിര്‍ദേശം നല്‍കുകയും ഇതുസംബന്ധിച്ച അപ്പീല്‍ ഫെബ്രുവരി 10ലേക്കുമാറ്റുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പരിഗണനയില്‍ ഇരിക്കുന്ന കേസുകളില്‍ നിന്നുകൂടി അദ്ദേഹത്തെ നീക്കിയിരിക്കുന്നത്.
മുഖ്യവിവരാവകാശ കമ്മീഷണറുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ പഴയ കേസുകളില്‍ നിന്ന് ഒഴിവാകുന്നു എന്ന് ആചാര്യലു അറിയിക്കുകയായിരുന്നു. “ഈ തീരുമാനം ഞാന്‍ സ്വയം എടുത്തതാണ്” എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍.കെ മതുര്‍ തയ്യാറായില്ല.