പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ദല്‍ഹി യൂണിവേഴ്‌സിറ്റിക്കു നിര്‍ദേശം നല്‍കിയ വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവാണ് സ്മൃതി ഇറാനിയുടെ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടണമെന്ന നിര്‍ദേശവും നല്‍കിയത്.
ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് എക്‌സാം രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കണമെന്ന് സി.ബി.എസ്.ഇയോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. വ്യക്തിപരമായ വിവരമാണെന്നും ഇതു വെളിപ്പെടുത്താനാവില്ലെന്നുമുള്ള സി.ബി.എസ്.ഇ വാദത്തെ തള്ളിക്കൊണ്ടാണ് രേഖകള്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ദല്‍ഹി യൂണിവേഴ്‌സിറ്റിക്കു നിര്‍ദേശം നല്‍കിയ വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവാണ് സ്മൃതി ഇറാനിയുടെ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടണമെന്ന നിര്‍ദേശവും നല്‍കിയത്.
മോദിക്കെതിരായ ഉത്തരവിനു പിന്നാലെ ശ്രീധര്‍ ആചാര്യലുവിനെ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ സി.ബി.എസ്.ഇയുടെ ഉത്തരവാദിത്തം അദ്ദേഹത്തിനു മേല്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ നിലനിര്‍ത്തുകയായിരുന്നു.
സ്മൃതി ഇറാനിയുടെ റോള്‍ നമ്പര്‍ അജ്‌മേറിലെ സി.ബി.എസ്.ഇയ്ക്കു നല്‍കാന്‍ കേന്ദ്ര ടെക്‌സൈറ്റല്‍ മന്ത്രാലയത്തിനും സ്മൃതി ഇറാനി പഠിച്ചിറങ്ങിയ ഹോളി ചൈല്‍ഡ് ഓക്‌സിലിയം സ്‌കൂളിനും നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
റോള്‍ നമ്പര്‍ കിട്ടിയ ഉടന്‍ സ്മൃതി ഇറാനിയുടെ പഠന രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സര്‍ട്ടിഫൈ ചെയ്ത രേഖകള്‍ അപേക്ഷ നല്‍കിയയാള്‍ക്ക് സൗജന്യമായി നല്‍കണമെന്നും വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 60 ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ശ്രീധര്‍ ആചാര്യലുവിന്റെ ഉത്തരവില്‍ പറയുന്നു.