ശ്രീനിവാസനറിയാന്‍ തള്ളല്ല, തിരക്കഥയല്ലാ ശാസ്ത്രം
COVID-19
ശ്രീനിവാസനറിയാന്‍ തള്ളല്ല, തിരക്കഥയല്ലാ ശാസ്ത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th April 2020, 9:36 pm

ചെറിയൊരു ഇടവേളക്കു ശേഷം മണ്ടത്തരങ്ങളുടെയും വ്യാജസന്ദേശങ്ങളുടെയും മാലപ്പടക്കവുമായി തിരിച്ചു വന്നിരിക്കുകയാണ് നമ്മുടെ പ്രിയ നടന്‍ ശ്രീനിവാസന്‍.

പതിവുപോലെ ആധുനികവൈദ്യശാസ്ത്രത്തെ കുറിച്ചുള്ള അബദ്ധധാരണകള്‍ വളരെ ആധികാരികമായി തള്ളിക്കൊണ്ടാണ് പുള്ളി തിരിച്ചു വന്നിട്ടുള്ളത്. മാധ്യമം പത്രത്തിലെ ‘എഡിറ്റോറിയല്‍’ പേജിലെ വലിയൊരു ഭാഗം മാന്യദ്ദേഹത്തിന്റെ അബദ്ധങ്ങള്‍ക്കായി നീക്കിവെച്ചിട്ടുമുണ്ട്. മികച്ച മാധ്യമ ധര്‍മ്മം!

ലേഖനത്തിന്റെ ആദ്യഭാഗം തികച്ചും രാഷ്ട്രീയപരമായ അഭിപ്രായം രേഖപ്പെടുത്തലായത് കൊണ്ടു അതിനെകുറിച്ചു പറയാനൊന്നും മെനക്കെടുന്നില്ല. പക്ഷെ മെഡിക്കല്‍ സയന്‍സിനെ കുറിച്ചു കനത്ത അസംബന്ധങ്ങളാണ് അദ്ദേഹം അടിച്ചു വിടുന്നത്.

മണ്ടത്തരം (വ്യാജസന്ദേശം) നമ്പര്‍ – 1

പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വിറ്റാമിന്‍ സി കോവിഡിന് പ്രതിവിധിയാണെന്നു പറഞ്ഞു അത്രേ !

പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അഷ്റഫിന്റെ പേരില്‍ ഏതോ കേശവന്‍ മാമ ഒരു ഓഡിയോ ക്ലിപ്പ് പടച്ചുവിട്ടു വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചിരുന്നു. അത് കേട്ടിട്ടാണ് ശ്രീനിവാസന്‍ ആദ്യത്തെ വെടി പൊട്ടിക്കുന്നത്.

പ്രസ്തുത ക്ലിപ്പ് തന്റെ പേരില്‍ ആരോ പടച്ചുവിട്ടതാണെന്നു പറഞ്ഞുകൊണ്ട് ഡോക്ടര്‍ അഷ്‌റഫ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആ വാര്‍ത്ത ഇതേ മാധ്യമം പത്രത്തില്‍ കുറച്ചു ദിവസം മുമ്പ് വന്നിരുന്നതുമാണ്

പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയാത്ത കാര്യം പറഞ്ഞു എന്നും പറഞ്ഞു കൊണ്ടാണ് ശ്രീനിവാസന്‍ വിറ്റാമിന്‍ സി സിദ്ധാന്തം മുന്നോട്ടു വെക്കുന്നത്. അപ്പോള്‍ തന്നെ ആ സിദ്ധാന്തത്തിന്റെ കാര്യം തീരുമാനമായി.

മണ്ടത്തരം നമ്പര്‍ -2

വിറ്റാമിന്‍ സി കഴിച്ചാല്‍ ശരീരത്തിലെ ജലാംശം ആല്‍ക്കലൈന്‍ ആകുമത്രേ.

ഈ വിറ്റാമിന്‍ സി എന്ന സാധനത്തിന്റെ രാസനാമം അസ്‌കോര്‍ബിക് ആസിഡ് എന്നാണ്. ആസിഡായ സാധനം കഴിച്ചാല്‍ ശരീരം ആല്‍ക്കലൈന്‍ ആകുന്നത് എങ്ങനെയാണെന്ന് ഒന്നു പറഞ്ഞു തരണം. മാത്രമല്ല, ശരീരത്തിന് ഒരു നോര്‍മല്‍ pH ഉണ്ട്. അത് 7.35 നും 7.45 നും ഇടയിലാണ്. ഇതു ഈ നിലയില്‍ നിലനിര്‍ത്താന്‍ ശരീരത്തില്‍ പലവിധ മികച്ച സംവിധാനങ്ങളുമുണ്ട്.

7.45 ന്റെ മുകളില്‍ ശരീരത്തിന്റെ pH കൂടുന്ന നിലയില്‍ ശരീരത്തിന്റെ alkaline സ്വഭാവം കൂടിയാല്‍ അതിനെ ആല്‍കലോസിസ് എന്നു പറയും. ഇതു ചികിത്സ വേണ്ട അവസ്ഥയാണ്. കുറേ നേരം ആല്‍ക്കലോസിസ് നിലനിന്നാല്‍ മരണം വരെ സംഭവിക്കും. രക്തത്തിലെ അസിഡിറ്റി കൂടിയാലും സ്ഥിതി മറിച്ചല്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെയാണ് രക്തം ആല്‍ക്കലി മയമാക്കി വൈറസിനെ കൊന്നു കൊലവിളിക്കുന്നതിനെ കുറിച്ചൊക്കെ അദ്ദേഹം ആധികാരികമായി തള്ളുന്നത്.

മണ്ടത്തരം നമ്പര്‍ – 3

ഈ വക മണ്ടന്‍ സിദ്ധാന്തങ്ങള്‍ ആരും സ്വീകരിക്കാത്തത് എല്ലാവരും കൈക്കൂലിക്കാരായത് കൊണ്ടാണ് എന്നും അയാള്‍ പറയുന്നുണ്ട്.

സംഭവം എളുപ്പമാണല്ലോ. ശ്രീനിവാസന്‍ മണ്ടത്തരം പറയുന്നു. ആ മണ്ടത്തരങ്ങള്‍ അംഗീകരിക്കാത്തവരെല്ലാം കള്ളന്മാര്‍ ആണെന്ന് പറഞ്ഞാല്‍ കാര്യങ്ങള്‍ വളരെ സിമ്പിളാണല്ലോ. ഒരു എതിര്‍വാദത്തിനുള്ള സ്‌കോപ്പ് പോലും അവിടെ അടയുകയാണ്.

മണ്ടത്തരം നമ്പര്‍ – 4

ചൈന്നൈയില്‍ വെച്ചു കൈ മാത്രം സ്‌കാന്‍ ചെയ്തു ശരീരത്തിലെ അസുഖം മുഴുവന്‍ കണ്ടുപിടിക്കാണ് പറ്റുന്ന ഒരു ജപ്പാന്‍ നിര്‍മിത യന്ത്രം അദ്ദേഹം കണ്ടുവത്രെ.

ഗുഹക്കകത്ത് കയറ്റി സ്‌കാന്‍ ചെയ്യുന്നത് ആളുകളെ പേടിപ്പിച്ച് പൈസ തട്ടാന്‍ വേണ്ടിയാണെന്നും പറയുന്നുണ്ട്. സ്‌കാനിങ്ങുകള്‍ എന്നത് Imageology വിഭാഗത്തില്‍ വരുന്ന പരിശോധനകളാണ്. Ultrasound, CT scan,MRI എന്നിങ്ങനെ പലവിധ സ്‌കാനുകള്‍ ആധുനിക വൈദ്യശാസ്ത്രം ഉപയോഗിക്കുന്നുണ്ട്.

പരിശോധിക്കേണ്ട ശരീരഭാഗത്തിലെ ആന്തരിക അവയവങ്ങളില്‍ അസുഖം വരുമ്പോള്‍ വരുന്ന രൂപമാറ്റം കാണാനും അതു വഴി അസുഖം കണ്ടുപിടിക്കാനുമാണ് സ്‌കാനിങ്ങുകള്‍ ഉപയോഗിക്കുന്നത്.

അത് കൊണ്ട് തന്നെ അസുഖം സംശയിക്കുന്ന ശരീരഭാഗം സ്‌കാന്‍ ചെയ്താല്‍ മാത്രമേ ആ ഭാഗത്തെ കുഴപ്പങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. കൈ സ്‌കാന്‍ ചെയ്താല്‍ കൈയിലെ വിവരങ്ങള്‍ അറിയാന്‍ പറ്റും. തലയിലെയോ, നെഞ്ചിലെയോ, വയറ്റിലെയോ വിവരങ്ങള്‍ അറിയാന്‍ ആ ഭാഗം തന്നെ സ്‌കാന്‍ ചെയ്യേണ്ടി വരും. വയറിന്റെയും നെഞ്ചിന്റെയുമൊക്കെ CT Scan അല്ലെങ്കില്‍ ങഞക എടുക്കുമ്പോള്‍ ആ ശരീരഭാഗം യന്ത്രത്തിന്റെ ഉള്ളിലൂടെ കടത്തി വിടേണ്ടി വരും. അതിനെയാണ് ഗുഹയിലേക്ക് കയറ്റി പേടിപ്പിക്കുന്നു എന്നൊക്കെ അദ്ദേഹം പറയുന്നത്.

മണ്ടത്തരം നമ്പര്‍ – 5

ജപ്പാനില്‍ ഫാമിലി ഡോക്ടര്‍മാര്‍ ആണത്രേ എല്ലാ അസുഖവും ചികില്‌സിക്കുന്നത് അവിടെ സ്‌പെഷ്യാലിറ്റി എന്നുള്ള ഏര്‍പ്പാടില്ലത്രേ! എല്ലാ അസുഖവും ഒരേ ഡോക്ടര്‍ തന്നെ ചികില്‌സിക്കുന്ന സ്വപ്നലോകമാണ് ശ്രീനിവാസന് ജപ്പാന്‍.

ജപ്പാനിലെ പ്രശസ്തമായ ആസ്പത്രിയാണ് Kyoto university hospital. അവിടെയുള്ള വിഭാഗങ്ങളുടെ ലിസ്റ്റും അവിടെ ലഭിക്കുന്ന സേവനങ്ങളും നിങ്ങള്‍ക്ക് തന്നെ നോക്കിയാല്‍ കാണാം. നമ്മുടെ നാട്ടിലെ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്‌മെന്റില്‍ കാണുന്ന പോലെ തന്നെ പല പല വിഭാഗങ്ങള്‍ അവിടെയുമുണ്ട്.

ജപ്പാനിലെ ആരോഗ്യസംവിധാനങ്ങളെ പറ്റി പത്ത് പൈസയുടെ വിവരം പോലുമില്ലാതെയാണ് ശ്രീനിവാസന്‍ ഓരോന്ന് പറയുന്നതെന്ന് ഈ ലിസ്റ്റ് കാണുന്ന സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. എന്നാല്‍ മാധ്യമം പത്രത്തിലുള്ളവര്‍ക്കും ശ്രീനിവാസനും ജനങ്ങള്‍ തങ്ങളുടെ ബുദ്ധിനിലവാരത്തില്‍ ഉള്ളവരാണെന്ന തെറ്റിധാരണ ഉണ്ടെന്നു തോന്നുന്നു.
കുറഞ്ഞ പക്ഷം ഗൂഗിള്‍ സെര്‍ച്ച് പോലുള്ള സംവിധാനങ്ങള്‍ ജനങ്ങള്‍ ഉപയോഗിക്കാറുണ്ട് എന്ന് പോലും ധാരണ ഇല്ലെന്നു തോന്നുന്നു.

link: https://www.kuhp.kyoto-u.ac.jp/english/department/index.html

എന്താണെന്നറിയില്ല, അവിടത്തെ Diagnostic imaging and radiology വിഭാഗത്തില്‍ ചെന്നൈയില്‍ ശ്രീനിവാസന്‍ കണ്ട കൈ മാത്രം സ്‌കാന്‍ ചെയ്യുന്ന ജപ്പാന്‍ നിര്‍മിത യന്ത്രം ഇല്ല. നമ്മുടെ നാട്ടിലുള്ള CT യും MRI യും ഒക്കെ തന്നെയേ അവിടെയുമുള്ളു. എന്നാലും ജപ്പാനില്‍ അങ്ങനെ ഒരു സാധനമുണ്ടാക്കി ചെന്നൈയില്‍ കൊടുത്തിട്ടും, ജപ്പാനിലെ ഇത്രയും വലിയ ആശുപത്രിയില്‍ അതു നല്കാതിരുന്നത് വല്ലാത്ത ചതിയായിപ്പോയി.

അഭിനയത്തിലൂടെ താന്‍ നേടിയ പ്രശസ്തി ഉപയോഗിച്ചു മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്ന ഇയാളും കൊള്ളാം, അയാള്‍ പറയുന്നതിലെ ശരി തെറ്റുകള്‍ പരിശോധിക്കാതെ എഡിറ്റോറിയല്‍ പേജില്‍ ഇത്തരം നിരര്‍ത്ഥഭാഷണങ്ങള്‍ക്ക് സ്ഥലം അനുവദിക്കുന്ന മാധ്യമങ്ങളും കൊള്ളാം.

മോശം പറയരുതല്ലോ, മണ്ടത്തരങ്ങള്‍ക്കിടയില്‍ വാസ്തവങ്ങള്‍ക്ക് അടുത്തു നില്‍ക്കുന്ന ഒരേ ഒരു കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്…

ഇക്കാര്യങ്ങള്‍ വിളിച്ചു പറഞ്ഞാല്‍ അദ്ദേഹത്തിനെ ജയിലില്‍ ഇട്ടേക്കും അത്രേ

ജയിലില്‍ കിടക്കാന്‍ ഈ പറഞ്ഞ കള്ളങ്ങളും, അബദ്ധങ്ങളും മാത്രം മതി എന്നതാണ് വാസ്തവം. പക്ഷെ സര്‍ക്കാര്‍ വിചാരിക്കണം. ലോകം മുഴുവന്‍ കോവിഡിന് നേരെ പൊരുതുന്ന ഈ സമയത്തു, വാട്സാപ്പില്‍ കേട്ട ഏതോ ഓഡിയോ ശകലവും വെച്ചു കൊണ്ടു നമ്മുടെ കോവിഡ് പ്രതിരോധമെല്ലാം തെറ്റാണെന്നും, പണത്തിനു വേണ്ടി ജനങ്ങളെ കുരുതിക്കു കൊടുക്കുകയാണെന്നുമൊക്കെയുള്ള അബദ്ധ ധാരണ സമൂഹത്തിലേക്ക് പടര്‍ത്തിവിടുന്ന ഈ ലേഖനം മാത്രം മതി ഇയാള്‍ക്കെതിരെ കേസെടുക്കാന്‍.

ഇദ്ദേഹത്തിനെതിരെയും ഇമ്മാതിരി ലേഖനം ഈ സമയത്ത് പ്രസിദ്ധീകരിച്ച മാധ്യമം പത്രത്തിനെതിരെയും കേസെടുക്കുകയാണ് വേണ്ടത്. മഹാമാരിയുടെ സമയത്തു ദുരന്ത നിവാരണ നിയമവും, പകര്‍ച്ച വ്യാധി നിയന്ത്രണ നിയമവും പ്രാബല്യത്തില്‍ വരുത്തിയിരിക്കുകയാണല്ലോ സര്‍ക്കാര്‍.

ശ്രീനിവാസനെ പോലുള്ളവര്‍ തങ്ങളുടെ പ്രിവിലേജ് ഉപയോഗിച്ച് ആരോഗ്യം അപകടത്തില്‍ പെടുമ്പോള്‍ എല്ലാക്കാലത്തും പഞ്ചനക്ഷത്ര ആശുപത്രികളെ ആശ്രയിച്ച ചരിത്രമാണുള്ളത്. അയാളുടെ വാക്കു വിശ്വസിക്കുന്ന പാവങ്ങള്‍ക്ക് അത് പറ്റിയെന്നു വരില്ല.

പകര്‍ച്ചവ്യാധി പടരാനുള്ള സാധ്യത ഉയര്‍ത്തുന്നവര്‍ പൊതുസമൂഹത്തോടു മാപ്പു പറയണം. മാപ്പു പറഞ്ഞാലും ഇല്ലെങ്കിലും ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവര്‍ക്കെതിരെ പൊതു നന്മയെ കരുതി അധികാരികള്‍ നിയമ നടപടികള്‍ കൈക്കൊള്ളണം എന്ന് ആഗ്രഹിക്കുന്നു.

എഴുതിയത് – ഡോ: അബ്ദുല്‍ ലത്തീഫ്
കടപ്പാട്- Info clinic

WATCH THIS VIDEO: