| Saturday, 18th March 2023, 1:07 pm

വെസ്റ്റിലെ സംസ്‌കാരമാണ് ലെസ്ബിയന്‍ റിലേഷന്‍ഷിപ്പ്, ഇന്ത്യന്‍ സംസ്‌കാരമാകാന്‍ ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ എടുക്കും: അപര്‍ണ മള്‍ബറി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ബിഗ്‌ബോസ് മത്സരാര്‍ത്ഥിയുമാണ് അപര്‍ണ മള്‍ബറി. കേരളത്തില്‍ ജീവിച്ച് മലയാളം പഠിച്ച വിദേശി വനിതയായ അപര്‍ണക്ക് നിരവധി ആരാധകരാണ് ഉള്ളത്. ലെസ്ബിയന്‍ റിലേഷന്‍ഷിപ്പില്‍ മുന്നോട്ട് പോകുന്ന അപര്‍ണ മലയാളികള്‍ക്കിടയില്‍ ഇത്തരം ബന്ധങ്ങള്‍ക്കുള്ള സ്വീകാര്യതയെക്കുറിച്ച് പറയുകയാണ്.

ചെറുപ്പക്കാരായ കേരളത്തിലെ യുവാതക്ക് മാത്രമാണ് ഇപ്പോഴും ലെസ്ബിയന്‍ റിലേഷന്‍ഷിപ്പ് അംഗീകരിക്കാന്‍ കഴിയുന്നുള്ളുവെന്നും ചില മാതാപിതാക്കള്‍ ഇത്തരം ബന്ധങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും സ്വന്തം കുട്ടികളുടെ കാര്യത്തില്‍ പ്രശ്‌നമായി തന്നെയാണ് കാണുന്നതെന്നും അപര്‍ണ പറഞ്ഞു.

വെസ്റ്റില്‍ അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായി ഇത് മാറിയെന്നും ഇവിടെ അങ്ങനെ ആയിട്ടില്ലെന്നും മിനിമം പത്തുവര്‍ഷമെങ്കിലും അതിനായി എടുക്കുമെന്നും അപര്‍ണ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഇത്രയും വര്‍ഷമായിട്ടും നമ്മളുടെ വയസിലുള്ളവര്‍ക്ക് മാത്രമാണ് ലെസ്ബിയന്‍ റിലേഷന്‍ഷിപ്പ് സ്വീകാര്യമായിട്ടുള്ളു. നമ്മുടെ അച്ഛനും അമ്മക്കും മാത്രമാണ് ഇപ്പോഴും പ്രശ്‌നം. ചിലപ്പോള്‍ മറ്റൊരാളുടെ കാര്യത്തില്‍ അവര്‍ക്ക് പ്രശ്‌നം കാണില്ലായിരക്കും. സ്വന്തം കുട്ടിയാകുമ്പോഴാണ് അവര്‍ക്ക് പ്രശ്‌നമാകുന്നത്.

നിങ്ങള്‍ ആദ്യം നിങ്ങളുടെ കുട്ടിക്കാണ് ആ സ്‌പേസ് കൊടുക്കേണ്ടത്. കാര്യങ്ങളൊക്കെ നിങ്ങളോട് പറയാനുള്ള സ്‌പേസ് ആദ്യം അവര്‍ക്ക് നല്‍കുക. എപ്പോഴും അവരുമായിട്ട് ഒരു തുറന്ന സംസാരം ഉണ്ടാകണം.

അങ്ങനെയൊരു സപ്പോര്‍ട്ട് കിട്ടാന്‍ ഇനിയും ഒരു പത്തുവര്‍ഷം എടുക്കുമെന്നാണ് തോന്നുന്നത്. അതുപോലെ ലെസ്ബിയന്‍ റിലേഷന്‍ഷിപ്പ് നോര്‍മലാണെന്ന് മനസിലാക്കാനും ഇനിയും മിനിമം പത്ത് വര്‍ഷം എടുക്കും. വെസ്റ്റില്‍ അമ്പതുകളിലും അറുപതുകളിലുമാണ് ഇതിന്റെ റെവല്യൂഷന്‍ തുടങ്ങിയത്.

അവിടത്തെ ഒരു സംസ്‌കാരമാണ് ഇപ്പോള്‍ ഇത് നോര്‍മലായി വരുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും ഇത് ഇവിടത്തെ സംസ്‌കാരമല്ല. ഭാവിയില്‍ ഒരു പത്ത്, ഇരുപത് വര്‍ഷം കഴിഞ്ഞാല്‍ അങ്ങനെ ആകാം. ഞാന്‍ ഒരു വിദേശിയായിട്ടാണ് ഇങ്ങോട്ട് വന്നത്. അതുകൊണ്ട് ഇത് ശരിയായ കാര്യമാണ്, തെറ്റായ കാര്യമാണ് എന്നൊക്കെ പറയാന്‍ ഞാന്‍ ആളല്ല.

എന്റെ സംസ്‌കാരവും ഞാന്‍ വളര്‍ന്ന് വന്ന രീതിയും വ്യത്യസ്തമാണ്. ഇപ്പോള്‍ തന്നെ എന്റെ ഇന്‍ബോക്‌സില്‍ കുറേ മെസേജുകളുണ്ട്. ചേച്ചി ഞാനും ഇങ്ങനെയാണ്, പക്ഷെ എന്നെ സ്വീകരിക്കാന്‍ ആരുമില്ല, ഞാന്‍ എന്തുപറയും. മാതാപിതാക്കളോട് പറഞ്ഞാല്‍ അവര്‍ എന്നെ പുറത്താക്കും എന്നൊക്കെയാണ് അവരുടെ മെസേജുകള്‍.

രണ്ടു മൂന്ന് ആളുകള്‍ക്ക് അവരുടെ കുടുംബങ്ങളില്‍ പറഞ്ഞപ്പോള്‍ ഉള്‍കൊണ്ടു. അത്തരം കുടുംബങ്ങളെ അഭിനന്ദിക്കണം. എന്റെ വീട്ടില്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റി. കാരണം ഞാന്‍ പറഞ്ഞില്ലെ അവര്‍ വേറെ സംസ്‌കാരമാണ്. ഇന്ത്യയിലേത് പോലെയല്ല. അവര്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് ഇതൊക്കെ കണ്ട് വളര്‍ന്നവരാണ്,” അപര്‍ണ മള്‍ബറി പറഞ്ഞു.

content highlight: influencer aparna mulbary about lesbian relationship

We use cookies to give you the best possible experience. Learn more