| Thursday, 3rd March 2016, 10:58 am

20 ഹാര്‍ട്ട് അറ്റാക്കുകള്‍, ഒടുവില്‍ വിജയകരമായ ശസ്ത്രക്രിയ ; നാലുമാസം പ്രായമുള്ള കുഞ്ഞിന് പുതുജീവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


സോലാപൂര്‍: 20 ഹാര്‍ട്ട് അറ്റാക്കുകള്‍ കഴിഞ്ഞ പിഞ്ചുകുഞ്ഞിന് വിജയകരമായ ശസ്ത്രക്രിയയിലൂടെ നവജീവന്‍. നാലുമാസം മാത്രം പ്രായമുള്ള അതിഥി എന്ന പെണ്‍കുഞ്ഞിനെ സോലാപൂരിലെ സാര്‍ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ സ്ഥിതി വളരെ ദയനീയമായിരുന്നു.

ശ്വാസമെടുക്കുന്നത് വളരെ വേഗത്തില്‍, കുഞ്ഞിന് ആഹാരം നല്‍കാന്‍ കഴിയാത്ത അവസ്ഥ, നിര്‍ത്താതെയുള്ള കരച്ചില്‍  എന്നിങ്ങനെ കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി അതീവ വഷളായ സാഹചര്യമായിരുന്നു. അനോമലസ് ലെഫ്റ്റ് കൊറോണറി ആര്‍ട്ടറി എന്ന പ്രത്യേക അവസ്ഥ കാരണം കുഞ്ഞിന് 20 ഓളം ഹാര്‍ട്ട് അറ്റാക്കുകള്‍ നടന്നതായി  ഡോക്ടര്‍ പറയുന്നു.

എക്കോകാര്‍ഡിയോഗ്രാഫിയിലൂടെ ഹൃദയത്തില്‍ നിന്നുമുള്ള രക്ത പ്രവാഹം പിന്മാറ്റം ചെയ്യുന്ന രീതിയില്‍ ഒരു ധമനി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയെന്ന് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. ശ്രീപാല്‍ ജെയ്ന്‍ പറഞ്ഞു. തുടര്‍ന്ന് കുഞ്ഞിനെ ഇദ്ദേഹത്തിന്റെ കീഴില്‍ സര്‍ജറിക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അനോമലസ് ലെഫ്റ്റ് കൊറോണറി ആര്‍ട്ടറി എന്ന പ്രത്യേക അവസ്ഥ കാരണമാണ് കുഞ്ഞിന് ഇടയ്ക്കിടെ ഹാര്‍ട്ട് അറ്റാക്കുകള്‍ ഉണ്ടാകുന്നതെന്നും ഇത് 3ലക്ഷം പേരില്‍ ഒരാള്‍ക്കുമാത്രം ഉണ്ടാകുന്നതാണെന്നും ഡോക്ടര്‍ പറയുന്നു. ഓക്‌സിജന്‍ അടങ്ങിയ രക്തം നല്ല രീതിയില്‍ പ്രവഹിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞിന് ശ്വാസം ലഭിക്കാത്ത അവസ്ഥയും ഉണ്ടായിരുന്നു. നവജാതശിശുക്കളില്‍ ഏഴു ദിവസത്തിനുള്ളില്‍ ശ്വാസകോശത്തിലെ പ്രഷര്‍ സാധാരണ ഗതിയിലാകാറാണ് പതിവ്. പക്ഷേ, അതിഥിയ്ക് ഇതും വ്യത്യസ്തമായിരുന്നു. ശുദ്ധരക്തം പ്രവഹിക്കാത്തതിനാല്‍ കുഞ്ഞിന് ഇടയ്ക്കിടെ ഹാര്‍ട്ട് അറ്റാക്കും വന്നു. ഇത്തരം തകരാറുകള്‍ ഉള്ള കുഞ്ഞുങ്ങള്‍ ഒരു വയസ് പൂര്‍ത്തികരിക്കുന്നതിന് മുന്‍പേ മരണത്തിന് കീഴടങ്ങാറാണ് പതിവെന്നും ഡോക്ടര്‍ പറയുന്നു.

ഒന്‍പതുമണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയ ഫെബ്രുവരി 21നാണ് നടന്നത്. ഇതിനു ശേഷം കുഞ്ഞിന്റെ നില മെച്ചപ്പെടുകയും സാധാരണ നിലയിലേക്കു തിരിച്ചുവരികയുമായിരുന്നു.

We use cookies to give you the best possible experience. Learn more