| Monday, 10th January 2022, 12:05 pm

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മൃതദേഹം സൂക്ഷിക്കാനാവില്ലെന്ന് ആശുപത്രി അധികൃതര്‍; പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണപ്പെട്ടു. താഴെമുള്ളി ഊരിലെ ദമ്പതികളുടെ 4 ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു കുട്ടി മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ജനുവരി ഏഴിനായിരുന്നു കുഞ്ഞ് ജനിച്ചത്.

എന്നാല്‍, കുട്ടിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാവില്ലെന്ന് ആശുപത്രി സൂപ്രണ്ട് നിലപാടെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കുകയും ചെയ്തിരുന്നു.

പൊലീസ് ഇടപെട്ട് മൃതദേഹം അഗളി ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

കോട്ടത്തറ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ല എന്ന് ആക്ഷേപങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.

ഗര്‍ഭകാലത്ത് സ്‌കാന്‍ ചെയ്യണമെങ്കിലോ വിദഗ്ധ ചികിത്സ ആവശ്യമെങ്കിലോ ആദിവാസികള്‍ പെരിന്തല്‍മണ്ണയിലേക്കോ തൃശൂരിലേക്കോ, കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കോ പോകേണ്ട അവസ്ഥയാണ്.

കോട്ടത്തറയിലെ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സി.ടി സ്‌കാന്‍ എം.ആര്‍.ഐ സ്‌കാന്‍ തുടങ്ങിയ യാതൊരു വിധത്തിലുള്ള സൗകര്യങ്ങളുമില്ല.

കുഞ്ഞുങ്ങള്‍ക്കായി ഐ.സി.യു സംവിധാനം പോലുമില്ലാതെയാണ് ആദിവാസി മേഖലയിലെ കോട്ടത്തറ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ജൂനിയര്‍ ഡോക്ടമാര്‍ മാത്രമാണ് ഇവിടെ ചികിത്സയ്ക്കായുള്ളത്.

ഇതിന് പിന്നാലെയാണ്, കഴിഞ്ഞ ദിവസം അട്ടപ്പാടി അഗളി സി.എച്ച്.സിയില്‍ സ്പെഷ്യാലിറ്റി ഒ.പികള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്.

ഗൈനക്കോളജി വിഭാഗം, ശിശുരോഗ വിഭാഗം, പോസ്റ്റ് കൊവിഡ് ക്ലിനിക്ക് + പള്‍മണോളജി തുടങ്ങിയ സെപ്ഷ്യാലിറ്റി ഒ.പികളാണ് പുതുതായി ആരംഭിക്കുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

നേരത്തെയും അട്ടപ്പാടിയില്‍ മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് നവജാതശിശു മരിച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രി കെ. രാധാകൃഷ്ണന്‍ അട്ടപ്പാടി സന്ദര്‍ശിക്കുകയും മതിയായ ചികിത്സാ സൗകര്യം ഉറപ്പ് വരുത്തുമെന്നും അറിയിച്ചിരുന്നു.

അട്ടപ്പാടിയില്‍ കഴിഞ്ഞ വര്‍ഷം ഒന്‍പത് കുട്ടികളാണ് മരിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടുത്തടുത്ത ദിവസങ്ങളില്‍ നാല് കുഞ്ഞുങ്ങള്‍ വരെ മരിച്ച സംഭവവും ഉണ്ടായിരുന്നു.

നവജാതശിശുക്കള്‍ മരിക്കുന്നത് വിവാദമായതോടെ ആരോഗ്യ മന്ത്രിയും മറ്റ് മന്ത്രിമാരും അട്ടപ്പാടി സന്ദര്‍ശിക്കുകയും സഹായ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Infant Died in Attappady

We use cookies to give you the best possible experience. Learn more