പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടിയുമായി ആശുപത്രി. കോട്ടത്തറ ട്രൈബല്‍ വെല്‍ഫെയര്‍ ഉദ്യോഗസ്ഥനായ ചന്ദ്രനെ പുറത്താക്കാനാണ് ആശുപത്രി തീരുമാനിച്ചിരിക്കുന്നത്. പുറത്താക്കിയതുമായി ബന്ധപ്പെട്ട ഉത്തരവ് നാളെ പുറത്തിറങ്ങും.
കോട്ടത്തറ ആശുപത്രി മാനേജ്‌മെന്റിന്റേതാണ് പ്രതികാര നടപടി. ഇ.എം.എസ് ആശുപത്രിയ്ക്ക് റഫറല്‍ ചികിത്സയ്ക്ക് 12 കോടി രൂപ നല്‍കിയതായി ചന്ദ്രന്‍ സ്ഥിരീകരിച്ചിരുന്നു. എച്ച്.എം.സി ഇക്കാര്യത്തില്‍ ഇന്ന് ചന്ദ്രനോട് വിശദീകരണം തേടിയിരുന്നു.
വിശദീകരണം നല്‍കാന്‍ ചന്ദ്രന് 24 മണിക്കൂര്‍ സമയവും അനുവദിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വൈകീട്ട് അടിയന്തരയോഗം ചേര്‍ന്ന് ചന്ദ്രനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
രോഗികളെ റഫര്‍ ചെയ്യാനുള്ള പദ്ധതിയുടെ പേരില്‍, ആദിവാസി ക്ഷേമ ഫണ്ടില്‍ നിന്ന് പെരിന്തല്‍ണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയ്ക്ക് 12 കോടി രൂപ കൈമാറിയതായി ചന്ദ്രന്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ നാലിലൊന്ന് പണം ഉണ്ടായിരുന്നെങ്കില്‍, കോട്ടത്തറ ആശുപത്രിയില്‍ സി.ടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങാമായിരുന്നു എന്നുമായിരുന്നു ചന്ദ്രന്‍ പറഞ്ഞത്.
ഗര്‍ഭകാലത്ത് ഒന്ന് സ്‌കാന്‍ ചെയ്യണമെങ്കിലോ വിദഗ്ധ ചികിത്സ ആവശ്യമെങ്കിലോ ആദിവാസികള്‍ പെരിന്തല്‍മണ്ണയിലേക്കോ തൃശൂരിലേക്കോ, കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കോ പോകേണ്ട അവസ്ഥയാണ്.
കോട്ടത്തറയിലെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സി.ടി സ്‌കാന്‍ എം.ആര്‍.ഐ സ്‌കാന്‍ തുടങ്ങിയ യാതൊരു വിധത്തിലുള്ള സൗകര്യങ്ങളുമില്ല.
കുഞ്ഞുങ്ങള്‍ക്കായി ഐ.സി.യു സംവിധാനം പോലുമില്ലാതെയാണ് ആദിവാസി മേഖലയിലെ കോട്ടത്തറ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ജൂനിയര്‍ ഡോക്ടമാര്‍ മാത്രമാണ് ഇവിടെ ചികിത്സയ്ക്കായുള്ളത്.
അട്ടപ്പാടിയില്‍ മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് നവജാതശിശു മരിച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രി കെ. രാധാകൃഷ്ണന്‍ അട്ടപ്പാടി സന്ദര്‍ശിക്കുകയും മതിയായ ചികിത്സാ സൗകര്യ ഉറപ്പ് വരുത്തുമെന്നും അറിയിച്ചിരുന്നു.
എന്നാല്‍ അട്ടപ്പാടിയില്‍ ശിശുമരണത്തിന് കാരണം സംസ്ഥാനസര്‍ക്കാര്‍ മാത്രമാണ് എന്നായിരുന്നു ബി.ജെ,പി സംസ്ഥാന അധ്യക്ഷന്‍ കെയ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്.
അട്ടപ്പാടിയില്‍ ആവര്‍ത്തിക്കുന്ന ശിശുമരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി വിഭാഗത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ലോകത്തെ ദരിദ്ര രാജ്യങ്ങളില്‍ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തില്‍ അടിക്കിടെ ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.