| Sunday, 7th June 2020, 2:55 pm

സ്ത്രീകള്‍ക്ക് ഇനിയും ലഭിക്കാത്ത തുല്യപൗരത്വമാണ് ഈ കൊലപാതകങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെല്ലാം കാരണം

വി.പി. സുഹ്‌റ

തിരുവനന്തപുരം കഠിനംകുളത്ത് വീട്ടമ്മയെ ഭര്‍ത്താവും കൂട്ടാളികളും ക്രൂരമായി പീഡിപ്പിച്ച സംഭവം അതീവ ഗുരുതരവും ഭയാനകവുമാണ്. സ്ത്രീ ശരീരത്തെ എങ്ങിനെ വിറ്റ് കാശാക്കാമെന്ന് ഭര്‍ത്താക്കന്മാര്‍ തന്നെ ചിന്തിച്ചു തുടങ്ങുകയാണിവിടെ. കൊച്ചു മക്കളുടെ കണ്‍മുന്നില്‍ വെച്ച് അവരുടെ അമ്മയെ പിച്ചിച്ചീന്തുക എന്നത് എന്തുമാത്രം പ്രാകൃതമാണ്.

സ്ത്രീയെ വെറുമൊരു ഉപഭോഗ വസ്തുവായിക്കാണുന്ന ചിന്താഗതിയില്‍ നിന്നും സമൂഹത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഉത്ര എന്ന പെണ്‍കുട്ടിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവവും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. ഇന്നു വരെ കേട്ടു കേള്‍വി പോലുമില്ലാത്ത സംഭവമാണത്. സമ്പത്തിനു വേണ്ടി സ്ത്രീ ശരീരത്തെ എങ്ങനെ ഉപയോഗിക്കാമെന്ന്, വില്‍ക്കണോ, കൊല ചെയ്യണോ എന്നൊക്കെ ചിന്തിച്ചു തുടങ്ങുന്ന മാനസികാവസ്ഥയിലേക്ക് ചെറുപ്പക്കാര്‍ ചെന്നെത്തുകയാണ്.

കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്ന കൊലപാതകവും സമ്പത്തിനു വേണ്ടിയാണ്. യാതൊരു തരത്തിലുളള ഇളവിനും സാധ്യതയില്ലാത്ത തരത്തില്‍ കൃത്യമായി ആസൂത്രണം ചെയ്താണ് ഈ മൂന്ന് കുറ്റകൃത്യങ്ങളും നടത്തിയിട്ടുളളത് എന്ന് വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കാം.

സമൂഹത്തില്‍ ക്രിമിനല്‍ സ്വഭാവം ചെറുപ്പക്കാര്‍ക്കിടയില്‍ വളര്‍ന്നു വരുന്നത് ആശങ്കപ്പെടുത്തുന്നതാണ്. മദ്യത്തിനും മയക്കുമരുന്നിനും വേണ്ടി സ്വന്തം മാതാപിതാക്കളെപ്പോലും അരും കൊല നടത്താന്‍ മടിക്കാത്ത മക്കള്‍. പെറ്റു വളര്‍ത്തിയവര്‍ തന്നെ അവരുടെ ഘാതകരാകുന്ന ദുരവസ്ഥ. ഇതെല്ലാം തന്നെ നമ്മെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. മയക്കു മരുന്നിനടിമകളായവരാല്‍ കൊലചെയ്യപ്പെട്ട സൗമ്യയും, ജിഷയും നമ്മുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല.

പെരുമ്പാവൂരില്‍ തന്നെ മയക്കു മരുന്നിനടിമപ്പെട്ട ഒരു വ്യക്തി ഒരു സ്ത്രീയെ അതിദാരുണമായി കൊലപ്പെടുത്തി. ഇപ്പോഴും മൂന്ന് വയസ്സുള്ള പെണ്‍പൈതല്‍ മുതല്‍ അനേകം കുഞ്ഞുങ്ങളുടെ നിലവിളി പലഭാഗങ്ങളില്‍ നിന്നും കേട്ടു കൊണ്ടിരിക്കുന്നു. കഠിനാദ്ധ്വാനം ചെയ്ത് തളര്‍ന്ന് വരുന്ന തൊഴിലാളികള്‍ക്ക് മയക്കു മരുന്നെത്തിച്ചു കൊടുക്കുന്ന ലോബിയെകുറിച്ച് കണ്ടെത്തിയിട്ടും അത് തടഞ്ഞു നിര്‍ത്താന്‍ കഴിയാതെ പോവുന്നതെന്ത് കൊണ്ടാണ്?

മദ്യവും മയക്ക് മരുന്നും പല രൂപത്തിലും ചെറുപ്പക്കാരെ സ്വാധീനിക്കുന്നുണ്ട്. ഇതൊന്നുമല്ലാതെ എന്ത് കുറ്റം ചെയ്താലും സംരക്ഷിക്കാനാളുണ്ട് എന്ന ആശ്വാസത്തില്‍ കുറ്റകൃത്യം നടത്തുന്നവരുമുണ്ട്. കണ്ണൂര്‍ പാലത്തായി കേസില്‍ ഒരധ്യാപകന്‍ സ്വന്തം സ്‌കൂളില്‍ പഠിക്കുന്ന പത്തുവയസ്സുകരിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി. തൃപ്പങ്ങോട്ട് പഞ്ചായത്ത് പ്രസിഡന്റ് കുനിയില്‍ പത്മരാജനെ ഏറെ വൈകിയാണ് അറസ്റ്റ് ചെയ്തത്. പാര്‍ട്ടിക്കാര്‍ ഒളിവില്‍ പാര്‍പ്പിച്ചു എന്നാണറിയാന്‍ കഴിഞ്ഞത്.

അതേ സമയം തന്നെ വയനാട്ടില്‍ ഒരു ഊമപ്പെണ്‍കുട്ടിയെ ഒരാള്‍ പീഡിപ്പിച്ച സംഭവവും നടന്നു. പ്രതിഷേധത്തെതുടര്‍ന്ന് വളരെ വൈകിയാണ് കേസെടുത്തത്. വാളയാറില്‍ രണ്ട്് പെണ്‍കുട്ടികളെ ക്രൂരമായി ബലാത്‌സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലും തുടക്കത്തില്‍ തന്നെ തെളിവുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. പിന്നീട് പ്രതിഷേധം ഉണ്ടായപ്പോഴാണ് കേസന്വേഷണമാരംഭിച്ചതും അറസ്റ്റ് നടന്നതും.

പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിടുകയാണുണ്ടായത്. പ്രതികള്‍ക്ക് വേണ്ടി വാദിച്ച വക്കീല്‍ പിന്നീട് ചൈല്‍ഡ് വെഫെയര്‍ കമ്മിറ്റിയിലേക്ക് ഉദ്യോഗക്കയറ്റവും കിട്ടി. ഒരേ സമയം ചൈല്‍ഡ് ലൈനില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുകയും, അതേസമയം തന്നെ പോക്‌സോ കേസിലെ പ്രതിഭാഗത്തുളള അഭിഭാഷകനാവുകയും പ്രതികള്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്യുക എന്നത് എന്തൊരു വൈരുദ്ധ്യമാണ്?. അവിടെ എങ്ങനെയാണ് നീതി ലഭ്യമാവുക?

ഇതേതുടര്‍ന്നുളള പൊതു സമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് കേസ് പുനരന്വേഷണത്തിന് വിടുകയാണുണ്ടായത്. ഏത് പാര്‍ട്ടിക്കാര്‍ ഭരിക്കുമ്പോഴും സ്ത്രീപീഡനക്കേസുകള്‍ തേഞ്ഞുമാഞ്ഞ് പോകാറുണ്ട്. രാജ്യത്താകമാനം കുഞ്ഞുപൈതങ്ങള്‍ മുതല്‍ പ്രായമേറിയവര്‍ പോലും ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നില്ല. നമ്മുടെയൊക്കെ ഉറക്കം കെടുത്തിയ കാശ്മീരിലെ ഖത്‌വാ സംഭവത്തിന് ശേഷം രാഷ്ട്രീയ നേതൃത്വങ്ങളുടെ ക്രൂരതക്കിരയായി കൊല്ലപ്പെട്ട യു.പി.യിലെ ഉന്നാവാ സഹോദരികളെയും അവരുടെ ബന്ധുക്കളെയും നാം മറന്നിട്ടില്ല.

ലൈംഗിക അതിക്രമങ്ങളിലും കുറ്റങ്ങളിലുമേര്‍പ്പെട്ട ക്രിമിനലുകള്‍ ആദ്യ നോട്ടത്തില്‍ എത്ര തന്നെ ഒററപ്പെട്ടവരോ സാമൂഹ്യമായി ദുര്‍ബലരോ ആയാലും ഇരകള്‍ സ്ത്രീകളും, കുട്ടികളുമാവുമ്പോള്‍ അവര്‍ക്ക് എവിടെന്നെല്ലാമോ ലഭിക്കുന്ന സഹായം കൊണ്ട് നിയമത്തിന്റെ പിടിയില്‍ നിന്ന് ഊരിപ്പോകാന്‍ കഴിയുന്നതെന്ത് കൊണ്ടാണ്്? അവരെ സഹായിക്കാന്‍ രാഷ്ട്രീയ ഇടപെടലുകളെ ചോദ്യം ചെയ്യാന്‍ സമൂഹ മനസ്സാക്ഷിക്ക് കഴിയാത്തത് സ്ത്രീകളെ പൗരത്വത്തില്‍ തുല്യ അധികാരമുളളവരായി ഇനിയും സമൂഹം അംഗീകരിച്ചിട്ടില്ലെന്ന ദു:ഖസത്യത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

ലോകത്തെത്തന്നെ ഞെട്ടി വിറപ്പിച്ച ഈ കോവിഡ് കാലത്തും ലൈംഗികാതിക്രമങ്ങളെക്കുറിച്ചെഴുതേണ്ടി വരിക, പറയേണ്ടി വരിക എന്നുളളത് വേദനാ ജനകമാണ്. ഇത്തരം കുറ്റകൃത്യങ്ങളോട് ഉദാസീനത പുലര്‍ത്തുന്ന ഒരു സാമൂഹ്യ മനോഭാവമാണോ ഇത് സൂചിപ്പിക്കുന്നത്?

എങ്ങോട്ടാണ് നമ്മുടെ രാജ്യം പോയിക്കൊണ്ടിരിക്കുന്നത്? എന്താണിതിന്നൊരു പ്രതിവിധി? ഭരണാധികാരികളും, ഉദ്യോഗസ്ഥരും ജാഗ്രതയോടെ കാര്യങ്ങള്‍ നിരീക്ഷിക്കുകയും ജാതിമതരാഷ്ട്രീയത്തിന്നതീതമായി നിന്ന് കൊണ്ട് കുറ്റവാളികള്‍ക്കെതിരെ നടപടിയെടുത്ത് ശിക്ഷ വാങ്ങിക്കൊടുക്കുകയും വേണം. ഈ കോവിഡ് കാലത്തും സമൂഹം ഉണര്‍ന്നിരിക്കേണ്ടതുണ്ട്. ഓരോ ദിവസവും വരുന്ന കേസുകള്‍ നമ്മെ അതോര്‍മ്മിപ്പിക്കുന്നു. ഇനിയും ഒരു കുഞ്ഞുമക്കളുടെയും നിലവിളി കേള്‍ക്കാതിരിക്കട്ടെ എന്നാശിക്കാം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വി.പി. സുഹ്‌റ

സാമൂഹ്യപ്രവര്‍ത്തക

Latest Stories

We use cookies to give you the best possible experience. Learn more