ഇന്ത്യ എ-യുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ വണ്‍ ഓഫ് ഫോര്‍ ഡേ ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി മിന്നു മണി. ഓസ്‌ട്രേലിയ എ-ക്കെതിരെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന മത്സത്തില്‍ അഞ്ച് വിക്കറ്റ് നേടിയാണ് ഇന്ത്യ എ-യുടെ ക്യാപ്റ്റന്‍ കൂടിയായ മിന്നു മണി തിളങ്ങിങ്ങിയത്.
രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 21 ഓവര്‍ പന്തെറിഞ്ഞ് 58 റണ്‍സ് മാത്രം വഴങ്ങിയാണ് മിന്നു ഫൈഫര്‍ നേട്ടം പൂര്‍ത്തിയാക്കിയത്. 2.76 എന്ന മികച്ച എക്കോണമിയിലാണ് മിന്നു പന്തെറിഞ്ഞത്.
മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ എ 212 റണ്‍സിന് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. മിന്നുവിന് പുറമെ ബൗളിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്ത പ്രിയ മിശ്രയാണ് ആതിഥേയരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതിരുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. 56 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്.
37 പന്തില്‍ 12 റണ്‍സ് നേടിയ എമ്മ ഡി ബ്രോഗിനെ പുറത്താക്കി പ്രിയ മിശ്രയാണ് ഇന്ത്യക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടേയിരുന്നു.
ടോപ് ഓര്‍ഡറില്‍ ജോര്‍ജിയ വോളിന്റെ പ്രകടനമാണ് ആതിഥേയര്‍ക്ക് തുണയായത്. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് വോള്‍ ക്രീസില്‍ നിലയുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
ടീം സ്‌കോര്‍ 94ല്‍ നില്‍ക്കവെ വോളിനെ മന്നത് കശ്യപ് പുറത്താക്കി. 95 പന്തില്‍ 71 റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്താകുന്നത്.
ലോവര്‍ മിഡില്‍ ഓര്‍ഡറിന്റെയും ലോവര്‍ ഓര്‍ഡറിന്റെയും ചെറുത്തുനില്‍പ്പാണ് ഓസീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. പത്താം നമ്പറിലിറങ്ങി 35 റണ്‍സ് നേടിയ ഗ്രേസ് പാര്‍സണ്‍സാണ് ഓസീസ് നിരയിലെ മികച്ച രണ്ടാമത് റണ്‍ ഗെറ്റര്‍.
49 പന്തില്‍ 30 റണ്‍സ് നേടിയ മെയ്റ്റലന്‍ ബ്രൗണും 87 പന്തില്‍ 26 റണ്‍സടിച്ച കെയ്റ്റ് പെറ്റേഴ്‌സണും ആതിഥേയര്‍ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.
മിന്നു മണി ഫൈഫര്‍ നേടിയപ്പോള്‍ ഫോര്‍ഫറുമായാണ് പ്രിയ തിളങ്ങിയത്. മന്നത് കശ്യപാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
ഓസീസ് ക്യാപ്റ്റന്‍ ചാര്‍ളി നോട്ട്, മാഡി ഡ്രേക്, മാല്‍ട്ടിയന്‍ ബ്രൗണ്‍ ലില്ലി മില്‍സ്, ഗ്രേസ് പാര്‍സണ്‍സ് എന്നിവരെ മിന്നു മടക്കിയപ്പോള്‍ എമ്മ ഡി ബ്രൂഗ്, നിക്കോള്‍ ഫാള്‍ടും, ടെസ് ഫ്‌ളിന്റോഫ്, കെയ്റ്റ് പെറ്റേഴ്‌സണ്‍ എന്നിവരെ പ്രിയയും മടക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നെങ്കിലും ആ തുടക്കം മുതലാക്കാന്‍ പിന്നാലെ വന്നവര്‍ക്കായില്ല. ശ്വേത സെഹ്‌രാവത് (120 പന്തില്‍ 40), തേജല്‍ ഹസ്‌ബെയ്ന്‍സ് (71 പന്തില്‍ 32), ശുഭ സതീഷ് (28 പന്തില്‍ 22) എന്നിവര്‍ മികച്ച രീതിയില്‍ ബാറ്റ് വീശി.
രണ്ടാം ദിവസം ലഞ്ചിന് പിന്നാലെ ബാറ്റിങ് വീണ്ടും ആരംഭിച്ച ഇന്ത്യക്ക് ക്യാപ്റ്റന്‍ മിന്നുവിന്റെ വിക്കറ്റും നഷ്ടമായി. 37 പന്തില്‍ 17 റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്താകുന്നത്.
നിലവില്‍ 65 ഓവര്‍ പിന്നിടുമ്പോള്‍ 162ന് എട്ട് എന്ന നിലയിലാണ് ഇന്ത്യ. 55 പന്തില്‍ 19 റണ്‍സുമായി സയാലി സത്ഗരെയും ഒരു പന്തില്‍ ഒരു റണ്‍സുമായി മന്നത് കശ്യപുമാണ് ക്രീസില്‍. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ 50 റണ്‍സിന് പിറകിലാണ്.
Content Highlight: INDW A vs AUSW A Minnu Mani picks 5 wickets against Australia A