കേരളത്തെ റബ്ബര്‍ വ്യവസായത്തിന്റെ ഹബ്ബാക്കും: മന്ത്രി പി. രാജീവ്
Kerala News
കേരളത്തെ റബ്ബര്‍ വ്യവസായത്തിന്റെ ഹബ്ബാക്കും: മന്ത്രി പി. രാജീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st March 2023, 5:36 pm

തിരുവനന്തപുരം: കേരളത്തെ റബ്ബര്‍ വ്യവസായത്തിന്റെ ഹബ്ബാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുകള്‍ കൊണ്ടുവന്ന വിവിധ നയങ്ങള്‍ നിരവധി റബ്ബര്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടപ്പോഴും, റബ്ബര്‍ കര്‍ഷകരെയും റബ്ബര്‍ വ്യവസായത്തേയും സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

റബ്ബര്‍ വില 300 രൂപയാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കുമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ നിലപാട് ചര്‍ച്ചയാകുന്നതിനിടെയാണ് പി. രാജീവിന്റെ പ്രസ്താവന.

കേരളത്തെ റബ്ബര്‍ വ്യവസായത്തിന്റെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 1050 കോടി രൂപ മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന പദ്ധതിയാണ് കേരള റബ്ബര്‍ ലിമിറ്റഡെന്നും മന്ത്രി പറഞ്ഞു.

‘കേരള റബ്ബര്‍ ലിമിറ്റഡ് പ്രഖ്യാപിച്ച് വളരെ പെട്ടെന്നുതന്നെ കമ്പനിയുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാനും സര്‍ക്കാരിന് സാധിച്ചു.

കോട്ടയം വെള്ളൂരിലെ 164 ഏക്കറില്‍ സ്ഥാപിക്കുന്ന കമ്പനിയുടെ പൈലിങ്ങ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 40 ഏക്കറില്‍ നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനുള്ള ടെന്‍ഡര്‍ നടപടികളും ഉടന്‍ കൈക്കൊള്ളും.

മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുന്നതിലൂടെ കേരളത്തില്‍ പ്രകൃതിദത്ത റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ക്കുള്ള സാഹചര്യമൊരുക്കാന്‍ സാധിക്കും. ഉത്പാദന രംഗത്ത് കൂടുതല്‍ സഹായം നല്‍കും.

റബ്ബര്‍ മേഖലയില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ നേട്ടം ലഭിക്കുന്നതിന് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് സൗകര്യമൊരുക്കും. ഈ മേഖലയില്‍ ടയര്‍ ടെസ്റ്റിംഗ്, ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങളും നടപ്പിലാക്കും. റബ്ബറധിഷ്ഠിത ഫോറങ്ങളെയും കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ലേലത്തില്‍ പങ്കെടുത്ത് ഏറ്റെടുത്ത ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഭൂമിയിലാണ് കേരള റബ്ബര്‍ ലിമിറ്റഡ് ആരംഭിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് പുത്തനുണര്‍വ് നല്‍കുന്നതിനൊപ്പം ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും,’ പി. രാജീവ് പറഞ്ഞു.