അഞ്ച് മിനിട്ട് കൊണ്ട് 50 കോടി രൂപയുടെ സംരംഭം ആരംഭിക്കാന്‍ പറ്റുന്ന നാടാണ് ഇന്ന് കേരളം: പി. രാജീവ്
Kerala News
അഞ്ച് മിനിട്ട് കൊണ്ട് 50 കോടി രൂപയുടെ സംരംഭം ആരംഭിക്കാന്‍ പറ്റുന്ന നാടാണ് ഇന്ന് കേരളം: പി. രാജീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st January 2023, 10:33 pm

കൊച്ചി: അഞ്ച് മിനിട്ട് കൊണ്ട് 50 കോടി രൂപയുടെ സംരംഭം ആരംഭിക്കാന്‍ പറ്റുന്ന നാടാണിന്ന് കേരളമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. സംരംഭം ആരംഭിക്കുന്നതിന് ജനങ്ങള്‍ക്ക് ഒരു തടസവുമുണ്ടാകില്ലെന്നും മന്ത്രി പിറഞ്ഞു.

ഇത് സാധ്യമാക്കുന്ന നിയമം നിയമസഭയില്‍ പാസാക്കിയിട്ടാണ് കേരളം സംരംഭക സൗഹൃദമാണെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

’50 കോടി രൂപ വരെയുള്ള നിക്ഷേപമാണെങ്കില്‍ അഞ്ച് മിനിട്ട് കൊണ്ട് കേരളത്തില്‍ എല്ലാ അനുമതിയും ലഭിക്കും എന്നുള്ള നിയമം നമ്മള്‍ പാസാക്കിയിട്ടുണ്ട്. കെ- സ്വിഫ്റ്റില്‍(K-SWIFT) പോയി ബന്ധപ്പെട്ടാല്‍ മതി.

50 കോടിക്ക് മുകളിലാണെങ്കില്‍ എല്ലാ രേഖകളും വെച്ച് അപേക്ഷ നല്‍കിയാല്‍ ഏഴ് ദിവസം കൊണ്ട് ലൈസന്‍സ് ലഭിക്കും. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പരാതി പരിഹാര കമ്മിറ്റിക്ക് പരാതി നല്‍കിയാല്‍ 30 ദിവസം കൊണ്ട് തീര്‍പ്പുണ്ടാകും.

ഏത് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ചവരുത്തിയാലും 15 ദിവസം കഴിഞ്ഞാല്‍ ആ ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്ന് ഫൈന്‍ ഈടാക്കാനും കേരള നിയമസഭാ നിയമത്തിലൂടെ തീരുമാനിച്ചിട്ടുണ്ട്. നമ്മള്‍ എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോയാല്‍ ഭാവി തലമുറക്ക് ഇവിടെത്തന്നെ ജോലി ചെയ്ത് അഭിമാനത്തോടെ മുന്നോട്ടുപോകുന്ന സാഹചര്യമുണ്ടാകും,’ പി. രാജിവ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങളാരംഭിച്ച 10,000 സംരംഭകരാണ് പരിപാടിയുടെ ഭാഗമായത്. ശനിയാഴ്ച കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയിലാണ് സംരംഭക വര്‍ഷം പരിപാടി സംഘടിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയ മുന്നേറ്റമാണ് സംരംഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തിന്റെ വ്യാവസായ- വാണിജ്യ മേഖലകളില്‍ ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം വ്യവസായത്തിനും വാണിജ്യത്തിനും അനുയോജ്യമല്ലെന്ന കുപ്രചരണങ്ങള്‍ക്ക് അന്ത്യം കുറിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം എട്ട് മാസത്തിനുള്ളില്‍ മറികടന്ന ഈ പദ്ധതി വഴി ഇതുവരെ 1,24,254 സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. അവയിലൂടെ 7,533 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിക്കുകയും 2,67,828 ത്തോളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു.