| Tuesday, 6th December 2022, 8:54 pm

കോക്കോണിക്‌സിന്റെ ഒരു സ്വിച്ച് കേടാകുന്നത് വലിയ വാര്‍ത്ത; ജിയോയില്‍ ലോകകപ്പ് സ്ട്രീമിങ് മോശമായത് ചര്‍ച്ചയേ അല്ല: പി. രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിദ്യാശ്രീ പദ്ധതി വഴി വിതരണം ചെയ്ത കൊക്കോണിക്‌സ് ലാപ്‌ടോപ്പുകളെ ചൊല്ലിയുള്ള പരാതികളില്‍ പ്രതികരിച്ച് വ്യവസായ മന്ത്രി പി. രാജീവ്. ലാപ്‌ടോപ്പിന്റെ പവര്‍ സ്വിച്ചില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അത് തിരിച്ചെടുത്ത് പരിഹരിക്കാനായെന്ന് മന്ത്രി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ലോകകപ്പ് വേളയില്‍ ജിയോ പോലൊരു വലിയ കമ്പനിയുടെ സ്ട്രീമിങ്ങിനെക്കുറിച്ച് മോശം അഭിപ്രായമുണ്ടെങ്കിലും അത് ചര്‍ച്ചയാകുന്നില്ലെന്നും പക്ഷേ കോക്കോണിക്‌സിന്റെ ഒരു സ്വിച്ച് കേടാകുന്നത് വലിയ വാര്‍ത്തയാണെന്നും മന്ത്രി പറഞ്ഞു.

‘കോക്കോണിക്‌സ് കെല്‍ട്രോണുമായി ചേര്‍ന്ന ഒരു സംവിധാനമാണ്. നല്ല രീതിയില്‍ തന്നെ അതിന്റെ ഉത്പാദനം നടന്നുപോകുന്നുണ്ട്. ചെറിയ മോഡല്‍ മുതല്‍ 88,000 രൂപ വരെയുള്ള മോഡലുകള്‍ അതിന്റെ ഭാഗമായി ഉത്പാദിപ്പിക്കുന്നുണ്ട്.

അടുത്തിടെ കുറച്ചു മോഡലുകള്‍ക്ക് പവര്‍ സ്വിച്ചില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത് തിരിച്ചെടുത്ത് പരിഹരിക്കാനായിരുന്നു. ലോകകപ്പ് വേളയില്‍ ജിയോ പോലൊരു വലിയ കമ്പനിയുടെ സ്ട്രീമിങ്ങിനെക്കുറിച്ച് മോശം അഭിപ്രായമുണ്ടെങ്കിലും അത് വലിയ രീതിയില്‍ ചര്‍ച്ചയാകുന്നില്ല. പക്ഷേ കോക്കോണിക്‌സിന്റെ ഒരു സ്വിച്ച് കേടാകുന്നത് വലിയ വാര്‍ത്തയാണ്.

പെട്ടെന്ന് തന്നെ ആ പ്രശ്‌നം പരിഹരിച്ചുവെങ്കിലും കോക്കോണിക്‌സ് പ്രശ്‌നമാണെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇത്തരത്തില്‍ കേരളത്തിലെ മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ഇകഴ്ത്തിക്കാണിക്കുന്ന ശ്രമങ്ങളെക്കൂടി പ്രതിരോധിക്കേണ്ടതുണ്ട്,’ പി. രാജീവ് പറഞ്ഞു.

ചെറുകിട ഉത്പ്പന്നങ്ങള്‍ക്ക് വിപണി പിടിക്കാന്‍ മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതിന്റെ ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്. കേരളത്തില്‍നിന്നുള്ള വസ്തുക്കള്‍ക്ക് നിലവില്‍ ആഗോള ശ്രദ്ധ ലഭിക്കുന്നുണ്ട്. ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സിന്റെ(ഒ.എന്‍.ഡി.സി) പിന്തുണയോടെ ഓപ്പണ്‍ നെറ്റ് വര്‍ക്ക് പ്ലാറ്റ്‌ഫോം വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ സംരംഭങ്ങളെ നിലനിര്‍ത്തുന്നതിനായി താലൂക്ക് വിപണനമേളകള്‍ നടത്തും. ജനുവരിയില്‍ എറണാകുളത്ത് സംരംഭക സംഗമം നടത്തും. സംരംഭക വര്‍ഷം വിജയിപ്പിക്കുന്നതില്‍ എല്ലാ ജനപ്രതിനിധികളും മികച്ച നേതൃത്വമാണ് നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.

Content Highlight: Industries Minister P. Rajeev Responding to the complaints regarding Coconics laptops distributed through the Vidyashree scheme

We use cookies to give you the best possible experience. Learn more