Kerala News
884.06 കോടിയുടെ വിറ്റുവരവ്; ചരിത്രം കുറിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 02, 01:42 pm
Saturday, 2nd April 2022, 7:12 pm

തിരുവനന്തപുരം: കൊവിഡ് സാഹചര്യം നിലനിന്ന ഘട്ടത്തിലും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങള്‍ 3884.06 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. സ്ഥാപനങ്ങളുടെ മൊത്തം പ്രവര്‍ത്തന ലാഭം 384.68 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വിറ്റുവരവില്‍ 562.69 കോടി രൂപയുടെ വര്‍ധനവും (16.94%) പ്രവര്‍ത്തന ലാഭത്തില്‍ 273.38 കോടി രൂപയുടെ വര്‍ധനവും(245.62%) ആണിതെന്നും മന്ത്രി പറഞ്ഞു.

2020-21 സാമ്പത്തിക വര്‍ഷം 41 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 16 കമ്പനികളായിരുന്നു ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 20 കമ്പനികള്‍ പ്രവര്‍ത്തന ലാഭം നേടിയിട്ടുണ്ട്. പുതുതായി 4 കമ്പനികള്‍ കൂടി ലാഭത്തില്‍ എത്തി.

പൊതുമേഖലയെ നവീകരിച്ചും ആധുനികവല്‍ക്കരിച്ചും ലാഭകരമാക്കിയും സംരക്ഷിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ചപ്പാടിനനുസൃതമായി മുന്നോട്ടുപോകാന്‍ ആദ്യ വര്‍ഷത്തില്‍ തന്നെ വ്യവസായ വകുപ്പിന് സാധിച്ചിരിക്കുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവശേഷിക്കുന്ന സ്ഥാപനങ്ങളെക്കൂടി ലാഭകരമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും പി. രാജീവ് അറിയിച്ചു.

സ്വകാര്യമേഖലയില്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊണ്ടതായും പി. രാജീവ് അറിയിച്ചു.

ഇ- പാര്‍ക്കുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാവശ്യമായ പിന്തുണ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 20 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഒരു ഏക്കറിന് 30 ലക്ഷം വരെ നല്‍കിക്കൊണ്ട് ഒരു എസ്റ്റേറ്റിന് പരമാവധി 3 കോടി രൂപ വരെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ നല്‍കും.

ഇതിനോടകം തന്നെ സര്‍ക്കാരിന് മുന്നില്‍ ഇരുപതിലധികം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. അതിവേഗത്തില്‍ തന്നെ ഈ അപേക്ഷകളില്‍ തീരുമാനം കൈക്കൊണ്ടുകൊണ്ട് ഈ മാസമോ മെയ് മാസമോ തന്നെ കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാര്‍ക്കിന് കല്ലിടാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS:  Industries Minister P Rajeev has said that public sector undertakings in Kerala have performed well.