പത്തനംതിട്ട: നിര്‍ദ്ദിഷ്ട ആറന്‍മുള വിമാനത്താവള പദ്ധതി പ്രദേശത്തെ 500 ഏക്കര്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നില്‍ ടി ബാലകൃഷ്ണന്‍ ഐ.എ.എസ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണത്തില്‍ വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്നു ടി.ബാലകൃഷ്ണന്‍. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടിയാണ് മറ്റുചിലരുമായി ചേര്‍ന്ന് ബാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചതെന്നും വിഎസ് പറഞ്ഞു.
ഇയാള്‍ മുന്‍പും എല്‍.ഡി.എഫ് [] സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചിരുന്ന ഉദ്യോഗസ്ഥനാണ്. ബാലകൃഷ്ണ പിള്ളയുടെ മരുമകനാണല്ലോ ബാലകൃഷ്ണന്‍. മുന്‍ ഇടത് സര്‍ക്കാര്‍ ആറന്മുളയില്‍ 2500 ഏക്കറാണ് വ്യവസായ മേഖലയായി പ്രഖ്യാപിച്ചതെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭയില്‍ പറഞ്ഞത്. ഇപ്പോള്‍ ഇത് തിരുത്തി, 2000 ഏക്കര്‍ കുറച്ച് വ്യവസായ മേഖലയാക്കിയത് 500 ഏക്കറാക്കിയത് എല്ലാവരും കണ്ടതല്ലേയെന്നും വി.എസ് ചോദിച്ചു.
ആറന്‍മുള വിമാനത്താവളത്തിന് സ്ഥലമേറ്റെടുക്കാന്‍ തീരുമാനിച്ചത് വ്യവസായവകുപ്പ് ആയിരുന്നു. സ്ഥലമേറ്റെടുക്കാന്‍ വിജ്ഞാപനം ഇറക്കിയത് മന്ത്രിസഭയുടെ തീരുമാനത്തോടെയല്ലെന്നും കൃഷിമന്ത്രിയായിരുന്ന മുല്ലക്കര രത്‌നാകരനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മുന്‍ സര്‍ക്കാരിന് പിഴവ് പറ്റിയിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ അത് തിരുത്തിക്കൂടേയെന്നും മുല്ലക്കര ചോദിച്ചു.