ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാംപെയ്ന്‍ സജീവമാകുന്നു.
ഹിന്ദുക്കള്‍ പൗരത്വ ബില്ലിനെതിരെ (#Hindus Against CAB ) എന്ന ഹാഷ് ടാഗോടെ നിരവധിപേരാണ് നിയമത്തിനെതിരെയും കേന്ദ്ര സര്‍ക്കാറിനെതിരെയും ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇതിനോടകം ട്വീറ്റുകള്‍ ട്വിറ്ററില്‍ ടോപ് ട്രെന്‍ഡുകളില്‍ ഇടംപിടിച്ചു കഴിഞ്ഞു.
ബി.ജെ.പി ഇന്ത്യയെ കത്തിക്കുകയാണെന്നും ഹിന്ദുക്കള്‍ പൗരത്വ ബില്ലിനെതിരാണെന്നും ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍.ജെ.ഡി നേതാവുമായ തേജശ്വി യാദവ് ട്വീറ്റ് ചെയ്തു.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയം ഇന്ത്യയില്‍ വിലപോകില്ലെന്നും സ്വാതന്ത്ര സമരത്തിനു വേണ്ടി ഒരുമിച്ചാണ് പോരാടിയതെന്നും നിയമത്തിനെതിരെയും ഒറ്റക്കെട്ടായിരിക്കുമെന്നും ട്വീറ്റുകളില്‍ പറയുന്നു.
വിവിധ രാഷ്ട്രീയ മുന്നണികളുടേയും മറ്റ് സംഘടനകളുടേയും നേതൃത്വത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് ചലച്ചിത്ര താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത് സുകുമാരന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോബോബന്‍, പാര്‍വതി തിരുവോത്ത്, ലിജോജോസ് പെല്ലിശ്ശേരി, റിമാ കല്ലിങ്കല്‍, ഷെയിന്‍ നിഗം തുടങ്ങിയ യുവ താരങ്ങളെല്ലാം പ്രതിഷേധത്തെ പിന്തുണച്ച് രംഗത്തെത്തി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തപ്പെടുകയാണ്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സര്‍വകലാശാലകളിലും വിവിധ രാഷ്ട്രീയ മുന്നണികളുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.
നിയമത്തിനെതിരെ ജാമിഅ മില്ലിയ സര്‍വ്വകലാശാലയില്‍ തുടങ്ങിയ പ്രതിഷേധത്തിന് കൂടുതല്‍ സര്‍വകലാശാലകള്‍ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഐ.ഐ.ടിയും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തെരുവിലേക്കിറങ്ങിയിട്ടുണ്ട്.