ന്യൂദല്‍ഹി: സിന്ധു നദീതട സംസ്‌കാരത്തില്‍ ജനങ്ങള്‍ക്കിടയില്‍ മാംസ ഭക്ഷണത്തിന്റെ ഉപയോഗം കൂടുതലായിരുന്നു എന്ന് പഠനം. ബീഫുള്‍പ്പെടെയുള്ള മാംസാഹാരങ്ങള്‍ സിന്ധു നദീതട സംസ്‌കാരത്തിലെ ജനങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് ‘ജേണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സ്’ ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം വ്യക്തമാക്കുന്നത്.
‘ വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ സിന്ധു നാഗരികതയിലെ ലിപിഡ് അവശിഷ്ടങ്ങള്‍’ എന്ന തലക്കട്ടില്‍ പ്രസിദ്ധീകരിച്ച പഠനം അക്കാലത്തെ ജനങ്ങളുടെ ഭക്ഷണശീലത്തെ വിശദമായി അവലോകനം ചെയ്യുന്നതാണ്.
കാംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പി.എച്ച്.ഡി ഗവേഷകനായ അക്ഷയേത സൂര്യനാരായണനാണ് പഠനം നടത്തിയത്. ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും ഹാരപ്പന്‍ സംസ്‌കാരത്തിലെ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന മണ്‍പാത്രങ്ങളുടെ ലിപിഡ് അവശിഷ്ടങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ഇതുവഴിയാണ് ഗവേഷകന്‍ അക്കാലത്തെ ജനതയുടെ ആഹാര ശീലങ്ങളെ കുറിച്ച് പഠിച്ചത്.
പന്നി, കന്നുകാലി, എരുമ, ചെമ്മരിയാട്, ആട്, തുടങ്ങിയ ഉതപ്ന്നങ്ങള്‍ക്ക് പുറമേ പാല്‍ ഉത്പന്നങ്ങളും സിന്ധു നദീതട സംസ്‌കാരത്തിലെ ജനങ്ങള്‍ ഉപയോഗിച്ചിരുന്നതായി പഠനം വ്യക്തമാക്കുന്നു.
കന്നുകാലികളെയും എരുമകളെയുമായിരുന്നു പ്രധാനമായും സിന്ധു നദീതട സംസ്‌കാരത്തിലെ ജനങ്ങള്‍ വളര്‍ത്തിയിരുന്നതെന്നും പഠനം പറയുന്നു. കന്നുകാലിയുടെയും, എരുമകളുടെയും എല്ലുകളാണ് ഈ പ്രദേശങ്ങളില്‍ നിന്ന് ഭൂരിഭാഗം കണ്ടെത്തിയത്. ആടിന്റേതും ചെമ്മരിയാടിന്റേയും കേവലം പത്ത് ശതമാനം എല്ലുകള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നും പഠനം പറയുന്നു.