ന്യൂദൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗിക അതിക്രമ പരാതി അന്വേഷിക്കുന്ന ആഭ്യന്തര സമിതി പുനസംഘടിപ്പിച്ചു. സമിതിയിൽ ജസ്റ്റീസ് ഇന്ദു മൽഹോത്രയെ കൂടി ഉൾപ്പെടുത്തി. ജസ്റ്റീസ് എൻ.വി. രമണ പിൻമാറിയതിനെ തുടർന്നാണ് ഇന്ദു മൽഹോത്ര സമിതിയുടെ ഭാഗമാകുന്നത്.
സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റീസ് എസ്.എ. ബോബ്ഡെ തലവനായ സമിതിയിൽ ജസ്റ്റീസുമാരായ ഇന്ദിരാ ബാനർജിയാണ് മറ്റൊരംഗം. ചീഫ് ജസ്റ്റീസ് കഴിഞ്ഞാൽ ഏറ്റവും സീനിയറായ ജഡ്ജിയാണു ജസ്റ്റീസ് എസ്.എ. ബോബ്ഡെ. രഞ്ജൻ ഗോഗൊയ് വിരമിച്ചതിനു ശേഷം ചീഫ് ജസ്റ്റീസ് പദവിയിലേക്ക് എത്തുന്നയാൾ കൂടിയാണ് അദ്ദേഹം. പരാതിക്കാരി ആക്ഷേപം ഉന്നയിച്ചതിനെ തുടർന്നാണ് ആഭ്യന്തര സമിതിയിൽനിന്ന് ജസ്റ്റീസ് രമണ പിൻമാറിയത്.
മുൻ ജൂനിയർ കോർട്ട് അസിസ്റ്റന്റാണ് ചീഫ് ജസ്റ്റീസിനെതിരേ ആരോപണമുന്നയിച്ച് 22 സുപ്രീം കോടതി ജഡ്ജിമാർക്ക് കത്ത് നൽകിയത്. 2018 ഒക്ടോബർ 10, 11 തീയതികളിൽ ന്യൂഡൽഹിയിലെ ചീഫ് ജസ്റ്റീസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസിൽ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം.