ഇന്ദു വി.എസ്. സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമ 19(1)(a) റിലീസിനൊരുങ്ങുകയാണ്. വിജയ് സേതുപതിയും നിത്യ മേനെനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2020ല്‍ പ്രഖ്യാപിക്കപ്പെട്ട 19(1)(a) ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്.
സിനിമകളിലെ സാധാരണ പെയറായിട്ടുള്ള നായിക നായകന്മാരല്ല വിജയ് സേതുപതിയും നിത്യ മേനെനെന്നും പറയുകയാണ് ഇന്ദു വി.എസ്. ഒ.ടി.ടി പ്ലേയോടായിരുന്നു അവരുടെ പ്രതികരണം. ‘അവരെ ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത് പരമ്പരാഗത നായകനായും നായികയായും അല്ല, അവരുടെ കഥാപാത്രങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അങ്ങനെയൊരു സിനിമയില്‍ അവരെ കാണാനുള്ള താല്‍പ്പര്യം പ്രേക്ഷകര്‍ക്ക് ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഇന്ദു പറഞ്ഞു.
ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകയായ ഇന്ദു വി.എസ്. തന്നെയാണ്. ആദാമിന്റെ മകന്‍ അബു, പത്തേമാരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സലിം അഹമ്മദിനൊപ്പം നേരത്തെ ഇന്ദു പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ദ്രജിത്ത് സുകുമാരന്‍, ദീപക് പാറമ്പോല്‍, ശ്രീകാന്ത് മുരളി, അതുല്യ, ഭഗത് മാനുവല്‍, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. ആന്റോ ജോസഫാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം.
ഇത് രണ്ടാം തവണയാണ് വിജയ് സേതുപതി മലയാള സിനിമയില്‍ എത്തുന്നത്. മുന്‍പ് ജയറാം നായകനായി എത്തിയ മര്‍ക്കോണി മത്തായിയില്‍ വിജയ് സേതുപതി അതിഥി വേഷത്തില്‍ എത്തിയിരുന്നു. വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്.
Content Highlight: indu vs says Nithya and Vijay Sethupathi are not traditional heroine and hero in 19(1)(a)