കേരളം സ്വപ്നം കണ്ട ഗന്ധര്‍വ സൗന്ദര്യവും പ്രഭയുമുള്ള ഒരാള്‍, അത്തരമൊരാളെ ഏതു സമൂഹവും സ്വന്തമാക്കിക്കളയും: ഇന്ദു മേനോന്‍
Entertainment news
കേരളം സ്വപ്നം കണ്ട ഗന്ധര്‍വ സൗന്ദര്യവും പ്രഭയുമുള്ള ഒരാള്‍, അത്തരമൊരാളെ ഏതു സമൂഹവും സ്വന്തമാക്കിക്കളയും: ഇന്ദു മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th April 2023, 3:42 pm

ഉത്തമ പുരുഷസങ്കല്പമാണ് മമ്മൂട്ടിയില്‍ നാം കേരളീയര്‍ കണ്ടതെന്ന് എഴുത്തുകാരി ഇന്ദുമേനോന്‍. എക്കാലത്തും സ്ത്രീയെയും പുരുഷനെയും ഒരുപോലെ ഭ്രമിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരുവനാണ് മമ്മൂട്ടിയെന്നും അത്തരമൊരാളെ ഏതു സമൂഹവും സ്വന്തമാക്കിക്കളയും എന്നത് നരവംശശാസ്ത്രപരമായിക്കൂടി സാധുതയുള്ള സത്യമാണെന്നും ഇന്ദു മേനോന്‍ പറഞ്ഞു.

ആത്മകഥയായ ‘ഞാനൊരു പാവം ഗിഥാറല്ലെ, എന്തിനാണു നീയെന്നെ കഠാരകൊണ്ട് മീട്ടുന്നത്?’ എന്ന പുസ്തകത്തിലെ ‘ഗന്ധര്‍വാനുരാഗത്തിന്റെ അമ്പത് മമ്മൂട്ടി വര്‍ഷങ്ങള്‍’ എന്ന ഭാഗത്തിലാണ് മമ്മൂട്ടിയെ കുറിച്ച് ഇന്ദു മേനോന്‍ കുറിച്ചത്.

‘മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് ഏഷ്യാനെറ്റിലെ അനീഷ് എന്നെ വിളിച്ച് എന്തുകൊണ്ട് മമ്മൂട്ടി 50 വര്‍ഷമായി ഇങ്ങനെ തുടരുന്നു എന്ന് ചോദിക്കയുണ്ടായി. 50 വര്‍ഷങ്ങളിലെ നായകത്വം, 50 വര്‍ഷങ്ങളിലെ യൗവനം, 50 വര്‍ഷത്തിലെ അഭിനയസപര്യ. മമ്മൂട്ടിയെക്കുറിച്ച് അങ്ങനെ ആലോചിച്ചപ്പോള്‍ പരിണാമപരമായ പല കാരണങ്ങളും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞു.

കേരളത്തിലെ മനുഷ്യര്‍ക്ക് ഉത്തമപുരുഷനെന്നാല്‍ രാജകലകള്‍ ഒത്തിണങ്ങിയ ഒരദൃശ്യ ഗന്ധര്‍വരൂപി തന്നെയാണ്. നല്ല ഉയരവും ഭംഗിയുള്ള പുഞ്ചിരിയും തിളക്കമേറിയ കണ്ണുകളും കറുത്ത പട്ടുനൂല്‍മുടിയും ആകാരസൗഷ്ഠവവുമുള്ള ഒരു പുരുഷന്‍. എക്കാലത്തും സ്ത്രീയെയും പുരുഷനെയും ഒരുപോലെ ഭ്രമിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരുവന്‍. മമ്മൂട്ടിയെ കേരളം പകരംവെക്കുന്നത് അങ്ങനെയാണ്.

അതിസുന്ദരനായ, സൗമ്യരൂപഭാവങ്ങളോടുകൂടിയ, മുഴക്കമുള്ള ആണ്‍ശബ്ദകാരിയായ, കിളരമേറിയവനും മനോഹരമായി പുഞ്ചിരിക്കുന്നവനുമായ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടി. കേരളം സ്വപ്നം കണ്ട ഗന്ധര്‍വ സൗന്ദര്യവും പ്രഭയും രീതികളുമുള്ള ഒരാള്‍. അത്തരമൊരാളെ ഏതു സമൂഹവും സ്വന്തമാക്കിക്കളയും എന്നത് നരവംശശാസ്ത്രപരമായിക്കൂടി സാധുതയുള്ള സത്യമാണ്.

അടിസ്ഥാനപരമായി കേരളത്തിന്റെ ഉത്തമ പുരുഷസങ്കല്പമാണ് നാം കേരളീയര്‍ മമ്മൂട്ടിയില്‍ കണ്ടെത്തിയത്. ‘കല്യാണത്തേന്‍നിലാ… കായ്ച്ചാത പാല്‍നിലാ’ എന്നവന്‍ പാടുമ്പോള്‍ അക്കാലത്തെ പെണ്‍ഹൃദയങ്ങളില്‍ ഉറുമാമ്പഴക്കാലങ്ങള്‍ തിണര്‍ത്തുവന്നത് അക്കാരണത്താലാണ്. വെറും ഗന്ധര്‍വനുമല്ല അവന്‍, കലാകാരനാണ്.

സ്ഫുടവും ആന്തരികവുമായ മായികശബ്ദത്താല്‍ അവന്‍ സംസാരിക്കുമ്പോള്‍ ലോകം ഇളകിമറിയുന്നു. ഇവിടുത്തെ ഗന്ധര്‍വന്‍ ഗായകനല്ല, പക്ഷേ, നല്ല അഭിനേതാവാണ്. യേശുദാസിന്റെ ശബ്ദവും സംഗീതവും ഒരുപക്ഷേ, അദ്ദേഹത്തെക്കാളധികം യോജിക്കുന്ന ആളാണ്. കാഴ്ചയിലും രൂപത്തിലും അഭിനയത്തിലും കെട്ടിലും മട്ടിലും ഗന്ധര്‍വസുകുമാരകലകള്‍ സൂക്ഷിക്കുന്ന ഒരാള്‍. അയാളെ നെഗേറ്റു ചെയ്യുവാന്‍ കേരളത്തിലെ മനുഷ്യര്‍ക്ക് കഴിയുകയില്ല,’ ഇന്ദു മേനോന്‍ കുറിച്ചു.

Content Highlight: indu menon writes about mammootty