| Friday, 27th April 2018, 9:47 pm

ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ

ബി. ബാലഗോപാല്‍

സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് കോടതിയില്‍ ഇടത് വലത് ചുമരുകളില്‍ രണ്ട് ഛായചിത്രങ്ങള്‍ ഉണ്ട്. സ്വന്തന്ത്ര ഇന്ത്യയുടെ ആദ്യ ചീഫ് ജസ്റ്റിസ് മധുകര്‍ ഹീരാലാല്‍ കാനിയുടെയും, നാലാമത്തെ ചീഫ് ജസ്റ്റിസ് ബി. കെ മുഖര്‍ജിയുടെയും ഛായചിത്രങ്ങള്‍ ആണ് അത്. ഇന്ത്യന്‍ ജുഡീഷറിയുടെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് മൂക സാക്ഷി ആണ് ഈ രണ്ട് ഛായ ചിത്രങ്ങളും.

ചീഫ് ജസ്റ്റിസ് മധുകര്‍ ഹീരാലാല്‍ കാനിയുടെയും, ചീഫ് ജസ്റ്റിസ് ബി. കെ മുഖര്‍ജിയുടെയും ഛായചിത്രങ്ങളെ സാക്ഷി നിറുത്തി സുപ്രീം കോടതിയില്‍ ഇന്ന് മറ്റൊരു ചരിത്ര മുഹൂര്‍ത്തം കൂടി കടന്ന് പോയി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത അഭിഭാഷക നേരിട്ട് സുപ്രീം കോടതി ജഡ്ജി ആയി ഇന്ന് സത്യാപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു. ഇതിന് മുമ്പ് വെറും ആറ് വനിതകള്‍ക്ക് മാത്രമാണ് സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് കോടതിയില്‍ ജഡ്ജി ആയി സത്യപ്രതിജ്ഞ ചെയ്യാന്‍ ഭാഗ്യം ഉണ്ടായിട്ടുള്ളത്.

ജുഡീഷ്യറിലെ വിവാദങ്ങള്‍ക്ക് ഇടയില്‍ ആണ് ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത് എങ്കിലും, എല്ലാം പതിവ് പോലെ മനോഹരം ആയി കടന്ന് പോയി. രാവിലെ 10. 20 ഓടെ തന്നെ ചീഫ് ജസ്റ്റിസ് കോടതി നിറഞ്ഞു. പലര്‍ക്കും സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാന്‍ കോടതിക്ക് ഉള്ളിലേക്ക് കടക്കാന്‍ സാധിച്ചില്ല. സത്യപ്രതിജ്ഞ ആരംഭിക്കുന്നതിനും വളരെ മുമ്പ് തന്നെ സോളി സൊറാബ്ജിയും ഭാര്യയും എത്തി. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും ഒന്നാം നിരയില്‍ എത്തി സോളി സൊറാബ്ജിക്ക് അടുത്ത് ഇരുന്നു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മാര്‍ ഏതാണ്ട് എല്ലാവരും ഉണ്ടായിരുന്നു.

കോടതിക്ക് പുറത്തും, അകത്തും നല്ല ചൂട്. ഇതിനിടയില്‍ പലര്‍ക്കും ആകാംഷ. ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജി ആയി ഉയര്‍ത്തണം എന്ന കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കിയ സാഹചര്യത്തില്‍ ജസ്റ്റിസ് ചെലമേശ്വറും, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും, ജസ്റ്റിസ് മദന്‍ ബി ലോക്കൂറും ജസ്റ്റിസ് കുര്യന്‍ ജോസഫ്ഉം, സത്യാപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമോ? അതോ അവര്‍ വിട്ട് നില്‍ക്കുമോ? ഇതിനിടയില്‍ ജസ്റ്റിസ് കെ എം ജോസെഫിന്റെ നിയമന ശുപാര്‍ശ മടക്കിയതിനെ വിമര്‍ശിച്ച് മുന്‍ ചീഫ് ജസ്റ്റിസ് മാരായ ആര്‍ എം ലോധയും, ഠി. എസ് താക്കൂറും ഇന്ത്യന്‍ എക്‌സ്പ്രസ്സ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തെ കുറിച്ചായി അഭിഭാഷകര്‍ക്ക് ഇടയിലെ ചര്‍ച്ച.

തിരക്ക് അസഹ്യമായി. തിരക്കിന് ഇടയിലും എന്റെ ശ്രദ്ധ മുഴുവന്‍ പോഡിയത്തിലെ കസേരകളില്‍ ആയിരുന്നു. എത്ര ജഡ്ജിമാര്‍ ഉണ്ടോ, അതിന് അനുസരിച്ചുള്ള കസേര മാത്രമേ പോഡിയത്തില്‍ ഇടാറുള്ളു. സത്യപ്രതിജ്ഞ ചടങ്ങിന് രണ്ട് നിരകളില്‍ ആയിട്ടാണ് ജഡ്ജിമാരുടെ ഇരിപ്പിടം ഒരുക്കിയിരുന്നത്. ആദ്യ നിരയുടെ മധ്യത്തില്‍ ചീഫ് ജസ്റ്റിസിനും, പുതിയ ജഡ്ജിക്കും സത്യപ്രതിജ്ഞ ചെയ്യാന്‍ ഉള്ള രണ്ട് കസേരകള്‍ ഒഴിച്ചിട്ടിരുന്നു. ഇരുപത്തി നാല് കസേര എണ്ണികഴിഞ്ഞപ്പോള്‍ ഒരു കാര്യം വ്യക്തമായി, ഒരു ജഡ്ജിയും ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ല.

കണക്ക് കൂട്ടലുകള്‍ തെറ്റിയില്ല. 10.28 ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പുഞ്ചിരിച്ച് കൊണ്ട് പോഡിയത്തില്‍ എത്തി. അദ്ദേഹത്തിന്റെ തൊട്ട് പിന്നാലെ ഗൗരവ്വത്തിന് ഒട്ടും അയവ് വരുത്താതെ ജസ്റ്റിസ് ജെ ചെലമേശ്വറും, ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയും. നാലാമതായി പുഞ്ചിരിച്ച് കൊണ്ട് കോടതിയില്‍ എത്തിയത് സീനിയോറിറ്റിയില്‍ അഞ്ചാമനായ ജസ്റ്റിസ് കുര്യന്‍ ജോസഫ്. സീനിയോറിറ്റിയില്‍ നാലാമന്‍ ആയ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ ഇന്നും അവധി ആയിരുന്നു. കൊളീജിയത്തിലെ ജഡ്ജിമാര്‍ എത്തിയതിന് തൊട്ട് പിന്നാലെ ജഡ്ജസ് ചേംബറില്‍ നിന്ന് ചീഫ് ജസ്റ്റിസ് കോടതിയിലേക്ക് കടക്കാവുന്ന ഇടത് വലത് ഭാഗങ്ങളിലെ വാതിലൂടെ മറ്റ് ജഡ്ജിമാരും ചീഫ് ജസ്റ്റിസ് കോടതിയിലെ പോഡിയത്തില്‍ എത്തി.

ഏറ്റവും ഒടുവില്‍ ആയിട്ടാണ് ഇന്ദു മല്‍ഹോത്ര പോഡിയത്തില്‍ എത്തിയത്. രണ്ടാം നിരയിലെ ഇടത് ഭാഗത്തെ അവസാന കസേരയില്‍ ഇന്ദു മല്‍ഹോത്ര ഇരുന്നു. സുപ്രീം കോടതിയിലെ മറ്റൊരു വനിത ജഡ്ജി ആയ ആര്‍ ഭാനുമതിയുടെ ഇരിപ്പിടം ഒന്നാം നിരയില്‍ ആയിരുന്നു.

സെക്രട്ടറി ജനറല്‍ രവീന്ദ്ര മൈതാനി, ഇന്ദു മല്‍ഹോത്രയെ ജഡ്ജി ആയി നിയമിച്ച് കൊണ്ട് പുറപ്പടിവിച്ച വിജ്ഞാപനം വായിച്ചു. തുടര്‍ന്ന് സത്യപ്രതിജ്ഞക്ക് ഇന്ദു മല്‍ഹോത്രയെ ക്ഷണിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് മുമ്പാകെ അവര്‍ സത്യവാചകം വായിച്ചു. അങ്ങനെ ഇന്ദു മല്‍ഹോത്ര ഇന്ത്യയുടെ 7 മാത് വനിത ജഡ്ജി ആയി അധികാരം ഏറ്റു. ചടങ്ങ് കഴിഞ്ഞു എന്ന് സെക്രട്ടറി ജനറല്‍ രവീന്ദ്ര മൈതാനി അറിയിച്ചതോടെ ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി.

ഇന്ദു മല്‍ഹോത്രയുടെ സഹോദരിമാരായ സാക്ഷി കപിലയും രവി മേത്തയും സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാന്‍ ആയി എത്തിയിരുന്നു. രവി മേത്തയുടെ മക്കള്‍ വികാസ് മേത്തയും, വിക്രം മേത്തയും ഉണ്ടായിരുന്നു. വികാസ് സുപ്രീം കോടതിയിലെ അഭിഭാഷകന്‍ ആണ്. ഇന്ദു മല്‍ഹോത്രയ്ക്ക് ഒരു മലയാളി കണക്ഷന്‍ ഉണ്ട്. ഇന്ദു മല്‍ഹോത്രയുടെ ജൂനിയര്‍ ആയിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ സ്റ്റാന്റിംഗ് കൗണ്‍സില്‍ ലിസ് മാത്യു. മല്‍ഹോത്ര കുടുംബത്തിലെ ഒരു അംഗത്തിനെ പോലെ ആണ് ലിസ്. അത് കൊണ്ട് കൂടി ആകാം, ലിസ് ഇന്ന് അകെ തിരക്കില്‍ ആയിരുന്നു.

ജസ്റ്റിസ് ഫാത്തിമ ബീവി ആണ് സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി. അതിന് ശേഷം സുജാത മനോഹര്‍. മൂന്നാമത്തെ വനിത ജഡ്ജി രുമ പാല്‍ വിരമിക്കുന്നത് ഞാന്‍ സുപ്രീം കോടതി ബീറ്റ് കവര്‍ ചെയ്യാന്‍ തുടങ്ങിയതിന് ശേഷം ആണ്. ജസ്റ്റിസ് രുമ പാല്‍, ജസ്റ്റിസ് രഞ്ജന ദേശായി, ജസ്റ്റിസ് ഗ്യാന്‍ സുധ മിശ്ര എന്നീ നാല് വനിത ജഡ്ജിമാരുടെ കോടതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇനി മുതല്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെയും.

ബി. ബാലഗോപാല്‍

We use cookies to give you the best possible experience. Learn more