ന്യൂദല്‍ഹി: ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി കേവലം ശബരിമലയെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്ന് സുപ്രീം കോടതി ജഡ്ജി ഇന്ദു മല്‍ഹോത്ര. അതിന് വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഭൂരിപക്ഷ വിധിയോട് വിയോജിച്ചുകൊണ്ടുള്ള തന്റെ വിധിന്യായത്തില്‍ ഇന്ദു മല്‍ഹോത്ര മുന്നറിയിപ്പു നല്‍കുന്നു.
“ഇപ്പോഴത്തെ വിധി ശബരിമലയില്‍ മാത്രം ഒതുങ്ങുന്നതല്ല. അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും. ആഴത്തില്‍ അടിയുറച്ച മതവികാരങ്ങളെ സാധാരണ രീതിയില്‍ കൈകാര്യം ചെയ്യരുത്.” എന്നാണ് ഇന്ദു മല്‍ഹോത്ര പറഞ്ഞത്.
“മതവികാരങ്ങളെ സമത്വത്തിനുള്ള അവകാശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഊന്നി പരിശോധിക്കരുത്. എന്ത് ആചാരം പാലിക്കണമെന്നത് കോടതിയല്ല വിശ്വാസികളാണ് തീരുമാനിക്കേണ്ടത്.” എന്നും അവര്‍ പറഞ്ഞിരുന്നു.
കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് സംസാരിച്ചത്. ആഴത്തിലുള്ള മതവിശ്വാസങ്ങള്‍ക്കുമേല്‍ കോടതി ഇടപെടല്‍ പാടില്ലെന്നു പറഞ്ഞാണ് ഇന്ദു മല്‍ഹോത്ര സ്ത്രീപ്രവേശനത്തെ എതിര്‍ത്തത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 എന്നിവരുടെ സംരക്ഷണം ശബരിമല ക്ഷേത്രത്തിനും പ്രതിഷ്ഠയ്ക്കുമുണ്ട്. മതത്തിന്റെ കാര്യത്തില്‍ യുക്തിചിന്ത കാണാന്‍ പാടില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ആ വിശ്വാസി വിഭാഗത്തിലെ അല്ലെങ്കില്‍ മതത്തിലെ ഏതെങ്കിലും വ്യക്തി സ്ത്രീപ്രവേശനം ആവാമെന്നു പറഞ്ഞ് മുന്നോട്ടുവരുന്നതുവരെ കോടതി ഈ വിഷയത്തില്‍ ഇടപെടരുതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഒരു പ്രത്യേക മതവിഭാഗമെന്ന സ്ഥാനം അയ്യപ്പന്മാര്‍ക്കുണ്ടെന്നും അവര്‍ നിരീക്ഷിച്ചു.
ഇന്നു രാവിലെയാണ് ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഒഴികെയുള്ള ന്യായാധിപന്‍മാര്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയായിരുന്നു.
സുപ്രീം കോടതി സ്ത്രീകളെ ചെറുതായോ ദുര്‍ബലരായോ കാണേണ്ടതില്ലെന്നും ഇരട്ട നയം സ്ത്രീകളുടെ അന്തസ്സ് ഇടിക്കുന്നതാണെന്നും ശാരീരിക ജൈവിക കാരണങ്ങള്‍ വിശ്വാസത്തിന് തടസമാകരുതെന്നും കോടതി പറഞ്ഞിരുന്നു.
സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് താഴെയല്ല. ശബരിമല വിശ്വാസി സമൂഹം എന്ന പ്രത്യേക ഗണമില്ല. എന്‍.എസ്.എസും ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടുള്ളവരും ഉന്നയിച്ച വാദവും സുപ്രീം കോടതി തള്ളിയിരുന്നു.