വസ്ത്രാലങ്കാരത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച വ്യക്തിയാണ് ഇന്ദ്രന്‍സ്. ഹാസ്യ നടനായാണ് അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ വലിയൊരു ഭാഗം കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഇന്ദ്രന്‍സ് ഇന്ന് വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.
ഇന്ദ്രന്‍സും ഹരിശ്രീ അശോകനും ദിലീപും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചാബി ഹൗസ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഇത്. പഞ്ചാബി ഹൗസിലെ ഓരോ സീനുകളും ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചിരി പടര്‍ത്തുന്നവയാണ്. പഞ്ചാബി ഹൗസിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രന്‍സ്.
ചിത്രത്തിലെ ഹരിശ്രീ അശോകനും ഇന്ദ്രന്‍സും കൂടി പല്ലുതേച്ചുകൊണ്ട് സംസാരിക്കുന്ന കോമഡി രംഗം ഒഴിവാക്കി പകരം മറ്റൊന്ന് ചേര്‍ക്കാം എന്ന് എല്ലാവരും പറഞ്ഞപ്പോള്‍ ഹരിശ്രീ അശോകന്റെ നിര്‍ബന്ധത്തില്‍ ആ സീന്‍ സിനിമയില്‍ വെക്കുകയായിരുന്നെന്ന് ഇന്ദ്രന്‍സ് പറയുന്നു. ഏഷ്യാവില്ലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പഞ്ചാബി ഹൗസിലെ കള്ളുകുടിച്ച് പിറ്റേന്ന് പല്ലുതേച്ച് തലേന്ന് നടന്ന കാര്യമെല്ലാം സ്വപ്നം കണ്ടതുപോലെ പറയുന്ന ആ സീനില്ലേ, അത് ആദ്യം ഒഴിവാക്കാന്‍ വേണ്ടി നിന്നതായിരുന്നു. അത് മാറ്റി വേറൊരു സീന്‍ വെക്കാമെന്നായിരുന്നു സംവിധായകനടക്കം എല്ലാവരും പറഞ്ഞത്. അപ്പോള്‍ ഹരിശ്രീ അശോകന്‍ ചെന്ന് ഒരുപാട് വട്ടം പറഞ്ഞു, നമുക്ക് ഇത് തന്നെ മതിയെന്ന്.
പിന്നീട് സിനിമയിലേക്ക് ചേര്‍ക്കാമെന്ന് തീരുമാനിച്ചു. അതിന് ശേഷം പടത്തിന് നീളം കൂടുതലാണെന്ന് കണ്ടപ്പോള്‍ വീണ്ടും ആ സീന്‍ ഒഴിവാകാം എന്ന് പറഞ്ഞു. അങ്ങനെ കളഞ്ഞത് തിരിച്ച് കേറ്റിയതാണ് പിന്നീട് ഹിറ്റായി മാറിയത്. നമ്മള്‍ ആലോചിക്കേണ്ടത് ആ സീനിന്‍ പകരം കളഞ്ഞത് ചിലപ്പോള്‍ ഇതിനേക്കാള്‍ മുകളില്‍ ഹിറ്റാകുമായിരുന്നിരിക്കും. പടത്തിനെ അതിന്റെ സമയ പരിമിതിയില്‍ എത്തിക്കാന്‍ വേണ്ടിയിട്ട് ഒരുപാട് നല്ല ഭാഗങ്ങള്‍ കളയേണ്ടി വരും,’ ഇന്ദ്രന്‍സ് പറയുന്നു.