ഇപ്പോള്‍ തനിക്ക് അഭിനയത്തോടാണ് കൊതിയെന്ന് നടന്‍ ഇന്ദ്രന്‍സ്. മറ്റ് കാര്യങ്ങള്‍ക്ക് പിന്നാലെ പോയാല്‍ അഭിനയത്തില്‍ മുന്നേറാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിനയത്തില്‍ ഒരുപാട് ദൂരം സഞ്ചരിച്ച താരം സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ വളരെ പിന്നിലാണെന്ന് പലപ്പോഴും സ്വയം പറയാറുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് പറയുകയാണ് ഇന്ദ്രന്‍സ്.
പല തവണ പുതിയ ഫോണ്‍ വാങ്ങി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ തന്നെകൊണ്ട് ഉപയോഗിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഉപേഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പത്രം വായിക്കുമ്പോള്‍ കിട്ടുന്ന തൃപ്തി തനിക്ക് മറ്റൊന്നിലും കിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. കനകക്കുന്ന് അക്ഷരോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ ‘ജീവിതം നെയ്ത കാലം’ എന്ന സെഷനില്‍ സംസാരിച്ചപ്പോഴാണ് ഇന്ദ്രന്‍സ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘നല്ല കുറേ കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അതിനുള്ള അവസരമൊക്കെ കിട്ടുന്നത് ഇപ്പോഴാണ്. ഇപ്പോള്‍ എന്റെ കൊതി അഭിനയത്തിലാണ്. അങ്ങനെ വരുമ്പോള്‍ ഞാന്‍ മറ്റ് കാര്യങ്ങള്‍ നോക്കാന്‍ പോയാല്‍ ഞാന്‍ ഇവിടെ തന്നെ നിന്നുപോകും. എല്ലാ ദിവസവും പത്രം നിവര്‍ത്തി വായിക്കണം. പത്രം വായിക്കുന്നതിന്റെ സുഖമൊന്നും ഫോണില്‍ കിട്ടില്ല. എല്ലാ കാര്യവും ഇപ്പോള്‍ ഫോണില്‍ കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ കുട്ടികള്‍ കാലത്ത് മുതല്‍ ഫോണില്‍ നോക്കിയിരിക്കിയിരുന്ന് വായിക്കുന്നത് കാണാം.
പക്ഷെ എനിക്കത് പറ്റില്ല. എനിക്കൊരു തൃപ്തി കിട്ടണമെങ്കില്‍ ഉറപ്പായും പത്രം വായിക്കണം. അതുപോലെ ഒരുപാട് കാര്യങ്ങളുണ്ട്. ഒന്ന് രണ്ട് പ്രാവശ്യം ഫോണ്‍ വാങ്ങി ഉപയോഗിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കുട്ടികള്‍ വാങ്ങി തന്നതായിരുന്നു അത്. പക്ഷെ എന്നെക്കൊണ്ട് കഴിഞ്ഞില്ല. ഒന്നാമത് ഫോണിലുള്ളത് പലതും ഇംഗ്ലീഷിലുള്ള കാര്യങ്ങളാണ് അതൊന്നും നോക്കി ചെയ്യാന്‍ അറിയില്ല.
പിന്നെ ഈ ഫോണൊക്കെയുള്ളവര്‍ പറയുന്നത് കേള്‍ക്കാം ഒരുപാട് ഗുഡ് മോര്‍ണിങ്, ഗുഡ് നൈറ്റ് മെസേജുകള്‍ വരും, നമ്മള്‍ മറുപടി കൊടുത്തില്ലെങ്കില്‍ അവര്‍ക്ക് വിഷമം വരുമെന്ന്. നമ്മള്‍ മെസേജ് എടുത്ത് നോക്കിയിട്ട് പതുങ്ങിയിരുന്നാല്‍ അവര്‍ അറിയും എന്നൊക്ക. അത് എന്തായാലും ഗുണത്തിനേക്കാള്‍ ഏറെ ദോഷമായിരിക്കും ചെയ്യുക. ഇതാകുമ്പോള്‍ മെസേജ് കണ്ടാലും കണ്ടില്ലെങ്കിലുമൊന്നും ആരും അറിയില്ലല്ലോ,’ ഇന്ദ്രന്‍സ് പറഞ്ഞു.
content highlight: indrans talks about new technology