വസ്ത്രാലങ്കാരത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച വ്യക്തിയാണ് ഇന്ദ്രന്‍സ്. ഹാസ്യ നടനായാണ് അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ വലിയൊരു ഭാഗം കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഇന്ദ്രന്‍സ് ഇന്ന് വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.
ഇന്ദ്രന്‍സ് റിപ്പറായി വേഷമിട്ട ചിത്രമാണ് അഞ്ചാം പാതിരാ. മിനിറ്റുകള്‍ മാത്രമുള്ള വേഷമായിരുന്നിട്ടുപോലും ഇന്നും സോഷ്യല്‍ മീഡിയയില്‍ ഇന്ദ്രന്‍സിന്റെ റിപ്പര്‍ ചര്‍ച്ചയാകാറുണ്ട്. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ റിപ്പറിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രന്‍സ്.
അഞ്ചാം പാതിരയിലെ കഥാപാത്രം അധികം പറയാതെ തന്നെ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ടെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരം കഥാപാത്രങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. റിപ്പറെ പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയുള്ള പ്രവര്‍ത്തികളിലൂടെ ആനന്ദം കണ്ടെത്തുന്നവരുണ്ടെന്നും അവരുടെ ഭാഗത്തുനിന്ന് ആ കഥാപാത്രത്തിന് വേണ്ടി ചിന്തിച്ചിട്ടുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു.
അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണെന്നും അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ഒരു കൂടുമാറ്റമാണെന്നും പറഞ്ഞ ഇന്ദ്രന്‍സ് എല്ലാ മനുഷ്യരിലും ഒരു മൃഗമുണ്ടെന്നും അതിലേക്ക് ചേക്കേറാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ കിട്ടാന്‍ കാത്തിരിക്കുയാണെന്നും കൂട്ടിച്ചേര്‍ത്തു.
‘ഒരുപാട് കാര്യങ്ങള്‍ പറയാതെ പറഞ്ഞ ഒരു കഥാപാത്രമായിരുന്നു അത്. ചെറിയൊരു സീനില്‍ ആ കഥാപാത്രത്തിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞു. നമ്മള്‍ അത്തരം കഥാപാത്രങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. അത്തരം പ്രവര്‍ത്തികളില്‍ ആനന്ദം കണ്ടെത്തുന്ന ചിലരുണ്ട്. അവരുടെ ഭാഗത്ത് നിന്ന് എങ്ങനെയായിരിക്കും അത് എന്ന് ചിന്തിച്ചു നോക്കിയിരുന്നു. അങ്ങനെ ചെയ്ത കഥാപാത്രമായിരുന്നു അത്.
അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണ്. എന്തെങ്കിലുമൊക്കെ പ്രത്യേകത വേണ്ടേ, അത് ഒരുതരം കൂടുമാറല്‍ കൂടിയല്ലേ. എല്ലാ മനുഷ്യരിലും ഒരു മൃഗമുണ്ടല്ലോ. അത്തരത്തില്‍ പുറത്തെടുക്കാതെ വെച്ചിരിക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. അതിലേക്ക് ചേക്കേറാന്‍ എന്തെങ്കിലുമൊന്ന് കിട്ടണം. കാത്തിരിക്കുകയാണ്,’ ഇന്ദ്രന്‍സ് പറയുന്നു.
Content Highlight: Indrans Talks About His Character In Anjaam Pathiraa