വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് നടൻ ഇന്ദ്രൻസ്. വസ്ത്രലങ്കാരത്തിലൂടെയാണ് ഇന്ദ്രൻസ് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നതെങ്കിലും ഹാസ്യ താരമായി അഭിനയിക്കാൻ തുടങ്ങിയ ശേഷമാണ് വലിയ രീതിയിൽ ശ്രദ്ധ നേടാൻ തുടങ്ങിയത്.
കരിയറിന്റെ വലിയൊരു ഭാഗം കോമഡി വേഷങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന ഇന്ദ്രൻസ് ഇന്ന് വേറിട്ട കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.
മലയാളത്തിലെ മുൻനിര തരങ്ങളോടൊപ്പമെല്ലാം അഭിനയിച്ച നടനാണ് ഇന്ദ്രൻസ്. മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രൻസ്. ഒരു ഹാസ്യ നടൻ എന്ന നിലയിൽ തനിക്ക് ഏറെ പ്രചോദനമായ നടനാണ് മോഹൻലാലെന്നും അധികം സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇന്ദ്രൻസ് പറയുന്നു. മോഹൻലാലുള്ള സിനിമ സെറ്റ് വളരെ രസകരമാണെന്നും ഇന്ദ്രൻസ് പറയുന്നു.
‘ലാൽ സാറുമായി അങ്ങനെ ഒരുപാട് സിനിമകൾ ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. കുറച്ച് സിനിമകൾ. അത് തന്നെ സാറിന്റെ ഓടിയ സിനിമകളിൽ ചേരാൻ പറ്റിയതാണ്. എനിക്ക് അപൂർവം സിനിമകളെയുള്ളൂ.
പക്ഷെ അതിന് മുമ്പ് വസ്ത്രാലങ്കാരം ചെയ്യുന്ന സമയത്ത് തന്നെ സാറുള്ള സമയത്ത് സെറ്റിൽ നല്ല ഉണർവാണ്. സാറിന്റെ ചിരിയും എല്ലാവരോടുമുള്ള ഇടപെടലുമൊക്കെ ഹാസ്യ നടനായത് കൊണ്ട് എനിക്കും ഒരുപാട് പ്രചോദനമായിട്ടുണ്ട്,’ഇന്ദ്രൻസ് പറയുന്നു.
ഹാസ്യം ഇത്രയും നന്നായി ഒതുക്കി ചെയ്യുന്ന മറ്റൊരു നടനില്ലെന്നും മോഹൻലാലും ജഗതിയും ഒന്നിച്ചുള്ള ലൊക്കേഷൻ വലിയ രസമാണെന്നും അദ്ദേഹം പറഞ്ഞു.
‘ബാലേട്ടൻ എന്ന ചിത്രത്തിലൊക്കെ അദ്ദേഹത്തോടൊപ്പം ശരിക്കും നല്ല മുഹൂർത്തങ്ങളുണ്ട്. അതൊക്കെ നല്ല ഒഴുക്കുള്ള അഭിനയമാണ്. ഹാസ്യം ഇത്ര നന്നായി ഒതുക്കി ചെയ്യുന്ന ഒരാൾ എനിക്ക് തോന്നുന്നത് ലാൽ സാർ മാത്രമാണ്. ജഗതി ചേട്ടനെയും വലിയ ഇഷ്ടമാണ്. ജഗതി ചേട്ടനും ലാൽ സാറും കൂടെ കൂടിയാൽ സിനിമയിൽ മാത്രമല്ല ആ സെറ്റിലും നല്ല രസമാണ്,’ഇന്ദ്രൻസ് പറഞ്ഞു.
Content Highlight: Indrans Talk About How Mohanlal inspired him