വസ്ത്രാലങ്കാരവും അഭിനയവും ഏറെ ശ്രദ്ധ വേണ്ട ജോലിയാണെന്ന് നടന്‍ ഇന്ദ്രന്‍സ്. അഭിനയിക്കുമ്പോള്‍ കഥാപാത്രം ചെയ്ത് കഴിഞ്ഞാല്‍ തീരുമെന്നും വസ്ത്രാലങ്കാരം സിനിമ തുടങ്ങുന്നതിന് മുന്‍പേ തുടങ്ങി തീരുന്നത് വരെ കൂടെയുണ്ടാകേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്ത്രാലങ്കാരത്തെയും അഭിനയത്തെയും എങ്ങനെയാണ് കാണുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഇന്ദ്രന്‍സ്.
‘വസ്ത്രാലങ്കാരത്തിനും അഭിനയത്തിനും ഒത്തിരി ശ്രദ്ധ വേണം. വസ്ത്രാലങ്കാരം അലച്ചിലും അന്വേഷണവുമൊക്കെ വേണ്ടതാണ്. കുറേ കൂടി സമയവും വേണം. വസ്ത്രാലങ്കാരം സിനിമ തുടങ്ങുന്നതിന് മുന്‍പ് തുടങ്ങി, അത് അവസാനിക്കാതെ അവിടെ നിന്നും വിടുതലില്ല. അഭിനയിക്കുമ്പോള്‍ നമുക്ക് നമ്മുടെ കഥാപാത്രം ചെയ്ത് ഒഴിയാം. ക്യാരക്ടര്‍ നല്ലതാണെങ്കില്‍, ഒരു സ്വപ്‌നം പോലെ കുറച്ച് ദിവസം ആ ക്യാരക്ടര്‍ കൂടെ കാണും. വസ്ത്രാലങ്കാരം ചെയ്ത് കഴിയുമ്പോള്‍ വലിയ അഭിമാനത്തോടു കൂടി ഒരു സിനിമ ചെയ്തിറങ്ങാം. രണ്ട് ദിവസമൊക്കെ ചുമ്മാ വീട്ടില്‍ കിടന്നുറങ്ങാമെന്ന് തോന്നും,’ ഇന്ദ്രന്‍സ് പറഞ്ഞു.
തന്റെ തയ്യല്‍കടക്ക് ഇന്ദ്രന്‍സ് എന്ന് പേരിട്ടതിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു. ആദ്യം സുരേന്ദ്രന്‍ എന്ന തന്റെ പേരിടാനാണ് വിചാരിച്ചിരുന്നതെന്നും പിന്നീട് ഇന്ദ്രന്‍സ് എന്നിടുകയായിരുന്നെന്നും താരം പറഞ്ഞു.
‘ഞാന്‍ ഇന്ദ്രന്‍സ് എന്ന തയ്യല്‍ കടക്ക് മുന്‍പ് ഒന്ന് രണ്ട് തയ്യല്‍കട നടത്തിയിരുന്നു, അതൊക്കെ പൊളിഞ്ഞു പോയി. പൊളിഞ്ഞെന്നു വെച്ചാല്‍ ശ്രദ്ധിക്കാന്‍ പറ്റാതെ പകുതി വഴിക്കൊക്കെ വിട്ടുമാറി. ഇനിയത് പറ്റില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷമുണ്ടായിട്ടുണ്ട്. സിനിമയുടെ പുറകേ നടന്നാലും കുഴപ്പമാണ്, ഇനി അതിനൊന്നും പോവത്തില്ല, അടങ്ങി ഇരുന്നോളാമെന്നൊക്കെ തീരുമാനിക്കുകയും അമ്മയുടെ അടുത്ത് ഉറപ്പ് പറയുകയും ചെയ്തിട്ടാണ് ഇന്ദ്രന്‍സ് എന്ന തയ്യല്‍ കട തുടങ്ങുന്നത്. സ്വപ്‌നം ഒക്കെ അവിടെ നില്‍ക്കട്ടെ പിന്നീട് എപ്പോഴെങ്കിലും ആകാമെന്ന് വിചാരിച്ച് തിരിച്ചുവരുന്നതാണ്. മുന്‍പ് ഞാന്‍ സുകുമാര്‍ ടൈലറിങ് എന്ന കടയില്‍ ജോലി ചെയ്തിരുന്നു, അവിടത്തെ ഉടമയുടെ പേര് സുകുമാരന്‍ എന്നായിരുന്നു. എനിക്ക് അദ്ദേഹത്തോടുള്ള ആരാധന കൊണ്ട് എന്റെ പേര് തന്നെ കടക്ക് ഇട്ടാലോയെന്ന് വിചാരിച്ചു. അപ്പോള്‍ അത്രയും അക്ഷരങ്ങളൊക്കെ വരുമ്പോള്‍ ബോര്‍ഡ് വലുതായി പോകും, നമ്മുടെ കട ചെറുതല്ലേ, ചെറുതാക്കാമെന്ന് ബോര്‍ഡ് എഴുതാന്‍ വന്നയാള്‍ പറഞ്ഞു. അങ്ങനെ ചുരുക്കി ഇന്ദ്രനാക്കി. അപ്പോഴേക്കും പഠിത്തമെല്ലാം നിര്‍ത്തി അനിയന്മാരെയും ഞാനെന്റെ കൂടെ കൂട്ടി. അവരും കൂടെയുള്ളത് കൊണ്ട് പിന്നെ ഒരു എസ് കൂടി ചേര്‍ക്കുകയായിരുന്നു,’ ഇന്ദ്രന്‍സ് പറഞ്ഞു.
Content Highlights: indrans talk about costume designing