ആളൊരുക്കം : നിശബ്ദതയ്ക്ക് ശബ്ദം പകരുന്ന സിനിമ - റിവ്യൂ
Film Review
ആളൊരുക്കം : നിശബ്ദതയ്ക്ക് ശബ്ദം പകരുന്ന സിനിമ - റിവ്യൂ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th April 2018, 12:35 pm

ചരിത്രത്തിലാദ്യമായി ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിക്കുന്നു. സിനിമ എന്തായാലും കണ്ടു കളയാം എന്നു കരുതിയാണ് രാവിലെ കലാഭവനിൽ ആദ്യ ഷോ കാണാൻ കയറിയത്. തുടക്കം മുതല്‍ അധികഭാരങ്ങൾ ഒന്നും ഇല്ലാതെ ശാന്തമായി ഇരുന്നു കാണാന്‍ പറ്റി. ആശുപത്രികളുടെ മടുപ്പിക്കുന്ന ക്ലീഷേകളില്‍ നിന്നും വ്യത്യസ്തമായ ആശുപത്രി കണ്ടാണ്‌ തുടങ്ങിയത്. ഇതു വെറുമൊരു അവാർഡ് സിനിമയല്ല എന്ന് 2 മിനിറ്റുകൊണ്ട് വ്യക്തമായി.

ഇന്ദ്രസിന്റെ പപ്പു പിഷാരടി ഒരു കാലഘട്ടത്തിന്റെ പ്രതീകം ആണ്. പോസിറ്റീവ് ആയൊരു കഥാപാത്രം. നിഷ്കളങ്കമായി ചിരിക്കുന്ന, ഇടയ്ക്ക് കണ്ണ് തുടയ്ക്കുന്ന, കണ്ണട തിരയുന്ന, വിദൂരതയെ തന്നിലേയ്ക്ക് അടുപ്പിക്കുന്ന ഒരാള്‍. മകനെ അന്വേഷിച്ചിറങ്ങുന്ന ഒരച്ഛന്റെ കഥയില്‍ തുടങ്ങി ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റിലൂടെ ഒരു സഡന്‍ ബ്രേക്കില്‍ അവസാനിക്കുന്ന കഥ. സ്വഭാവികമായ ഒപ്പിയെടുത്തപോലെ പപ്പു പിഷാരടിയുടെ ചലനങ്ങള്‍ക്ക് കണ്ടിനൌസ് മാനെറിസം കൊടുത്ത് ഷൂട്ട്‌ ചെയ്തിട്ടുണ്ട്.

ഫാനിന്റെ അഞ്ചു ഷോട്ടുകള്‍ പോലും അഞ്ചു വായന തരുന്ന അനുഭവം ഉണ്ടായി. മുഴുനീള ഒപ്റ്റിമിസം അനുഭവപ്പെട്ടു. നമ്മുടെ എല്ലാം സ്വകാര്യതയിലോട്ട് ഒളിഞ്ഞുനോക്കുന്ന മൊട്ടത്തലകളുടെ ആകാംഷ ചിത്രം ഓർമപ്പെടുത്തി. സിനിമയുടെ മ്യുസിക് സെന്‍സ് ആണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. ബഹളങ്ങള്‍ ഇല്ലാതെ ജൈവികമായി പകര്‍ത്തി എടുത്ത ശബ്ദങ്ങള്‍. സംഗീതത്തിലെ നിശബ്ദത. നിശബ്ദതയുടെ ക്ലാരിറ്റിയ്ക്ക് ഉള്ളില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന മൂളലുകള്‍. നോട്ടങ്ങള്‍ കൊണ്ട് കീഴടക്കിയ പപ്പു പിഷാരടിയുടെ പേരകുട്ടി. തീയറ്ററിനു ഉള്ളില്‍ പെയ്യുന്ന മഴ. തഴുകി കടന്നു പോകുന്ന അജേഷേട്ടന്റെ പാട്ട്.


Also Read മമ്മൂട്ടിക്ക് പരോള്‍; പ്രേക്ഷകന് തടവ് ശിക്ഷ – റിവ്യൂ


അപൂര്‍ണ്ണതകളുടെ സിനിമയാണ് “ആളൊരുക്കം”, ജീവിതംപോലെ. ഒന്നും പറഞ്ഞു പൂര്‍ത്തിയാക്കാതെ എല്ലാം പറഞ്ഞു പൂര്‍ത്തിയാക്കി വിടുന്നു. സിനിമ ഇട്ടുതരുന്ന സ്പോട്ടുകളിലൂടെ അതിവേഗം നമ്മുടെ ഹൃദയം സഞ്ചരിക്കുന്നു. ആ വഴിയിൽ ചില ജീവിതങ്ങള്‍ കൂട്ടിമുട്ടുന്നു. അസാധാരണമായ ഒന്നും ഇതില്‍ ഇല്ല. പൊട്ടി ചിരിക്കുന്ന തമാശകള്‍ ഇല്ലാതെ ഉള്ളിൽ തട്ടി മായമില്ലാതെ ചിരിക്കാം. ആളൊരുക്കം ഒന്നിലേക്ക് കേന്ദ്രീകരിച്ചു പറഞ്ഞു നിറുത്താനാകുന്ന സിനിമയല്ല. അതിങ്ങനെ വിഷയവൈവിധ്യത്താൽ പടർന്നു കിടക്കുന്നു.

സിനിമയിലെ മനസ്സിൽ പതിഞ്ഞ സംഭാഷണം ഇതാണ്. ” പണ്ട് ഭൂമി ഉണ്ടാകുന്നതിനും മുന്‍പേ, പണ്ട് മനുഷ്യനും ദേവഗണങ്ങളും ഉണ്ടാകുന്നതിനു മുന്നേ, ഞാന്‍ ഉണ്ടായി, എനിക്കൊരു അച്ഛന്‍ ഉണ്ടായി” ആളൊരുക്കം എല്ലാവരും കാണേണ്ട സിനിമയാണ്. ഇന്ദ്രന്‍സിന് അവാര്‍ഡ്‌ കിട്ടിയപ്പോൾ നിറുത്താതെ പോസ്റ്റ്‌ ഇട്ടവര്‍ എങ്കിലും മിനിമം കാണണം. ഇത് മനുഷ്യന്റെ, മനുഷ്യത്വത്തിന്റെ സിനിമ ആണ്. അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടത്തെ സസ്പെൻസായി ആവിഷ്കരിക്കുന്ന സിനിമയാണ്.

ഇതിലെ മറഞ്ഞിരിക്കുന്ന സസ്പെൻസ് പറഞ്ഞാൽ നിങ്ങൾ ഉറപ്പായും സിനിമ കാണും. അതുകൊണ്ട് അത് പറയുന്നില്ല വർഷങ്ങൾ പുറകിലേക്ക് സഞ്ചരിക്കാൻ കഴിവുള്ള മാന്ത്രികവാച്ചിന്റെ മാത്രമല്ല, ചെവിയിലേക്ക് ചേർത്തുവച്ച് ട്യൂൺ ചെയ്യുന്ന റേഡിയോയുടെ പഴയ ശബ്ദത്തിന്റെ പുതുമ കൂടിയാണ് സിനിമ എന്ന് ആളൊരുക്കത്തിലൂടെ ഓർമിപ്പിച്ച സംവിധായകൻ വി.സി.അഭിലാഷിനു നന്ദി.