ഹാസ്യ വേഷങ്ങള്‍ ചെയ്ത് മലയാളികള്‍ക്ക് പ്രിയങ്കരമായ നടനാണ് ഇന്ദ്രന്‍സ്. കോമഡി കഥാപാത്രങ്ങളില്‍ നിന്നും മാറി പ്രേക്ഷകരെ ഇമോഷണലാക്കുന്ന പല വേഷങ്ങളും ഇപ്പോള്‍ താരം ചെയ്യുന്നുണ്ട്. അതില്‍ എടുത്ത് പറയേണ്ട പ്രകടനമാണ് ഹോം സിനിമയിലേത്.
തനിക്ക് ആദ്യം മുതലെ കോമഡി വേഷങ്ങളില്‍ നിന്നും മാറിട്ടുള്ള വേഷങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് പറയുകയാണ് ഇന്ദ്രന്‍സ്. തന്റെ ശരീരത്തിന്റെ ഷേപ്പ് കൊണ്ടാണ് സിനിമയില്‍ തനിക്ക് അവസരം കിട്ടിയതെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് സിനിമയില്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വേഷങ്ങളെക്കുറിച്ചെല്ലാം പറഞ്ഞത്.
”കോമഡി അല്ലാതെ എന്റെ ഷേപ്പിന് പറ്റാത്ത വേഷങ്ങള്‍ ചെയ്യണമെന്ന് എനിക്ക് കൊതി തോന്നിയിട്ടുണ്ട്. അതായത് നല്ല തടി മിടുക്കുള്ള ആളുകള്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു.
അത് ഇപ്പോള്‍ എനിക്ക് കിട്ടുന്നുണ്ട്. പക്ഷേ എന്റെ സ്വപ്‌നങ്ങളുടെ അടുത്ത് പോലും ഇപ്പോഴും എത്തിയിട്ടില്ല. ഇനിയും കുറേ നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ജീവിതവുമായി ബന്ധപ്പെട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് വലിയ ഇഷ്ടമാണ്.
എന്റെ ശരീരം കണ്ട് ചിലപ്പോള്‍ ഞാനറിയാതെ അരെങ്കിലും എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ടാകാം. എന്നാല്‍ ഈ ഒരു ബോഡി ഉള്ളത് കൊണ്ടാണ് ഈ മേഖലയില്‍ നുഴഞ്ഞ് കേറാന്‍ കഴിഞ്ഞതെന്ന് വിശ്വാസമെനിക്കുണ്ട്.
ചെറുപ്പത്തിലൊക്കെ മസില്‍ വരാനും ബോഡി നന്നാകാനുള്ള ശ്രമങ്ങളൊക്കെ ഞാന്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴും നടത്തുന്നുണ്ട്. ആരെങ്കിലും പറയുന്നതൊക്കെ ശ്രദ്ധിച്ച് കേട്ട് അതെല്ലാം ഞാന്‍ പരീക്ഷിക്കാറുണ്ട്. പക്ഷേ ഒന്നും വരുന്നില്ല.
ഹീറോ വേഷങ്ങള്‍ ചെയ്യാന്‍ ഒന്നുമല്ല. കണ്ണാടിയില്‍ കാണുമ്പോള്‍ നമുക്ക് തന്നെ ഒരു രസം തോന്നാനാണ്. കഥാപാത്രത്തിന് വേണ്ടി മാറാന്‍ അല്ല അതെങ്ങനെയെങ്കിലും ഷേപ്പ് അനുസരിച്ച് വരും,” ഇന്ദ്രന്‍സ് പറഞ്ഞു.
ലൂയിസാണ് ഇന്ദ്രന്‍സിന്റെ പുതിയ ചിത്രം.വളരെയധികം അഭിനയസാധ്യതയുള്ള ശക്തമായ ഇതിലെ കഥാപാത്രം ഇന്ദ്രന്‍സിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരിക്കും എന്ന് അണിയറപ്രവര്‍ത്തകര്‍ വിലയിരുത്തുന്നുണ്ട്.
ഇന്ദ്രന്‍സിനെ കൂടാതെ സായ്കുമാര്‍, ജോയ് മാത്യൂ, മനോജ് കെ ജയന്‍, അശോകന്‍, അജിത്ത് കൂത്താട്ടുകുളം, അസിസ്, രോഹിത്, അല്‍സാബിദ്, ആദിനാട് ശശി, ആസ്റ്റിന്‍, കലാഭവന്‍ നവാസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.
content highlight: indrans says It is because of having this body that he was able to enter the film industry