ഹോം എന്ന ചിത്രത്തിലെ കഥാപാത്രത്തിന് തന്റെ ജീവിതവുമായി സാമ്യമുണ്ടെന്ന് പറയുകയാണ് നടൻ ഇന്ദ്രൻസ്. ഫോണുമായി ബന്ധപ്പെട്ട പുതിയ അറിവുകൾക്കായി കുട്ടികളെ സമീപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാക്സൺ ബസാർ യൂത്ത് എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവക്കുന്നതിന്റെ ഭാഗമായി മിർച്ചി മലയാളം എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഫോണുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ എനിക്ക് സിനിമയിൽ അഭിനയിക്കേണ്ടിവന്നില്ല. പിന്നെ എഴുത്തുകാരൻ തന്നെ ആണല്ലോ ഡയറക്ടറും. അതുകൊണ്ട് തന്നെ ഡയറക്ടർ അച്ഛനെ കണ്ടിട്ടാണ് ആ കഥാ പാത്രം എഴുതിരിക്കുന്നത്.
അയാളുടെ അച്ഛനെയും അമ്മയെയും തന്നെയാണ് സിനിമയിലും കാണിച്ചിരിക്കുന്നത്. ചില ഭാഗങ്ങളിലൊക്കെ എന്റെ ജീവിതവുമായി സാമ്യം തോന്നിയിട്ടുണ്ട്. കാരണം ഞാൻ പുതിയ അറിവുകൾ കിട്ടാൻ കുട്ടികളുടെ പുറകെ ഓടാറുണ്ട്. ഹോം സിനിമയിലെ കഥാപത്രങ്ങളുടെ അംശം എല്ലാവരിലും ഉണ്ട്. കുട്ടികളുടെ കഥാപാത്രങ്ങൾ ആയാലും എന്റെ ഭാര്യവേഷം ചെയ്ത മജുപ്പിള്ളയുടെ കഥാപാത്രമായാലും. കുട്ടികൾ അച്ഛനെ ശകാരിക്കുമ്പോൾ ഭാര്യയായ മഞ്ജു വലിയ ശബ്ദം ഉണ്ടാക്കുമ്പോൾ എല്ലാവരും സൈലന്റ് ആകുന്നുണ്ട്. ഇത് എല്ലാവരുടെയും വീട്ടിൽ സംഭവിക്കുന്നതാണ്. പറയാതെ ഒരുപാട് കാര്യങ്ങൾ പറയുന്ന സിനിമയാണ് ഹോം. എന്നെ ആ സിനിമ ചെയ്തതിന് ശേഷം കുറെ ചെറുപ്പക്കാർ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്,’ ഇന്ദ്രൻസ് പറഞ്ഞു.
ഇന്ദ്രൻസിന് ഏറ്റവും സന്തോഷമുള്ള കാര്യത്തെക്കുറിച്ചും പറ്റിയും അദ്ദേഹം പങ്കുവെച്ചു. തന്റെ സിനിമകൾ കണ്ടതിനു ശേഷം മറ്റുള്ളവർ അഭിനന്ദിക്കുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ ചെയ്യുന്ന സിനിമകൾ നന്നാവുക എന്നുള്ളതാണ് എനിക്ക് സന്തോഷം തരുന്ന കാര്യം. പിന്നെ സിനിമ കണ്ട് നന്നായിരുന്നു എന്നു പറയുന്നത് അതിലേറെ സന്തോഷം നൽകുന്ന കാര്യമാണ്,’ ഇന്ദ്രൻസ് പറഞ്ഞു.
Content Highlights: Indrans on Home Movie