| Monday, 15th May 2023, 9:04 am

പണ്ടുകാലത്തെ സൗന്ദര്യ സങ്കല്പങ്ങളൊക്കെ ഉടഞ്ഞതുകൊണ്ടാണ് ഞാനൊക്കെ ഇന്നിവിടെയിരിക്കുന്നത്: ഇന്ദ്രൻസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താൻ പണ്ട് ശരീരം വലുതാക്കാനൊക്കെ ശ്രമിച്ചിട്ടുണ്ടെന്നും പിന്നീട് ആ തീരുമാനം ഉപേക്ഷിച്ചുവെന്നും നടൻ ഇന്ദ്രൻസ്.
തന്റെ ചില സ്വപ്നങ്ങളൊക്കെ നടക്കണമെങ്കിൽ നിൽക്കാനൊരിടം വേണമെന്നും ഇപ്പോൾ താൻ ശ്രമിക്കുന്നത് ഇതേരീതിയിൽ തന്നെ പോകുവാനാണെന്നും അദ്ദേഹം പറഞ്ഞു.
ജാക്സൺ ബസാർ യൂത്ത് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇന്ദ്രൻസ് ഇക്കാര്യം പറഞ്ഞത്.

‘ഞാൻ ശരീരം വലുതാക്കാൻ ആദ്യമൊക്കെ പാടുപെട്ടിട്ടുണ്ട്. പിന്നെ ഞാൻ അത് വിധിക്ക് വിട്ടു (ചിരിച്ചുകൊണ്ട്).
പിന്നെ കൊതിയൊക്കെ മനസ്സിൽ വക്കുക, മാത്രമല്ല മനസ്സിൽ വച്ചത് വളർത്തുക എന്നുള്ളത് കൂടിയുണ്ട്. ചില സ്വപ്നങ്ങളൊക്കെ നടക്കണമെങ്കിൽ നമുക്ക് നിൽക്കാൻ ഒരിടം വേണം. ഇപ്പോൾ പ്രധാനമായും ശ്രദ്ധിക്കുന്നത് ആ വഴിയിൽ നിന്ന് ഒരിക്കലും ചാടി പോകല്ലേ എന്നാണ്.

ശരീരം വളർന്നില്ലെങ്കിലും അതിനെ അതിജീവിക്കാൻ ധാരാളം സമയം കിട്ടി. ഇവിടെ ഇപ്പോഴും നിൽക്കാനുള്ള സമയവും എനിക്ക് കിട്ടി. എല്ലാ കലാകാരന്മാർക്കും ചിലപ്പോൾ അത് കഴിഞ്ഞേക്കും. പക്ഷെ ചിലർ അത്രയും ആകുന്നതിന് മുൻപ് അവർ തന്നെ മനസ്സുവച്ച് ഇതിൽ നിന്നും മാറി മറ്റു മേഖലയിലേക്ക് മാറും. അല്ലെങ്കിൽ ഇല്ലാതാവും,’ അദ്ദേഹം പറഞ്ഞു.

മുൻകാലങ്ങളിലെയും, ഇപ്പോഴത്തെയും നായികാ- നായകൻ സങ്കല്പങ്ങൾ മാറിയിട്ടുണ്ടെന്നും, ആളുകൾ ഇപ്പോൾ കൂടുതൽ ലളിതനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘പണ്ട് സിനിമ നടികളെയൊക്കെ വച്ച് പാട്ടുകൾ ഉണ്ടാക്കുമായിരുന്നു. അത് അന്നത്തെ സിനിമ സങ്കല്പങ്ങളായിരുന്നു. ഇന്ന് നമ്മൾ വളരെ ലളിതമായി. അന്നത്തെ സൗന്ദര്യ സങ്കല്പങ്ങളൊക്കെ ഉടഞ്ഞതുകൊണ്ടാണ് ഞാനൊക്കെ ഇന്നിവിടെയിരിക്കുന്നത്. ഇപ്പോൾ സ്ലിം ബ്യുട്ടി എന്നൊക്കെയുണ്ട്. വാരിയെല്ലൊക്കെ ഉന്തി നിന്നാൽ അന്നൊക്കെ ദാരിദ്ര്യം ആണോയെന്നൊക്കെ ചോദിക്കും. ഇപ്പോൾ ഫാഷൻ അല്ലെ. സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ഓരോ കാലത്തും മാറ്റമുണ്ട്. അന്നത്തെ നല്ലതാണെന്നും ഇന്നത്തെ മോശമാണെന്നും പറയാനാകില്ല,’ ഇന്ദ്രൻസ് പറഞ്ഞു.

ഷമാൽ സുലൈമാൻ സംവിധാനം ചെയ്യുന്ന ജാക്സൺ ബസാർ യൂത്തിൽ ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ജാഫർ ഇടുക്കി, ലുക്മാൻ അവറാൻ, മാത്യു തോമസ് എന്നിവർ പ്രധാന വേഷം ചെയ്യുന്നു. മെയ് 19 ന് ചിത്രം റിലീസ് ചെയ്യും.

Content Highlights: Indrans on his body

Latest Stories

We use cookies to give you the best possible experience. Learn more