സ്വന്തം നിലപാടുകൾ പറയാൻ പറ്റാത്ത അവസ്ഥയാണ്; മറ്റുള്ളവർക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ മാപ്പ് പറയുകയും വേണം: ഇന്ദ്രൻസ്
Entertainment
സ്വന്തം നിലപാടുകൾ പറയാൻ പറ്റാത്ത അവസ്ഥയാണ്; മറ്റുള്ളവർക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ മാപ്പ് പറയുകയും വേണം: ഇന്ദ്രൻസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st June 2023, 5:41 pm

രൂപം കൊണ്ടും ശബ്ദം കൊണ്ടും വ്യത്യസ്തരായിട്ടുള്ള ധാരാളം അഭിനേതാക്കൾ മലയാള സിനിമയിൽ ഉണ്ട്. അത്തരത്തിൽ വ്യത്യസ്തനായ ഒരാളാണ് ഇന്ദ്രൻസ്. തന്റെ സിനിമ മോഹങ്ങളെപ്പറ്റിയും വിശേഷങ്ങളെപ്പറ്റിയും സംസാരിക്കുകയാണ് അദ്ദേഹം.

തന്റെ മെലിഞ്ഞ രൂപംകൊണ്ടാണ് സിനിമയിൽ പിടിച്ചുനിൽക്കുന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞതായി ഇന്ദ്രൻസ് പറഞ്ഞു. നടൻ മധുവിനെ കണ്ടപ്പോൾ മുതലാണ് സിനിമയിലേക്ക് വരാൻ തോന്നിയതെന്നും വസ്ത്രാലങ്കാരം ചെയ്തിരുന്നപ്പോൾ അഭിനയിക്കാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ഈ രൂപം സിനിമയിൽ എത്താൻ വളരെ സഹായിച്ചിട്ടുണ്ട്. എന്നെ ഇവിടെ വരെ എത്തിച്ചത് ഈ രൂപമാണ്. പക്ഷെ ആ തിരിച്ചറിവ് എനിക്കുണ്ടായിരുന്നില്ല. ചുറ്റുവട്ടത്തുള്ളവരും സുഹൃത്തുക്കളും പറയാറുണ്ട് ഈ രൂപവും ശബ്ദം കൊണ്ടുമാണ് ഞാൻ സിനിമയിൽ പിടിച്ചുനിൽക്കുന്നതെന്ന്. അപ്പോഴാണ്‌ ഞാൻ സത്യം തിരിച്ചറിഞ്ഞത്.

ചെറുപ്പത്തിൽ പല നടന്മാരെയും കാണുമ്പോൾ എനിക്ക് കൊതി തോന്നിയിട്ടുണ്ട്. സിനിമയിൽ അഭിനയിക്കണമെന്ന് തോന്നിയത് നടൻ മധുവിനെ കണ്ടപ്പോൾ മുതലാണ്. കോസ്റ്റ്യൂം ഡിസൈനർ ആയിട്ട് സിനിമയിൽ വന്നപ്പോഴും എനിക്കൊരു പ്രതീക്ഷ ഉണ്ടായിരുന്നു എന്നെങ്കിലും സിനിമയിൽ അഭിനയിക്കാൻ പറ്റുമെന്ന്.

പക്ഷെ ഇപ്പോഴും ഞാൻ കോസ്റ്റ്യൂമുകൾക്ക് അഭിപ്രായം പറയാറുണ്ട്. ഈ ഫീൽഡിൽ എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. അവരോട് ലോഹ്യം പറയുന്നപോലെ അഭിപ്രായങ്ങൾ പറയാറുണ്ട്,’ ഇന്ദ്രൻസ് പറഞ്ഞു.

ഇപ്പോൾ സ്വന്തം നിലപാടുകൾ പറയാൻ പറ്റാത്ത അവസ്ഥയാണെന്നും മറ്റുള്ളവർക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ മാപ്പ് പറയുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

‘സ്വന്തം അഭിപ്രായങ്ങൾ ഒന്നും പറയരുതെന്നാണ് കാലം നമ്മളെ പഠിപ്പിക്കുന്നത്, അപകടം പിടിച്ചൊരു സമയമാണ്. നമ്മൾ ഒരു കാര്യം പറയുമ്പോൾ, അതൊരാളുടെ അഭിപ്രായമാണെന്നോർത്ത് ആരും വിട്ട് തരാറില്ല. മാത്രമല്ല നമ്മുടെ അഭിപ്രായത്തെ കീറിമുറിച്ച് അതിനെ വിമർശിക്കുകയും അവർക്ക് ഇഷ്ട്ടമായില്ലെങ്കിൽ അതിനുവേണ്ടി മാപ്പുപറയുകയും ചെയ്യണം. അതുകൊണ്ട് അഭിപ്രായം പറയാൻ സ്വാതന്ത്രം ഉണ്ടെന്ന് പറയാൻ പറ്റില്ല. മറ്റൊരാളുടെ അഭിപ്രായമല്ലേ എന്ന് ആരും പരിഗണിക്കാത്തപക്ഷം അഭിപ്രായങ്ങൾ പറയാൻ പറ്റില്ല. എല്ലാവരും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കുന്ന കാലം വരണം, ഇന്ദ്രൻസ് പറഞ്ഞു.

Content Highlights: Indrans on Controvorcies