| Thursday, 14th April 2022, 1:42 pm

കൂട്ടത്തില്‍ ഏറ്റവും വ്യത്യസ്തമായ ചാമ്പല്‍; ഇന്ദ്രന്‍സിന്റെ മൈക്കിളപ്പനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമല്‍നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ 14 വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ ഭീഷ്മ പര്‍വ്വം സൃഷ്ടിച്ച അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ചിത്രത്തിലെ ഓരോ ഡയലോഗുകളും ഗാനങ്ങളുമെല്ലാം ആരാധകര്‍ ഇപ്പോഴും ആഘോഷമാക്കുകയാണ്. കൂട്ടത്തില്‍ ഏറ്റവും വലിയ ട്രെന്റ് സെറ്റര്‍ ആയത് മമ്മൂട്ടിയുടെ ചാമ്പിക്കോ ഡയലോഗായിരുന്നു.

മൈക്കിളപ്പന്റേയും കുടുംബത്തിന്റേയും ഗ്രൂപ്പ് ഫോട്ടോയും ചാമ്പിക്കോ ഡയലോഗും സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. സ്‌റ്റൈലിഷ് ആയ കഥാപാത്രവും സ്ലോ മോഷനും കാതടപ്പിക്കുന്ന മാസ്മരിക പശ്ചാത്തല സംഗീതവും കൊണ്ട് അമല്‍ നീരദ് സൃഷ്ടിച്ച മൈക്കിളപ്പനെയും കുടുംബത്തിനെയും അതേ രീതിയില്‍ തന്നെ റീ ക്രിയേറ്റ് ചെയ്യാനായിരുന്നു പലരും ശ്രമിച്ചത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമുള്‍പ്പെടെ മൈക്കിളപ്പനായപ്പോള്‍ വലിയ സ്വീകാര്യതയാണ് ഈ വീഡിയോകള്‍ക്കെല്ലാം ലഭിച്ചത്.

ഇപ്പോഴിതാ വളരെ വെറൈറ്റിയില്‍ ഒരു ചാമ്പിക്കോ എത്തിയിരിക്കുകയാണ്. കായ്‌പോള സിനിമയുടെ സെറ്റില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. നടന്‍ ഇന്ദ്രന്‍സാണ് ഇവിടെ മൈക്കിളപ്പനായത്. എന്നാല്‍ മുന്‍പുള്ള ചാക്കിമ്പോ വീഡിയോയില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് ഇന്ദ്രന്‍സ് സ്‌റ്റൈലിലുള്ള ഈ വിഡിയോ.

മൈക്കിളപ്പനെപ്പോലെ സ്ലോ മോഷനിലല്ല ഇന്ദ്രന്‍സിന്റെ നടത്തം. തനതായ ഇന്ദ്രന്‍സ് സ്‌റ്റൈലിലുള്ള നടപ്പും ഇരിപ്പുമെല്ലാം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇന്ദ്രന്‍സ് ഷെയര്‍ ചെയ്ത പോസ്റ്റില്‍ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

കൂട്ടത്തില്‍ ഏറെ ഇഷ്ടപ്പെട്ട ചാമ്പലെന്നും വ്യത്യസ്തമായ ഒരു ചാമ്പലെന്നുമൊക്കെ പറഞ്ഞാണ് കമന്റുകള്‍. നടത്തവും എല്ലാവരെയും നോക്കുന്നതും രണ്ട് കൈയും പൊക്കി ചാമ്പിക്കോ എന്ന് പറയുന്നതും എല്ലാം സൂപ്പര്‍. എല്ലാവരെയും പോലെ കാലു പൊക്കാന്‍ നിന്നില്ലല്ലോ അതും സന്തോഷം എന്നൊക്കെയാണ് കമന്റുകള്‍.

മനസുനിറഞ്ഞുപോയ ഒരു ചാമ്പല്‍, നല്ലൊരു ചാമ്പിക്കല്‍, അനുകരണത്തില്‍ ഏറ്റവും മികച്ച ടൈമിങ് തുടങ്ങി നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്ത ഭീഷ്മ പര്‍വ്വം ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലും ഇപ്പോള്‍ സ്ട്രീം ചെയ്യുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അബു സലിം, സുദേവ് നായര്‍, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, അനഘ, വീണ നന്ദകുമാര്‍, മാലാ പാര്‍വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു ഭീഷ്മപര്‍വം. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം.

Content Highlight: Indrans Chambikko Video Viral

We use cookies to give you the best possible experience. Learn more