ഇന്ദ്രന്‍സിന്റെ ആളൊരുക്കത്തിന്റെ പുതിയ ടീസര്‍ പുറത്ത്
Mollywood
ഇന്ദ്രന്‍സിന്റെ ആളൊരുക്കത്തിന്റെ പുതിയ ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th March 2018, 5:19 pm

കൊച്ചി: നടന്‍ ഇന്ദ്രന്‍സിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത സിനിമ ആളൊരുക്കത്തിന്റെ ടീസര്‍ പുറത്ത്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഓട്ടന്‍തുള്ളല്‍ കലാകാരന്റെ വേഷത്തില്‍ ഇന്ദ്രന്‍സ് സ്‌ക്രീനിലെത്തുന്നു. “ആരെയോ അന്വേഷിക്കുന്ന, ഒരു വയോധികന്‍” എന്ന ക്യാപ്ഷനോടെ ചിത്രത്തിന്റെ കഥയിലേക്ക് സൂചന നല്‍കുന്ന ടീസറാണ് പുറത്തിറങ്ങിയത്.

ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പുപിഷാരടിയുടെ ഓര്‍മയില്‍ നിന്നുള്ള പ്രണയനുഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാലം കടന്നു പോകുന്തോരും മധുരിക്കുന്ന പ്രണയമാണ് സിനിമ പറയുന്നത്. മാധ്യമ പ്രവര്‍ത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് നിര്‍മ്മിച്ചിരിക്കുന്നത്്.

രണ്ട് കുട്ടികളുടെ അച്ഛനായ സ്നേഹിക്കാന്‍ കുറച്ച് പിശുക്ക് ഉള്ള ഒരാളുടെ കഥയാണ് ആളൊരുക്കം. ഭാര്യ മരിച്ച അയാളുടെ ജീവിതവും മുന്നോട്ടുള്ള യാത്രയും എല്ലാം ആണ് ഈ സിനിമ. ശകാരിച്ചപ്പോള്‍ മകന്‍ ചെറുപ്പത്തില്‍ എന്നോ നാട് വിട്ട് പോയി ജീവിതം പഠിച്ച് മടങ്ങി വരും എന്നായിരുന്നു കരുതിയത്. ഇപ്പോള്‍ വൈകിയ കാലത്ത് അയാള്‍ തന്റെ മകനെ അന്വേഷിച്ച് ഇറങ്ങുന്നതാണ് കഥ.

കലാമണ്ഡലത്തില്‍ നിന്നുള്ള വിദ്ഗദരായ കലാകാരന്മാര്‍ ചിത്രത്തിന് വേണ്ടി ഇന്ദ്രന്‍സിനെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിച്ചത്. മറ്റു അഭിനേതാക്കള്‍ : ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോണ്‍, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍, സജിത സന്ദീപ്.സാംലാല്‍ പി തോമസാണ് ക്യാമറ.