മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ താരമാണ് ഇന്ദ്രന്‍സ്. കോമഡി റോളുകളിലൂടെ മലയാളികളെയൊന്നാകെ പൊട്ടിച്ചിരിപ്പിച്ച ശേഷം ക്യാരക്ടര്‍ റോളുകളിലെ അസാമാന്യമായ പ്രകടനത്താല്‍ പ്രേക്ഷകരെ കണ്ണീരണിയിച്ചാണ് ഇന്ദ്രന്‍സ് ഇപ്പോള്‍ അഭ്രപാളിയില്‍ തിളങ്ങി നില്‍ക്കുന്നത്.
കോമഡി ചെയ്യുന്ന കാര്യത്തില്‍ തന്നെ അതിശയിപ്പിച്ച നടന്മാരെ കുറിച്ച് പറയുകയാണ് താരമിപ്പോള്‍. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
കോമഡി ചെയ്യുമ്പോള്‍ പ്രധാനം അത് കാണുന്ന പ്രേക്ഷകര്‍ ചിരിക്കണമെന്നത് മാത്രമാമെന്നാണ് താരം പറയുന്നത്. മലയാള സിനിമയില്‍ ഒരുപാട് നല്ല നടന്മാര്‍ കോമഡി റോളുകളില്‍ തിളങ്ങിയിട്ടുണ്ടെന്നും അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടത് അമ്പിളിച്ചേട്ടന്റ (ജഗതി) പ്രകടനമാണെന്നുമാണ് ഇന്ദ്രന്‍സ് പറയുന്നത്.
‘മുഖത്തുകൂടി മിന്നിമറയുന്ന ഭാവങ്ങളിലൂടെ അമ്പിളിച്ചേട്ടന്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകളയും, ഡയലോഗ് കൂടിയാമ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ,’ എന്നാണ് ഇന്ദ്രന്‍സ് ജഗതിയുടെ അഭിനയത്തെക്കുറിച്ച് പറയുന്നത്.
അനശ്വര കലാകാരനായ ബഹദൂറിനേയും മാളയേയും തനിക്കിഷമാണെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. ഇവരൊക്കെ ഹാസ്യത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ കലാകാരന്മാരാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
ഇവരുടെ പല രീതികളും താന്‍ അവലംബിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അവര്‍ ഏറെ പ്രതിഭയുള്ള ആര്‍ട്ടിസ്റ്റുകളാണെന്നും ഇന്ദ്രന്‍സ് പറയുന്നു.
കോമഡി റോളുകള്‍ പാടുള്ളതാണെന്നും ക്യാരക്ടര്‍ റോളുകള്‍ ചെയ്ത് ഫലിപ്പിക്കാന്‍ ഏറെ പ്രയാസമില്ലെന്നും പലരും പറയാറുണ്ടെന്നും താരം പറയുന്നു. എന്നാല്‍ എല്ലാം അഭിനയമാണെന്നും അഭിനയം അത്ര എളുപ്പമുള്ള കാര്യമൊന്നും അല്ലെന്നുമാണ് ഇന്ദ്രന്‍സിന്റെ അഭിപ്രായം.
വളരെ ആഗ്രഹിച്ചാണ് താന്‍ സിനിമയിലേക്കെത്തിയത് എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. താന്‍ കണ്ടുകൊണ്ടിരുന്ന സിനിമകളിലെ നടന്മാരെ പോലെയാവണം എന്നാഗ്രഹിച്ചാണ് സിനിമയ്ക്ക് വേണ്ടി ശ്രമിച്ചു തുടങ്ങിയതെന്നും, അങ്ങനെ ആഗ്രഹങ്ങള്‍ക്കൊപ്പം സഞ്ചരിച്ചാണ് ഇവിടെ വരെയെത്തിയെന്നും താരം പറയുന്നു.
മറ്റേത് തൊഴിലിനേയും പോലെ അധ്വാനം ആവശ്യമുള്ള തൊഴിലാണ് അഭിനയമെന്നും അത്തരത്തില്‍ ഏറെ അധ്വാനിച്ചാണ് ഓരോ കഥാപാത്രത്തേയും അവതരിപ്പിക്കുന്നതെന്നും ഇന്ദ്രന്‍സ് പറയുന്നു. കോമഡിയും അല്ലാതെയുമുള്ള പല കഥാപാത്രങ്ങളേും ഇത്രയും കാലത്തിനിടെ അവതരിപ്പിക്കാന്‍ സാധിച്ചെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
ഒരു നടനായിരിക്കെ ഏത് റോളും ചെയ്യാന്‍ താന്‍ തയ്യാറാണെന്നും തന്നെ ഏല്‍പ്പിക്കുന്ന കഥാപാത്രത്തെ കഴിയുന്നിടത്തോളം ഭംഗിയാക്കാന്‍ ശ്രമിക്കുമെന്നും ഒരു കലാകാരന്‍ എന്ന നിലയില്‍ അത് തന്റെ കടമയാണെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ക്കുന്നു.