'അടൂര്‍ നിലവാരം താഴ്ത്തിയോ അതോ നിങ്ങള്‍ ആ നിലവാരത്തിലേക്ക് എത്തിയോ?, ആ സംവിധായകന്‍ ചോദിച്ചു'; ജീവിതത്തില്‍ ഏറ്റവും വിഷമം ഉണ്ടാക്കിയ സംഭവങ്ങളിലൊന്ന് തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്
Indrans
'അടൂര്‍ നിലവാരം താഴ്ത്തിയോ അതോ നിങ്ങള്‍ ആ നിലവാരത്തിലേക്ക് എത്തിയോ?, ആ സംവിധായകന്‍ ചോദിച്ചു'; ജീവിതത്തില്‍ ഏറ്റവും വിഷമം ഉണ്ടാക്കിയ സംഭവങ്ങളിലൊന്ന് തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th June 2019, 12:33 pm

തന്റെ ജീവിതത്തില്‍ ഏറ്റവും അധികം വിഷമം ഉണ്ടാക്കിയ സംഭവങ്ങളിലൊന്ന് തുറന്ന് പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്. ഒരു പുരസ്‌ക്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പാഴാണ് ഈ ദുരനുഭവം ഉണ്ടായതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് അനുഭവം പറഞ്ഞത്.

എന്റെയൊരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ഒരു പുരസ്‌ക്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. പുരസ്‌ക്കാരം സ്വീകരിക്കുന്നതിനായി ഒരു പ്രമുഖ സംവിധായകനും എത്തിയിരുന്നു. അദ്ദേഹത്തെ അഭിനന്ദിക്കുന്നതിനായി അടുത്ത് ചെന്നപ്പോള്‍ തിരിഞ്ഞു നിന്ന് ഓ, നിങ്ങള്‍ അടൂരിന്റെ പടത്തില്‍ അഭിനയിക്കുന്നുവെന്ന് കേട്ടല്ലോ. അടൂര്‍ നിലവാരം താഴ്ത്തിയോ, അതോ നിങ്ങള്‍ ആ നിലവാരത്തിലേക്ക് എത്തിയോ എന്ന് പറഞ്ഞ് പരിഹാസച്ചുവയോടെ ചിരിച്ചു. കുടുംബാംഗങ്ങള്‍ ആ സമയത്ത് എനിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

അവഹേളനങ്ങളെയും മുറിവേല്‍ക്കുന്നതിനെയും പ്രതിരോധിക്കാന്‍ നന്നായി ശീലിച്ചു. അത്തരം അനുഭവങ്ങള്‍ വേദനിപ്പിച്ചുകൊണ്ടേയിരിക്കാന്‍ ഒരിക്കലും അനുവദിക്കാറില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ഇന്ദ്രന്‍സ് മുഖ്യവേഷത്തിലെത്തുന്ന ഡോ.ബിജുവിന്റെ പുതിയ ചിത്രം ‘വെയില്‍മരങ്ങള്‍’ ഇരുപത്തിരണ്ടാമത് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
ഷാങ്ഹായി്ലെ ‘ഗോള്‍ഡന്‍ ഗോബ്ലറ്റ് ‘ പുരസ്‌കാരങ്ങള്‍ക്ക് വേണ്ടിയുള്ള മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത് . ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരങ്ങള്‍ക്കായി ഈ വര്‍ഷം മത്സരിക്കുന്ന ഒരേ ഒരു ഇന്ത്യന്‍ സിനിമയാണ് വെയില്‍മരങ്ങള്‍.