കഠിന കഠോരമീ അണ്ഡകടാഹത്തിലെ ഇന്ദ്രന്‍സിന്റെ അഭിനയത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. പേര് കൊണ്ട് മാത്രം സാന്നിധ്യമറിയിച്ച തന്റെ സുഹൃത്ത് കമറുവിന്റെ മരണം അറിഞ്ഞത് മുതലുള്ള സീനുകള്‍ക്കാണ് ഇന്ദ്രന്‍സ് ഏറ്റവും കൂടുതല്‍ കയ്യടി നേടിക്കൊടുത്തത്.
ആ സിനിമയില്‍ സംവിധായകന്‍ പറഞ്ഞ് തന്നത് പോലെയാണ് അഭിനയിച്ചതെന്നും അവിടെ എത്തിയോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രിയപ്പെട്ടവരെ കാത്തിരിക്കുന്നത് പോലെ തന്നെയാണ് താന്‍ കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘പ്രിയപ്പെട്ടൊരാളെ കാത്തിരിക്കുന്നത് പോലെ തന്നെയാണ് ഞാന്‍ കരുതിയിരുന്നത്. ഏറ്റവും ഇഷ്ടപ്പെട്ടൊരാള്‍ ദൂരെ നിന്ന് വരാനിരിക്കുന്നു. പക്ഷേ വരുന്നതിങ്ങനെയാണെന്ന് ആലോചിച്ചപ്പോള്‍ തന്നെ എനിക്ക് സംവിധായകന്‍ ഉദ്ദേശിച്ച അളവിലേക്ക് എത്താന്‍ പറ്റിയെന്ന് തോന്നുന്നു.
മുഹാസിന്‍ വളരെ കാര്യമായി ശബ്ദം കുറച്ച് പതുക്കെ പറഞ്ഞ് തരും. ഭയങ്കരം തൃപ്തിയാകുന്നത് വരെ ആള് പറയും. ഇങ്ങനെ മനസില്‍ കൊണ്ട് നടക്കുന്ന കഥാപാത്രമൊക്കെയായിരുന്നു. അവിടെ എത്തിയോ എന്ന് എനിക്ക് അറിയില്ല. ഞാന്‍ കണ്ടുപിടിച്ചൊരു കുറുക്കുവഴിയായിരുന്നു അങ്ങനെ സങ്കല്‍പ്പിച്ച് ചെയ്യുകയെന്നുള്ളത്,’ അദ്ദേഹം പറഞ്ഞു.
വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുന്നത് കൂട്ടുകാരുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചില സംവിധായകര്‍ നല്ല തിരക്കഥകള്‍ മോശം രീതിയില്‍ സിനിമയാക്കി ആ സ്‌ക്രിപ്പിറ്റിനെ വികലമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഒരുപാട് പുതിയ കൂട്ടുകാര്‍, അതില്‍ അധികം പേരും എന്നെ വിസ്മയിപ്പിച്ചവരാണ്. എന്നെ മാറ്റിപ്പണിതെടുക്കാന്‍ കെല്‍പ്പുള്ളവരാണ്. അങ്ങനെ ഞാന്‍ കുറേ നന്നായിട്ടുണ്ട്. പക്ഷേ അത് പോലെ തന്നെ വിഷമിപ്പിച്ചിട്ടുമുണ്ട്.
ഈ അടുത്ത് ഒന്ന് രണ്ട് നല്ല സ്‌ക്രിപ്റ്റുകളായിരുന്നു. നല്ല തിരക്കഥയായിരുന്നു. ഗംഭീരമാകുമെന്ന് കരുതി. പുതിയ സംവിധായകരുമായിരുന്നു.
ഇവര്‍ക്കിടയില്‍ തന്നെ വേറൊരാളുടെ അഭിപ്രായം സ്വീകരിക്കുകയോ അല്ലെങ്കില്‍ കൂട്ടിന് ആരുടെയെങ്കിലും നിര്‍ദേശം പറയുകയോ അസിസ്റ്ററ്റ് ഡയറക്ടറോ ക്യാമറാമാനോ ചാര്‍ട്ട് ചെയ്യാന്‍ ഇഷ്ടമില്ലാത്തവരുമൊക്കെ വരും. അത് പേടിയാണ്.
ഒന്ന് രണ്ട് സിനിമ എനിക്ക് അങ്ങനെയും പറ്റി. അപ്പോള്‍ ആ സ്‌ക്രീന്‍പ്ലേ ഇങ്ങനെ നശിച്ച് കൊണ്ടിരിക്കുന്നത് നമുക്ക് കാണാം. എടുത്ത് വികലമാക്കുകയാണ്. അതുകൊണ്ട് പേടിയുണ്ട്,’ അദ്ദേഹം പറഞ്ഞു.
അതിവിനയം അപകടമാണെന്ന് തന്നോട് പറഞ്ഞവരുണ്ടെന്നും എന്നാല്‍ താനത് ശീലിച്ചുപോയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അതിവിനയം അപകടമാണെന്ന് എന്നോട് തമാശയായി പറഞ്ഞവരുണ്ട്. അമിതമായി അഭിനയം കള്ളത്തരമാണെന്നും പറഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഞാനങ്ങനെ ശീലിച്ചുപോയതാണ്. ഞാന്‍ സിനിമയെന്ന നിറത്തിലേക്ക് വന്നപ്പോള്‍ അകലെ നിന്ന് കാണേണ്ടവരെ അടുത്ത് നിന്ന് കാണാനൊക്കെ തുടങ്ങി. അങ്ങനെ ഞാനറിയാതെ ഉണ്ടായതാണ് അത്,’ ഇന്ദ്രന്‍സ് പറഞ്ഞു.
content highlights: indrans about kadina kadoramee andakadaham