കോസ്റ്റിയൂം ഡിസൈനറായി സിനിമയിലേക്ക് കടന്നുവന്നയാളാണ് ഇന്ദ്രന്‍സ്. പിന്നീട് അഭിനയത്തിലേക്ക് ചുവടുവെച്ച ഇന്ദ്രന്‍സിന് കരിയറിന്റെ തുടക്കത്തില്‍ ഹാസ്യവേഷങ്ങളാണ് കൂടുതലായും ലഭിച്ചത്. നായകന്റെ വാലായി നടക്കുന്ന കഥാപാത്രങ്ങളില്‍ തളച്ചിടപ്പെട്ട ഇന്ദ്രന്‍സ് പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഇന്ദ്രന്‍സിനെ തേടിയെത്തിയിരുന്നു.
സൂര്യയെ നായകനാക്കി ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45ല്‍ ഇന്ദ്രന്‍സും ഭാഗമാകുന്നുണ്ട്. ഇന്ദ്രന്‍സിന്റെ ആദ്യ തമിഴ് ചിത്രമാണ് സൂര്യ 45. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രന്‍സ്. ചിത്രത്തില്‍ തന്റെ ചെറിയൊരു ഭാഗം മാത്രമേ ഇതുവരെ ചിത്രീകരിച്ചിട്ടുള്ളൂവെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. രണ്ട് ദിവസത്തിനകം അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുമെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.
വളരെ നല്ല കഥാപാത്രമാണ് തന്റേതെന്നും കഥയും കഥാപാത്രവും ഇഷ്ടമായതുകൊണ്ടാണ് ചിത്രത്തിന് ഓക്കെ പറഞ്ഞതെന്നും ഇന്ദ്രന്‍സ് പറയുന്നു. മുമ്പ് പലതവണ മറ്റ് ഭാഷകളില്‍ നിന്ന് ചാന്‍സ് വന്നിരുന്നെന്നും എന്നാല്‍ അതിനോടെല്ലാം നോ പറയേണ്ടി വന്നെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. മലയാളമല്ലാതെ മറ്റൊരു ഭാഷ കൈകാര്യം ചെയ്യാന്‍ പേടിയായതുകൊണ്ടാണ് നോ പറഞ്ഞതെന്നും ഇന്ദ്രന്‍സ് പറയുന്നു.
എന്നാല്‍ ഇപ്പോള്‍ വന്ന അവസരം കൈവിടാന്‍ തോന്നിയില്ലെന്നും മികച്ച കഥയും ക്രൂവുമാണ് സൂര്യ 45ന്റേതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സൂര്യയുമായി തനിക്ക് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടെന്നും കൂടുതലൊന്നും പറയാന്‍ സാധിക്കില്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ പരിവാറിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്.
‘ആ സിനിമയില്‍ എന്റെ ചെറിയൊരു ഭാഗം മാത്രമേ ഇതുവരെ എടുത്തിട്ടുള്ളൂ. ഒന്നും പറയാനായിട്ടില്ല. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും അതില്‍ ജോയിന്‍ ചെയ്യണം. കഥ കേട്ടപ്പോള്‍ ഒരുപാട് ഇഷ്ടമായി. അതുപോലെ എന്റെ കഥാപാത്രവും നല്ലതായി തോന്നിയതുകൊണ്ടാണ് ഓക്കെ പറഞ്ഞത്. സത്യം പറഞ്ഞാല്‍ മുമ്പും മറ്റ് ഭാഷയില്‍ നിന്ന് അവസരം വന്നിരുന്നു.
എന്നാല്‍, മലയാളമല്ലാതെ മറ്റൊരു ഭാഷ കൈകാര്യം ചെയ്യാന്‍ പേടിയായിരുന്നു. ഈ പടം കൈവിടാന്‍ തോന്നിയില്ല. അതുകൊണ്ട് ചെയ്യാമെന്ന് ഏറ്റു. സൂര്യയുമായിട്ട് കോമ്പിനേഷനൊക്കെയുള്ള ക്യാരക്ടറാണ്. കൂടുതല്‍ കാര്യങ്ങളൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. അവരായിട്ട് തന്നെ എല്ലാം വഴിയേ അറിയിക്കും,’ ഇന്ദ്രന്‍സ് പറഞ്ഞു.
Content Highlight: Indrans about his character in Surya 45 movie directed by RJ Balaji