| Friday, 2nd October 2015, 9:50 pm

ഷീനാ ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


മുംബൈ: ഷീനാ ബോറ കൊലക്കേസിലെ പ്രധാന പ്രതി ഇന്ദ്രാണി മുഖര്‍ജി അബോധാവസ്ഥയില്‍ ആശുപത്രിയില്‍. ജയിലില്‍ക്കഴിയുന്ന ഇന്ദ്രാണിയെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മുംബൈ ജെ.ജെ.ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ അവര്‍ നേരത്തെ അമിതമായ അളവില്‍ ആന്റി-എപ്പിലെപ്റ്റിക് ടാബ്‌ലറ്റുകള്‍ കഴിച്ചിരിക്കാനാണ് സാധ്യതയെന്ന് ഹോസ്പിറ്റല്‍ ഡീന്‍ അറിയിച്ചു.

ഇന്ദ്രാണിയെ ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യനില ഗുരുതരമാണെന്നും ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. ഇന്ദ്രാണിയും കൂട്ടുപ്രതികളായ മുന്‍ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാവര്‍ റായ് എന്നിവരും പോലീസ് കസ്റ്റഡിയില്‍ ജയിലില്‍ കഴിയുകയായിരുന്നു. ഇന്ദ്രാണിയുടെ അസുഖബാധിതയായിരുന്ന അമ്മ ദുര്‍ഗാ റാണി ബോറ വ്യാഴാഴ്ച മരണപ്പെട്ടിരുന്നു.

ഇന്ദ്രാണി, 25കാരിയായ മകള്‍ ഷീനാ ബോറയെ കൂട്ടുപ്രതികള്‍ക്കൊപ്പം 2012 ഏപ്രില്‍ 24ന് കൊലപ്പെടുത്തി മൃതദേഹം മുംബൈയ്ക്കു സമീപം റായ്ഗാദിലുള്ള കാട്ടില്‍ മറവ് ചെയ്തു എന്നാണ് കേസ്. ആദ്യം മുംബൈ പോലീസ് അന്വേഷിച്ചിരുന്ന കേസ് ഈയിടെ സി.ബി.ഐ ഏറ്റെടുക്കുകയും പ്രതികള്‍ക്കെതിരെ ഈയാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more