മുംബൈ: പ്രമാദമായ ഷീനബോറ വധക്കേസില്‍ മറ്റൊരു ഞെട്ടലുളവാക്കുന്ന വെളിപ്പെടുത്തല്‍ കൂടി. കേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജി ഷീനബോറയെന്ന തന്റെ മകളെ വധിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ തിരക്കഥ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുമായി സംസാരിച്ചിരുന്നതായി സി.ബി.ഐ പറഞ്ഞു.
ഷീന ബോറയെ വധിക്കാന്‍ ഇന്ദ്രാണി മുഖര്‍ജി തയ്യാറാക്കിയ പദ്ധതി പീറ്റര്‍ മുഖര്‍ജി അറിഞ്ഞിരുന്നതായി കോടതിയെയാണ് സി.ബി.ഐ അറിയിച്ചത്. മുന്‍ മാധ്യമ പ്രവര്‍ത്തകനും ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവുമായ പീറ്റര്‍ മുഖര്‍ജിയുടെ ജാമ്യഹര്‍ജിക്കു മറുപടി നല്‍കുകയായിരുന്നു സി.ബി.ഐ. ഇയാള്‍ ബ്രിട്ടിഷ് പൗരനാണെന്നും ജാമ്യം നല്‍കിയാല്‍ ഇന്ത്യ വിട്ട് കടന്നുകളയുമെന്നും സി.ബി.ഐ. കോടതിയില്‍ പറഞ്ഞു. ജനുവരി 30നാണ് കേസിന്റെ വാദം കേള്‍ക്കുക.
ജനുവരി 11നു മുംബൈ കോടതി പീറ്ററിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജനുവരി 25വരെയാക്കി നീട്ടുകയായിരുന്നു. നേരത്തെയുള്ള ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധിക്കുശേഷം മജിസ്‌ട്രേറ്റ് ആര്‍.വി.അഡോണ്‍ പീറ്ററിനെ വീണ്ടും ഹാജരാക്കുകയായിരുന്നു. ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നവംബര്‍ 19ന് പീറ്ററിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.